BREAKING NEWS സംസ്ഥാനത്ത് 9 പേർക്ക് കൂടി ഇന്ന് കോവിഡ് സ്ഥിരീകരിച്ചു
ഇന്ന് കേരളത്തില്‍ കൊവിഡ് ബാധിച്ചത് 9 പേര്‍ക്കെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.
തിരുവനന്തപുരം: ഇന്ന് കേരളത്തില്‍ കൊവിഡ് ബാധിച്ചത് 9 പേര്‍ക്കെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. രോഗം സ്ഥിരീകരിച്ചവരില്‍ 4 പേര്‍ കാസര്‍കോട്, 3 പേര്‍ കണ്ണൂര്‍, കൊല്ലം, മലപ്പുറം എന്നിവിടങ്ങളില്‍ ഓരോരുത്തര്‍. കഴിഞ്ഞ രണ്ട് ദിവസമായി കേരളത്തിന് ആശ്വാസത്തിന്‍റെ ദിവസങ്ങളാണ്. രോഗബാധിതരുടെ എണ്ണത്തില്‍ വലിയ കുതിപ്പില്ല.
നാലു പേര്‍ വിദേശത്തു നിന്ന് വന്നവരും രണ്ടു പേര്‍ നിസാമുദ്ദീനില്‍ നിന്നു വന്നവരുമാണ്. സമ്പര്‍ക്കം മൂലം മൂന്നു പേര്‍ക്കാണ് രോഗം ബാധിച്ചത്. ഇന്ന് 12 പേര്‍ക്ക് രോഗം ഭേദമായതായും മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. 260 പേരാണ് ചികിത്സയിലുള്ളത്. 146,686 പേരാണ് നിരീക്ഷണത്തിലുള്ളത്. ഇന്ന് മാത്രം 133 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ലോക്ക് ഡൌണ്‍ സംബന്ധിച്ച വിദ്ഗധ സമിതിയുടെ റിപ്പോര്‍ട്ട് കേന്ദ്രത്തിന് കൈമാറിയെന്നും മുഖ്യമന്ത്രി പറഞ്ഞു.
ലോകത്തിന്റെ നാനാഭാഗങ്ങളിലും മലയാളി നഴ്സുമാര്‍ അനുഭവിക്കുന്ന പ്രയാസങ്ങള്‍ ആശങ്കയുണ്ടാക്കുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു. കോട്ടയത്ത് കോവിഡ് ബാധിച്ച സ്റ്റാഫ് നഴ്സ് രോഗം ഭേദമായാൽ തിരിച്ച് ജോലിക്കെത്താമെന്ന് അറിയിച്ചിട്ടുണ്ട്. അത് അഭിമാനകരമാണ്. നഴ്സ്മാര്‍ നമുക്ക് തരുന്ന കരുതലിന്റെ ഉദാഹരണമാണിത്. ആ കരുതല്‍ തിരിച്ചു നല്‍കണം. ഡല്‍ഹിയിലും മുംബൈയിലും കോവിഡ് ബാധിച്ച നഴ്സ്മാരെ കുറിച്ച് ഉത്കണ്ഠയുണ്ട്. അവരുടെ സുരക്ഷ ഉറപ്പാക്കാന്‍ മുഖ്യമന്ത്രിമാരോടും പ്രധാനമന്ത്രിയോടും ആവശ്യപ്പെട്ടിട്ടുണ്ട്.
