കോവിഡ്:ചെറുതോണിയില്‍ കൂടുതല്‍ ജാഗ്രത ആത്മവിശ്വാസത്തോടെ നേരിടാം, വ്യാജ പ്രചാരണങ്ങളില്‍ വിശ്വസിക്കരുത്

തമിഴ്നാടിനോടു ചേര്‍ന്ന ജില്ലയുടെ അതിര്‍ത്തി മേഖലകളില്‍ പരിശോധന കര്‍ശനമാക്കാന്‍ മന്ത്രി നിര്‍ദേശം നല്‍കി. കമ്പംമെട്ട്, ബോഡിമെട്ട് ചെക്ക് പോസ്റ്റുകളില്‍ മന്ത്രി കഴിഞ്ഞദിവസം പരിശോധന നടത്തിയിരുന്നു.

0

ഇടുക്കി :സ്വദേശിയായ പൊതുപ്രവര്‍ത്തകനു കോവിഡ് സ്ഥിരീകരിച്ച സാഹചര്യത്തില്‍ അദ്ദേഹം ഏറ്റവും കൂടുതല്‍ ബന്ധപ്പെട്ടിട്ടുള്ള ചെറുതോണി ടൗണുമായി ബന്ധപ്പെട്ട മേഖലകളില്‍ ജാഗ്രതയും നിരീക്ഷണവും ശക്തമാക്കാന്‍ മന്ത്രി എം എം മണി നിര്‍ദേശിച്ചു.

ജില്ലയില്‍ രണ്ടു കോവിഡ് കേസുകള്‍ പുതുതായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടുവെങ്കിലും സ്ഥിതിഗതികള്‍ പൂര്‍ണമായും നിയന്ത്രണത്തിലാണെന്നു ജില്ലയുടെ ചുമതലയുള്ള വൈദ്യുതി മന്ത്രി എം എം മണി പറഞ്ഞു. ജനങ്ങള്‍ ഒരുതരത്തിലുമുള്ള വ്യാജപ്രചാരണങ്ങളില്‍ വിശ്വസിക്കരുത്. സര്‍ക്കാര്‍ നല്‍കുന്ന മുന്നറിയിപ്പുകളും നിര്‍ദേശങ്ങളും അക്ഷരംപ്രതി പാലിച്ചുകൊണ്ട് ലോക്ഡൗണ്‍ കാലാവധി തീരുന്നതുവരെ വീടുകള്‍ക്കുള്ളില്‍ സുരക്ഷിതരായി കഴിയണം. എങ്കില്‍ മാത്രമേ നമുക്ക് ആത്മവിശ്വാസത്തോടെ ഈ മഹാമാരിയെ തുരത്താനാകൂ. ഇന്നലെ ജില്ലാ കളക്ടര്‍ എച്ച് ദിനേശന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന വിവിധ വകുപ്പു പ്രതിനിധികളുടെ യോഗത്തില്‍ വീഡിയോ കോണ്‍ഫറന്‍സിലൂടെ മന്ത്രി സ്ഥിതിഗതികള്‍ അവലോകനം ചെയ്തു.
തമിഴ്നാടിനോടു ചേര്‍ന്ന ജില്ലയുടെ അതിര്‍ത്തി മേഖലകളില്‍ പരിശോധന കര്‍ശനമാക്കാന്‍ മന്ത്രി നിര്‍ദേശം നല്‍കി. കമ്പംമെട്ട്, ബോഡിമെട്ട് ചെക്ക് പോസ്റ്റുകളില്‍ മന്ത്രി കഴിഞ്ഞദിവസം പരിശോധന നടത്തിയിരുന്നു. ഇവിടങ്ങളില്‍ കേരളത്തിലേക്കുള്ള അവശ്യവസ്തുക്കളുടെ നീക്കവും തമിഴ്നാട്ടിലേക്കുള്ള നീക്കവും ഒരുകാരണവശാലും തടസപ്പെടാന്‍ പാടില്ല. ജനങ്ങള്‍ക്ക് അവശ്യവസ്തുക്കള്‍ ലഭിക്കുന്നതിന് ഇത് അത്യാന്താപേക്ഷിതമാണ്. എന്നാല്‍ അങ്ങോട്ടും ഇങ്ങോട്ടമുള്ള ജനങ്ങളുടെ അനാവശ്യ സഞ്ചാരം അനുവദിക്കില്ല. പരമ്പരാഗത കാനനപാതയിലൂടെയുള്ള യാത്ര തടയും. ഇത് അപകടം ക്ഷണിച്ചുവരുത്തുമെന്നതിന്റെ ഉദാഹരണമാണ് തേനിയിലുണ്ടായ കാട്ടുതീ ദുരന്തമെന്ന് മന്ത്രി പറഞ്ഞു. ഇക്കാര്യത്തില്‍ ഒന്നിച്ചു പ്രവര്‍ത്തിക്കാന്‍ വനംവകുപ്പിനും പോലീസിനും മന്ത്രി നിര്‍ദേശം നല്‍കി.

