ഇറ്റലിയെ കോവിടെ വിഴുങ്ങി ഒരൊറ്റദിവസം 627 മരണം, മൃതദേഹങ്ങള്‍ നീക്കാന്‍ സൈന്യം രംഗത്ത്‌

കോവിഡ് 19 ബാധിച്ച് മരണമടഞ്ഞവരുടെ എണ്ണം ഇറ്റലിയില്‍ നാലായിരം കവിഞ്ഞു. നിലവില്‍ രോഗം ബാധിച്ച് ചികിത്സയിലുള്ളത് 37000ത്തിലേറെ പേരാണ്.

0

ന്യൂസ് ഡെസ്ക് :കോവിഡ് 19 വ്യാപിച്ച് തുടങ്ങിയതിന് ശേഷം ഒരു രാജ്യത്തെ ഒരുദിവസത്തെ ഏറ്റവും ഉയര്‍ന്ന മരണസംഖ്യ ഇറ്റലിയില്‍ രേഖപ്പെടുത്തി. 24 മണിക്കൂറിനിടെ 627 പേര്‍ കോവിഡ് 19 ബാധിച്ച് മരിച്ചതോടെ ഇറ്റലി സൈന്യത്തെ വിളിച്ചിരിക്കുകയാണ്. അതേസമയം അത്യന്തം ഗുരുതരമായി കൊറോണ വൈറസ് പടര്‍ന്നുപിടിച്ച വടക്കന്‍ മേഖലയില്‍ പലയിടത്തും മരിച്ചവരുടെ എണ്ണം എടുക്കാന്‍ പോലും മുതിരുന്നില്ലെന്ന് സി.എന്‍.എന്‍ റിപ്പോര്‍ട്ടു ചെയ്തു.

കഴിഞ്ഞ മാസത്തില്‍ ആദ്യമായി കൊറോണ വൈറസ് റിപ്പോര്‍ട്ടു ചെയ്ത വടക്കന്‍ ഇറ്റലിയിലെ ലൊംബാര്‍ഡി മേഖലയിലാണ് രോഗം കനത്തനാശം വിതച്ചത്. ആയിരക്കണക്കിന് രോഗികള്‍ എത്തിയതോടെ ആശുപത്രികള്‍ ഗുരുതരാവസ്ഥയിലുള്ളവരെ ചികിത്സിക്കാന്‍ പാടുപെടുകയാണ്. ഇറ്റലിയെ സഹായിക്കാന്‍ ചൈനയില്‍ നിന്നെത്തിയ ആരോഗ്യവിദഗ്ധര്‍ രോഗം നിയന്ത്രിക്കാന്‍ നിലവിലെ നിയന്ത്രണങ്ങള്‍ പോരെന്ന് റിപ്പോര്‍ട്ടു ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് ഇറ്റാലിയന്‍ സര്‍ക്കാര്‍ സൈന്യത്തെ ഇറക്കിയിരിക്കുന്നത്.തെരുവുകളിലെ സുരക്ഷ ഉറപ്പുവരുത്തുകയാണ് നിലവില്‍ സൈന്യത്തിന്റെ ചുമതല. വീടുകൡലെ മൃതദേഹങ്ങള്‍ നീക്കാനും സര്‍ക്കാര്‍ സൈന്യത്തിന്റെ സഹായം തേടിയിട്ടുണ്ട്. ലൊംബാര്‍ഡി നഗരത്തിലെ തെരുവുകളില്‍ സൈനിക ട്രക്കുകളിലേക്ക് കോവിഡ് ബാധിച്ച് മരിച്ചവരുടെ മൃതദേഹങ്ങള്‍ കൊണ്ടുപോകുന്നതിന്റെ ദൃശ്യങ്ങളും വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്‌സ് പുറത്തുവിട്ടിരുന്നു.

കോവിഡ് 19 ബാധിച്ച് മരണമടഞ്ഞവരുടെ എണ്ണം ഇറ്റലിയില്‍ നാലായിരം കവിഞ്ഞു. നിലവില്‍ രോഗം ബാധിച്ച് ചികിത്സയിലുള്ളത് 37000ത്തിലേറെ പേരാണ്. വടക്കന്‍ ഇറ്റലിയിലെ അവസ്ഥ വളരെ മോശമാണെന്നും മരിച്ചവരുടെ എണ്ണം പോലും എടുക്കാനാവുന്നില്ലെന്നുമാണ് മിലാനിലെ നേഴ്‌സായ ഡാനിയേല കോണ്‍ഫാലോനിയേരിയെ ഉദ്ധരിച്ച് റോയിട്ടേഴ്‌സ് റിപ്പോര്‍ട്ടു ചെയ്തത്.