ഭക്ഷ്യ സാധനങ്ങള്‍ ആവശ്യത്തിന് സ്റ്റോക്ക് ഉണ്ട്. കൂടുതല്‍ കരുതും. ചരക്ക് നീക്കത്തില്‍ ചെറിയ കുറവുണ്ടായി. ഭാരത പുഴയിൽ നിന്ന് മണല്‍ കടത്ത് ഉണ്ടാകുന്നുവെന്ന വാര്‍ത്ത ശ്രദ്ധയില്‍പ്പെട്ടു. ഇതില്‍ നടപടിയെടുക്കും. ഇടപെടാന്‍ പൊലീസിന് നിര്‍ദേശം നല്‍കി കഴിഞ്ഞു. കരിഞ്ചന്തയും പൂഴ്ത്തിവെപ്പും തടയാന്‍ പരിശോധന വ്യാപകമാക്കും. മത്സ്യ പരിശോധനയിൽ ഗുരുതര വീഴ്ച കണ്ടെത്തിയിട്ടുണ്ട്. വളത്തിന് വെച്ച മത്സ്യം പോലും വില്‍പ്പനക്ക് കൊണ്ടുവന്നു. റേഷന്‍ വിതരണത്തിൽ നല്ല മുന്നേറ്റം ഉണ്ട്. റേഷന്‍ ഷോപ്പിൽ ലഭിച്ച അരിയില്‍ കുറവുണ്ടായെന്ന പരാതി ഉണ്ട്. അത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കണമെന്ന് നിര്‍ദേശിച്ചു. സ്റ്റോക് കുറവിന് പരിഹാരം കാണും. മൃഗശാലകള്‍ അണുവിമുക്തമാക്കും. വളര്‍ത്ത് മൃഗങ്ങളുടെ കൂടുകള്‍ അണുവിമുക്തമാക്കണം. ഇത് വീട്ടുകാര്‍ ശ്രദ്ധിക്കണം.
കമ്മ്യൂണിറ്റി കിച്ചണ്‍ ഫലപ്രദമായി പ്രവര്‍ത്തിക്കുന്നു. ചിലയിടത്ത് പ്രശ്നങ്ങളുണ്ട്. മറ്റു ചില ഇടങ്ങളില്‍ അത് മത്സര സ്വഭാവത്തിലേക്ക് മാറുന്നതായും ശ്രദ്ധയില്‍പ്പെട്ടു. പത്തനംതിട്ടയിൽ 9 സമാന്തര കിച്ചണുകള്‍ നടത്തുന്നതായി പരാതി ലഭിച്ചു. മത്സരമായി കാണേണ്ട കാര്യമില്ല. ആവശ്യത്തിനനുസരിച്ചാണ് ചെയ്യേണ്ടത്. തദ്ദേശ സ്വയംഭരണത്തിനുള്ള ചുമതല തദ്ദേശ സ്ഥാപനങ്ങള്‍ക്കായിരിക്കും. മരുന്ന് ക്ഷാമം റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. മാധ്യമ പ്രവര്‍ത്തകരോട് പറയാനുള്ളത്, വാര്‍ത്തകൊടുക്കുന്നതോടൊപ്പം പ്രധാന പ്രശ്നങ്ങള്‍ അധികൃതരെ അറിയിക്കുക കൂടി വേണം. അട്ടപ്പാടിയിലെ പ്രശ്നം ഗൌരവമായി കാണുന്നു. അയല്‍ സംസ്ഥാനത്ത് നിന്നും മദ്യം കടത്തുന്നതായി റിപ്പോര്‍ട്ടുണ്ട്. ഇതില്‍ ശക്തമായി ഇടപെടാന്‍ നിര്‍ദേശം നല്‍കി. മൊബൈല്‍ ഷോപ്പുകള്‍ ഞായറാഴ്ച തുറക്കും. വര്‍ക്ക് ഷോപ്പുകള്‍ ഞായര്‍, വ്യാഴം ദിവസങ്ങള്‍ തുറക്കും. സ്പെയര്‍ പാര്‍ട്സ് കടകളും ഈ ദിവസങ്ങളില്‍ തുറക്കും. ആവശ്യമായ റിപ്പയര്‍ നടത്തുന്നതിന് രജിസ്റ്റേഡ് ഇലക്ട്രീഷ്യന്‍മാര്‍ക്ക് വീടുകളില്‍ പോകാം.
