കോവിഡ് 19 സംസ്ഥാന അതിർത്തികളിൽ പരിശോധന
വിനോദസഞ്ചാരികൾക്കായി വിവിധ ലോകഭാഷകളിൽ പുറത്തിറക്കിയ ലഘുലേഖകളുടെ സംസ്ഥാനതല പ്രകാശനവും മന്ത്രി നിർവഹിച്ചു.
മുത്തങ്ങ :കോവിഡ് 19 പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി സംസ്ഥാന അതിർത്തികളിൽ നടക്കുന്ന പരിശോധന ഊർജ്ജിതമാക്കുമെന്ന് ഗതാഗത വകുപ്പ് മന്ത്രി എ കെ ശശീന്ദ്രൻ. വയനാട് മുത്തങ്ങയിൽ നടക്കുന്ന പരിശോധനകൾ നേരിട്ട് വിലയിരുത്താനെത്തിയതായിരുന്നു മന്ത്രി. വിനോദസഞ്ചാരികൾക്കായി വിവിധ ലോകഭാഷകളിൽ പുറത്തിറക്കിയ ലഘുലേഖകളുടെ സംസ്ഥാനതല പ്രകാശനവും മന്ത്രി നിർവഹിച്ചു.
കർണാടക അതിർത്തിയായ മുത്തങ്ങ, തോൽപ്പെട്ടി, ബാവലി എന്നിവിടങ്ങളിലടക്കം വയനാട്ടിൽ 12 ഇടങ്ങളിലായി നടക്കുന്ന പരിശോധന വിലയിരുത്താനാണ് ഗതാഗത മന്ത്രി നേരിട്ടെത്തിയത്. മുത്തങ്ങ ചെക്ക് പോസ്റ്റിൽ നോൺ കോൺടാക്റ്റ് ഇൻഫ്രാറെഡ് തെർമ്മോമീറ്റർ ഉപയോഗിച്ച് നടക്കുന്ന പരിശോധനയിൽ ആരോഗ്യപ്രവർത്തകർക്കൊപ്പം മന്ത്രിയും ചേർന്നു. ശനിയാഴ്ച തുടങ്ങിയ അതിർത്തികളിലെ പരിശോധന കാര്യക്ഷമമായി നടക്കുന്നതായും പൊതുജനങ്ങൾ നന്നായി സഹകരിക്കുന്നതായും മന്ത്രി വിലയിരുത്തി.
ഇതോടൊപ്പം വിദേശ വിനോദസഞ്ചാരികൾ കാര്യമായെത്തുന്ന വയനാട്ടിലെ ഹോംസ്റ്റേകളിലും റിസോർട്ടുകളിലും വിതരണം ചെയ്യാനായി തയ്യാറാക്കിയ വിവിധ ഭാഷകളിൽ ഉള്ള ലഘുലേഖയും മന്ത്രി പ്രകാശനം ചെയ്തു. ഇംഗ്ലീഷിനു പുറമേ ഫ്രഞ്ച്, ജർമൻ, സ്പാനിഷ് ഭാഷകളിലുള്ള ലഘുലേഖകളാണ് സംസ്ഥാനതലത്തിൽ വിതരണത്തിനായി തയ്യാറാക്കിയത്. ജില്ലാ ഭരണകൂടത്തിന്റെ നിർദ്ദേശപ്രകാരം അടിയന്തരമായി കുടുംബശ്രീ നിർമ്മിച്ച മാസ്കുകളുടെ വിതരണോദ്ഘാടനവും മന്ത്രി നിർവഹിച്ചു. അതിർത്തിയിലെ പരിശോധനയും, വിനോദസഞ്ചാരികൾക്ക് മേലുള്ള നിരീക്ഷണവും വരും ദിവസങ്ങളിലും തുടരും.