പുതിയ കോറോണ ബാധയില്ല ജാഗ്രത തുടരും
മദ്യശാലകള്‍ കൂടി പൂട്ടിയാല്‍ നിലവിലെ കടുത്ത സാമ്പത്തിക പ്രതിസന്ധി കൂടതല്‍ രൂക്ഷമാകുമെന്ന വിലയിരുത്തലാണ് സര്‍ക്കാരിനുള്ളത്
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും പുതിയ കോറോണ ബാധിതര്‍ ഇല്ലായെന്നത് ഏറെ ആശ്വാസകരമാണ്. എന്നാല്‍ ജാഗ്രത കൈവിടാന്‍ പാടില്ലെന്നും ചികിത്സ സൗകര്യങ്ങള്‍ കൂടുതല്‍ വിപുലമാക്കുമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. 25366പേര്‍ വീടുകളിലും 237പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 57പേരെ ഇന്ന് ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. പുതുതായി 7861പേരെ നിരീക്ഷണത്തില്‍ ഉള്‍പ്പെടുത്തിയെന്നും അദ്ദേഹം വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കി.
സുപ്രീംകോടതിയുടെയും ഹൈകോടതിയുടേയും പ്രശംസ സര്‍ക്കാരിന് കരുത്ത് പകരുന്നതാണ്.എല്ലാ പ്രൈമറി ഹെല്‍ത്ത് സെന്ററുകളിലും ഒരു ഡോക്ടറെ കൂടി നിയമിക്കും. പ്രൈമറി ഹെല്‍ത്ത് സെന്ററുകളുടെയും ഒ.പി സമയം വൈകുന്നേരം വരെയാക്കും. ആളുകള്‍ കൂട്ടം കൂടുന്നത് ഒഴിവാക്കണമെന്ന് മത നേതാക്കളോട് അഭ്യര്‍ത്ഥിച്ചു.സ്ഥിതിഗതി കൈവിട്ട് പോയിട്ടില്ല, എന്നാല്‍ ഏത് സമയത്തും കാര്യങ്ങള്‍ പ്രതികൂലമായേക്കാം. വിദേശ രാജ്യങ്ങളുടെ അനുഭവം അതാണ് ഓര്‍മ്മിപ്പിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.
മദ്യശാലകള്‍ കൂടി പൂട്ടിയാല്‍ നിലവിലെ കടുത്ത സാമ്പത്തിക പ്രതിസന്ധി കൂടതല്‍ രൂക്ഷമാകുമെന്ന വിലയിരുത്തലാണ് സര്‍ക്കാരിനുള്ളത്. പൂട്ടുന്നതിന് പകരം ബാറുകളിലും ബിവറേജുകളിലും സുരക്ഷ മുന്‍കരുതല്‍ ശക്തമാക്കുന്നതിന് നിര്‍ദ്ദേശം നല്‍കാനാണ് സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്