കോവിഡ് ധനസഹായത്തിനായി പാര്‍ലമെന്റ് അംഗങ്ങളുടെ ശന്പളം വെട്ടിക്കുറക്കാനെടുത്ത തീരുമാനത്തെ അഭിനന്ദിക്കുന്നു. എന്നാല്‍ എം.പിമാരുടെ ഫണ്ട് രണ്ടു വര്‍ഷത്തേക്ക് നിര്‍ത്തലാക്കിയത് പ്രാദേശിക വികസനത്തെ ബാധിക്കും. കോവിഡ് പശ്ചാത്തലത്തിൽ സംസ്ഥാനത്തിന് നല്‍കിയ കേന്ദ്ര ഫണ്ടില്‍ കുറവുണ്ട്. കേരളത്തിന് അപര്യാപ്തമാണ് ഈ ഫണ്ട്. കേരളത്തിൽ പ്രളയ രക്ഷാ പ്രവര്‍ത്തനത്തിനും ദുരിതാശ്വാസ പ്രവര്‍ത്തനത്തിനും തദ്ദേശ സ്ഥാപനങ്ങള്‍ മുഖ്യ പങ്ക് വഹിച്ചു. കോവിഡ് പ്രതിരോധത്തിലും അവര്‍ നല്ല പങ്ക് വഹിക്കുന്നു. മലബാറിലെ ക്ഷേത്ര ജീവനക്കാര്‍ക്കായി 5 കോടി രൂപ ചെലവഴിക്കും. മാനേജ്മെന്റ് ഫണ്ടിൽ നിന്നും 10,000 രൂപ സഹായമായി നല്‍കും. 20 രൂപക്ക് ഊണ് നല്‍കുന്ന 1000 കുടുംബശ്രീ ഹോട്ടലില്‍ 238 എണ്ണം ആരംഭിച്ചു കഴിഞ്ഞു. ഹോം ഡെലിവറിയും നല്‍കുന്നുണ്ട്. അംഗന്‍വാടി ജീവനക്കാരും മറ്റുമായി വയോധികരുടെ ക്ഷേമം അന്വേഷിച്ചിട്ടുണ്ട്. നാനാ മേഖലകളിലും പ്രയാസം തുടരുന്നു. കേരളത്തിലെ നിരവധി ആളുകള്‍ കപ്പല്‍ ജീവനക്കാരുണ്ട്. അവര്‍ കപ്പലില്‍ തന്നെ തുടരേണ്ടി വരുന്നു. നാട്ടിൽ അവരുടെ കുടുംബത്തിന്റെ ക്ഷേമം ഉറപ്പ് വരുത്തും. അലക്കുകാര്‍, പത്ര ഏജന്റ്മാര്‍, പൂ കച്ചവടക്കാര്‍, കയര്‍ തൊഴിലാളികള്‍, പാരല്‍ കോളജ് അധ്യാപകര്‍ എന്നിവർ സഹായം അഭ്യര്‍ഥിച്ചിട്ടുണ്ട്. അവരെ പരിഗണിക്കും.
സംസ്ഥാനത്ത് പാചക വാതക വിതരണം മുടങ്ങിയിട്ടില്ല. എം.എല്‍.എമാരായ വി.എസ് അച്യുതാനന്ദന്‍, പി.ജെ ജോസഫ്, രാജു എബ്രഹാം, പി.ടി തോമസ്, മോന്‍സ് ജോസഫ് എന്നിവര്‍ ആസ്തി വികസന ഫണ്ടില്‍ നിന്ന് സ്വന്തം നിയോജക മണ്ഡലങ്ങളിലെ ആശുപത്രികളില്‍ തുക ചെലവഴിക്കാന്‍ സന്നദ്ധത പ്രകടിപ്പിച്ചിട്ടുണ്ട്. ഇത് അഭിനന്ദനാര്‍ഹമാണ്. കിംസ് പ്രത്യേക സഹായം വാഗ്ദാനം നല്‍കി. ദുരിതാശ്വാസത്തിലേക്ക് ഫണ്ട് ലഭിക്കുന്നുണ്ട്. കോവിഡ് അക്കൗണ്ട് ആരംഭിക്കും. നിസാമുദ്ദീന്‍ സമ്മേളനത്തില്‍ പങ്കെടുത്ത ഏതെങ്കിലും ആളുകള്‍ ശ്രദ്ധയില്‍പ്പെടാതെ പോയെങ്കിൽ അവര്‍ ബന്ധപ്പെടണം. ആശങ്ക വേണ്ട, സഹായമാണ് സര്‍ക്കാര്‍ വാഗ്ദാനം ചെയ്യുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.