ആസാദ് കശ്മീര്‍ പരാമര്‍ശത്തില്‍ കെ ടി ജലീലിനെതിരെ കേസെടുക്കാന്‍ കോടതി
തിരുവല്ല ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയുടേതാണ് ഉത്തരവ്.കെ ടി ജലീലിനെതിരെ കേസെടുക്കാന്‍ കോടതി കീഴ്‌വായ്പൂര്‍ പൊലീസിനാണ് നിര്‍ദേശം നല്‍കിയിരിക്കുന്നത്. മജിസ്‌ട്രേട് രേഷ്മ ശശിധരനാണ് കേസ് ടുക്കാൻ ഉത്തരവിട്ടത്
തിരുവല്ല|ആസാദ് കശ്മീര്‍ പരാമര്‍ശത്തില്‍ കെ ടി ജലീലിനെതിരെ കേസെടുക്കാന്‍ കോടതി ഉത്തരവ്. ആര്‍എസ്എസ് നേതാവായ അരുണ്‍ മോഹന്‍ നല്‍കിയ ഹര്‍ജിയിലാണ് കേസെടുക്കാന്‍ ഉത്തരവിട്ടിരിക്കുന്നത്. തിരുവല്ല ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയുടേതാണ് ഉത്തരവ്.കെ ടി ജലീലിനെതിരെ കേസെടുക്കാന്‍ കോടതി കീഴ്‌വായ്പൂര്‍ പൊലീസിനാണ് നിര്‍ദേശം നല്‍കിയിരിക്കുന്നത്. മജിസ്‌ട്രേട് രേഷ്മ ശശിധരനാണ് കേസ് ടുക്കാൻ ഉത്തരവിട്ടത്. നേരത്തെ ഭരണഘടനാ വിരുദ്ധ പരാമർശത്തിൽ മുൻ മന്ത്രി സജി ചെറിയാനെതിരെ കേസെടുക്കാൻ ഉത്തരവിട്ടതും ഇതേ കോടതിയാണ്.ആര്‍എസ്എസ് നേതാവ് മുന്‍പ് ജലീലിനെതിരെ ഇതേ സ്റ്റേഷനിലും പരാതി നല്‍കിയിരുന്നു. എന്നാല്‍ പൊലീസ് നടപടിയെടുത്തിരുന്നില്ല. ഇതേത്തുടര്‍ന്നാണ് അരുണ്‍ മോഹന്‍ കോടതിയെ സമീപിച്ചത്.
കശ്മീര്‍ സന്ദര്‍ശനവേളയിലെ ഫേസ്ബുക്ക് പോസ്റ്റ് വിവാദമായ പശ്ചാത്തലത്തില്‍ ജലീല്‍ തന്റെ പ്രസ്താവന പിന്‍വലിച്ചിരുന്നു. കശ്മീര്‍ യാത്രാക്കുറിപ്പിലെ ചില പരാമര്‍ശങ്ങള്‍ തെറ്റിദ്ധാരണയുണ്ടാക്കിയെന്ന് വിശദീകരിച്ചാണ് ജലീല്‍ അവ പിന്‍വലിച്ചത്. പരാമര്‍ശങ്ങള്‍ താന്‍ ഉദ്ദേശിച്ചതിന് വിരുദ്ധമായി ദുര്‍വ്യാഖ്യാനം ചെയ്യപ്പെട്ടുവെന്നും പുതിയ ഫേസ്ബുക്ക് പോസ്റ്റില്‍ അദ്ദേഹം പറയുന്നു. നാടിന്റെ നന്മയ്ക്കായി പരാമര്‍ശം പിന്‍വലിക്കുകയാണെന്നും ഫേസ്ബുക്ക് പോസ്റ്റിലൂടെ ജലീല്‍ പറഞ്ഞിരുന്നു. ഫെയ്സ്ബുക്കിലെഴുതിയ കുറിപ്പിലെ ആസാദ് കാശ്മീര്‍, ഇന്ത്യന്‍ അധീന കാശ്മീര്‍ പരാമര്‍ശങ്ങള്‍ക്കെതിരെ രൂക്ഷവിമര്‍ശനങ്ങളാണ് ഉയര്‍ന്നത്.