ഇറ്റാലിയന്‍ നഗരത്തിലൂടെ സൈനിക ട്രക്കുകള്‍ നീങ്ങുന്നു
ഇറ്റാലിയന്‍ നഗരത്തിലൂടെ സൈനിക ട്രക്കുകള്‍ നീങ്ങുന്നു
വടക്കന്‍ ഇറ്റലിയില്‍ ഗുരുതരാവസ്ഥയിലായ കോവിഡ് 19 രോഗികളെ രാജ്യത്തിന്റെ മറ്റു ഭാഗങ്ങളിലേക്ക് മാറ്റുകയാണെന്ന് ഡോ. സ്‌റ്റെഫാനോ മഗ്നോന്‍ പറഞ്ഞു. ആശുപത്രികള്‍ രോഗികളെക്കൊണ്ട് നിറഞ്ഞതിനെ തുടര്‍ന്നാണ് ഈ നടപടി. വടക്കന്‍ മേഖലയോട് ചേര്‍ന്നുള്ള ബ്രസിക്ക നഗരത്തിലെ ആശുപത്രികളും ഗുരുതരാവസ്ഥയിലുള്ള രോഗികളെക്കൊണ്ട് നിറഞ്ഞു. ഇറ്റലിയില്‍ കോവിഡ് 19 ബാധ രണ്ടാമതായി ഏറ്റവും മോശമായ പട്ടണമാണ് ബ്രസിക്ക.

ഇറ്റലിയിലെ പ്രായമായവരിലാണ് കോവിഡ് 19 ഏറ്റവും ഗുരുതരമായത്. ഇറ്റാലിയന്‍ ഹെല്‍ത്ത് ഇന്‍സ്റ്റിറ്റ്യൂട്ട് വ്യാഴാഴ്ച്ച പുറത്തുവിട്ട കണക്കുകള്‍ പ്രകാരം 86 ശതമാനം മരണങ്ങളും എഴുപത് വയസിലേറെ പ്രായമുള്ളവരാണ്. മരണസംഖ്യയില്‍ പത്ത് ശതമാനത്തോളം പേര്‍ 60-69 വയസ് പ്രായമുള്ളവരുമാണ്.

‘കോവിഡ് 19 ബാധിച്ചവരെ സന്ദര്‍ശിക്കാന്‍ ബന്ധുക്കളോ സുഹൃത്തുക്കളോ തയ്യാറാകുന്നില്ല. പ്രായമായവരെ മരണത്തിന് വിട്ടുകൊടുക്കുകയാണ് ചെയ്യുന്നത്. ഇറ്റലിയിലെ ഇപ്പോഴത്തെ ഏറ്റവും പ്രധാന പ്രശ്‌നമാണിത്’ വടക്കന്‍ ഇറ്റലിയിലെ ലൊംബാര്‍ഡിയിലെ ഡോക്ടറായ റൊമാനോ പൗലുസി റോയിട്ടേഴ്‌സിനോട് പറഞ്ഞു.

ഇറ്റലിയില്‍ സ്‌കൂളുകളും മറ്റു സ്ഥാപനങ്ങളും അടച്ചിട്ടുകൊണ്ടുള്ള സമ്പൂര്‍ണ്ണ വീട്ടുതടങ്കല്‍ ഏപ്രില്‍ മൂന്ന് വരെയാണ് പ്രഖ്യാപിച്ചിട്ടുള്ളത്. നിലവിലെ സാഹചര്യത്തില്‍ ഇത് നീട്ടാനാണ് സാധ്യതയെന്ന് സി.എന്‍.എന്‍ റിപ്പോര്‍ട്ടു ചെയ്യുന്നു. അതേസമയം ഇതുസംബന്ധിച്ച്് ഇറ്റാലിയന്‍ സര്‍ക്കാരിന്റെ ഭാഗത്തു നിന്നും ഔദ്യോഗിക പ്രതികരണങ്ങളൊന്നും വന്നിട്ടില്ല.

You might also like

-