പൊതുപ്രവർത്തകന്റെ റൂട്ട് മാപ്പ്

അതേസമയം ആരോഗ്യവകുപ്പ് അധികൃതര്‍ പറഞ്ഞാണ് തനിക്ക് കോവിഡ് രോഗമുണ്ടെന്ന് അറിയുന്നത്. എന്റെ രോഗത്തേക്കാള്‍ ഉപരി പൊതുപ്രവര്‍ത്തകനെന്ന നിലയില്‍ ഒട്ടേറെ ആളുകളുമായി ഇടപഴകുകയും യാത്രകള്‍ ചെയ്യേണ്ടതായും വന്നിട്ടുണ്ട്.ഇക്കാര്യത്തില്‍ എനിക്കു വലിയ വേദനയും ദുഖവുമുണ്ട്. ഫെബ്രുവരി 29 മുതലുള്ള കാലയളവില്‍ ഞാനുമായി അടുത്ത് ഇടപഴകിയിട്ടുള്ളവരോ സംസാരിക്കുകയോ ചെയ്തിട്ടുള്ള എന്റെ പരിചയക്കാരും സുഹൃത്തുക്കളും അഭ്യുദയകാംക്ഷികളുമായിട്ടുള്ള ആളുകള്‍ അവരവരുടെ തൊട്ടടുത്തുള്ള ആരോഗ്യപ്രവര്‍ത്തകരെ സമയബന്ധിതമായി ബന്ധപ്പെടാനും ആവശ്യമായ മുന്‍കരുതലെടുക്കാനും തയാറാകണമെന്ന് വിനയപൂര്‍വം അഭ്യര്‍ഥിക്കുന്നു.
ഞാന്‍ യാത്ര ചെയ്ത മേഖലകളുമായും തിരുവനന്തപുരവുമായും എനിക്ക് ബന്ധപ്പെടേണ്ടി വന്നിട്ടുണ്ട്. ഇതിനിടയില്‍ എനിക്ക് ഓര്‍മയിലില്ലാത്ത പല ആളുകളുമുണ്ട്. പലരും പല കാര്യങ്ങള്‍ക്കും എന്നെ ബന്ധപ്പെട്ടിട്ടുണ്ട്. പലപ്പോഴും ദിവസം 150-200 കിലോമീറ്റര്‍ യാത്ര ചെയ്യേണ്ടി വന്നിട്ടുണ്ട്. പൊതുപ്രവര്‍ത്തകനെന്ന നിലയില്‍ എന്നെ സ്‌നേഹിക്കുകയും സമ്പര്‍ക്കം പുലര്‍ത്തുകയും ചെയ്ത ഒരുപിടി സാധാരണക്കാരായ ആളുകള്‍ ഇതിലുള്‍പ്പെടുന്നു. പരിശോധനയില്‍ രോഗം സ്ഥിരീകരിച്ച സാഹചര്യത്തില്‍ എല്ലാവരും മുന്‍കരുതല്‍ സ്വീകരിക്കണമെന്ന് ഒരിക്കല്‍കൂടി അഭ്യര്‍ഥിക്കുന്നു

You might also like

-