കൊറോണ വൈറസ് പ്രതിരോധത്തിന് ലോകാരോഗ്യ സംഘടനക്ക് 10 ലക്ഷം ഡോളർ സഹായം രോഗംപടരുന്നത് തടയാൻ കർശന നിയന്ത്രണ ഏർപ്പെടുത്തി സൗദി
നൂറ് കോടി ഡോളര്‍ സഹായം ഉടന്‍ അനുവദിക്കാന്‍ സല്‍മാന്‍ രാജാവിന്‍റെ ഉത്തരവില്‍ പറയുന്നു. രോഗ പ്രതിരോധ രംഗത്ത് അടിസ്ഥാന സൗകര്യങ്ങളൊരുക്കാനാണ് സഹായം
ദുബായ് :ലോകത്തിന്‍റ വിവിധ ഭാഗങ്ങളിലേക്ക് കൊറോണ വൈറസ് പടരുകയാണ്. ഈ സാഹചര്യത്തില്‍ ലോക രാജ്യങ്ങളോട് സഹായം അഭ്യര്‍ഥിച്ചിരുന്നു ലോകാരോഗ്യ സംഘടന. ഇത് മാനിച്ചാണ് സൗദിയുടെ ആദ്യ ഘട്ട സഹായം. നൂറ് കോടി ഡോളര്‍ സഹായം ഉടന്‍ അനുവദിക്കാന്‍ സല്‍മാന്‍ രാജാവിന്‍റെ ഉത്തരവില്‍ പറയുന്നു. രോഗ പ്രതിരോധ രംഗത്ത് അടിസ്ഥാന സൗകര്യങ്ങളൊരുക്കാനാണ് സഹായം. ലോകാരോഗ്യ സംഘടനയുമായി കൊറോണ വ്യാപനം തടയാന്‍ പ്രവര്‍ത്തിക്കുമെന്നും ഇരു കൂട്ടരും പുറത്തിറക്കിയ സംയുക്ത പ്രസ്താവനയില്‍ പറഞ്ഞു. സല്‍മാന്‍ രാജാവിന്റേയും കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്റേയും മനുഷ്യത്വ പിന്തുണയെ അഭിനന്ദിക്കുന്നതായി ലോകാരോഗ്യ സംഘടനാ ഡയറക്ടര്‍ ജനറല്‍ ഡോ. ടെഡ്രോസ് അദാനോം പറഞ്ഞു.
സൗദിയില്‍ കോവിഡ് 19 രോഗ ബാധിതരുടെ എണ്ണം ഇരുപതായി. ഇന്ന് അഞ്ച് പേര്‍ക്ക് കൂടി ആരോഗ്യ മന്ത്രാലയം അസുഖം സ്ഥിരീകരിച്ചു. നാലു കേസുകള്‍ സൌദിയിലെ കിഴക്കന്‍ പ്രവിശ്യയിലാണ്. മൂന്നു പേര്‍ ഇറാന്‍, ഇറാഖ് എന്നിവിടങ്ങളില്‍ നിന്നും മടങ്ങിയെത്തി നിരീക്ഷണത്തിലായിരുന്നു. അസുഖം ബാധിച്ചവരില്‍ ഒരാള്‍ മക്കയില്‍ ചികിത്സയിലാണ്. ഈജിപ്ഷ്യന്‍ പൌരനാണ് മക്കയില്‍ ചികിത്സയിലുള്ളത്
സൗദി അറേബ്യയിലെ വിമാനത്താവളങ്ങളിലെത്തുന്ന യാത്രക്കാര്‍ തങ്ങളുടെ ആരോഗ്യ യാത്രാ വിവരങ്ങള്‍ തെറ്റായി നല്‍കിയാല്‍ കടുത്ത പിഴ ചുമത്തും. യാത്രക്കാര്‍ നല്‍കുന്ന വിവരങ്ങള്‍ തെറ്റാണെന്ന് തെളിഞ്ഞാല്‍ അഞ്ച് ലക്ഷം റിയാല്‍ വരെ പിഴ ചുമത്തുമെന്ന് പബ്ലിക് പ്രൊസിക്യൂഷന്‍ വ്യക്തമാക്കി. കൊറോണ വ്യാപനം തടയുന്നതിന്റെ ഭാഗമായാണ് നടപടി.
അന്താരാഷ്ട്ര വിമാന സര്‍വീസുകളില്‍ രാജ്യത്തേക്കെത്തുന്ന യാത്രക്കാരുടെ വിവരങ്ങളാണ് ആരോഗ്യ മന്ത്രാലയവും സിവില്‍ ഏവിയേഷന്‍ അതോറിറ്റിയും ചേര്‍ന്ന് ശേഖരിക്കുന്നത്. ഈ ഘട്ടത്തില്‍ യാത്രക്കാര്‍ തെറ്റായ വിവരങ്ങള്‍ നല്‍കുകയോ അല്ലെങ്കില്‍ വിവരം കൈമാറാതെ കടന്നു കളയുകയോ ചെയ്യുന്നത് കുറ്റകരമായി പരിഗണിച്ചാണ് നടപടി സ്വീകരിക്കുക
സൗദിയില്‍ പള്ളികളിലെ പ്രാര്‍ത്ഥനകള്‍ക്ക് മതകാര്യവകുപ്പ് നിയന്ത്രണങ്ങളേര്‍പ്പെടുത്തി. ബാങ്ക് വിളിച്ച് പത്ത് മിനിറ്റിനകം നമസ്കാരം ആരംഭിക്കണം. വെളളിയാഴ്ചകളിലെ ജുമുഅ, ബാങ്ക് വിളിച്ച് 15 മിനിറ്റിനകം പൂർത്തിയാക്കണമെന്നും മതകാര്യവകുപ്പ് നിർദേശം നൽകി.
രാജ്യത്ത് കോവിഡ് 19 രോഗം കൂടുതല്‍ ആളുകളിലേക്ക് വ്യാപിച്ച് തുടങ്ങിയ സാഹചര്യത്തിലാണ് കൂടുതല്‍ നിയന്ത്രണങ്ങളിലേക്ക് നീങ്ങി തുടങ്ങിയത്. ഇതിന്റെ ഭാഗമായി പള്ളികളിലെ നമസ്‌കാരങ്ങള്‍ക്കും മറ്റു ആരാധന കര്‍മ്മങ്ങള്‍ക്കും നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി. ബാങ്കിനും ഇഖാമത്തിനുമിടയില്‍ പത്ത് മിനിറ്റിലധികം ഇടവേള പാടില്ലെന്നും, വെള്ളിയാഴ്ചകളില്‍ ഖുത്ബാ പ്രഭാഷണമുള്‍പ്പെടെ 15 മിനുട്ടില്‍ കൂടുതല്‍ സമയം ഉപയോഗിക്കാന്‍ പാടില്ലെന്നും മതകാര്യവകുപ്പ് പുറത്തിറക്കിയ ഉത്തരവിൽ വ്യക്തമാക്കുന്നു.