സംസ്ഥാനത്ത് 469 പേർ നിരീക്ഷണത്തിൽ; 11 പേരെക്കൂടി വീട്ടിലെ നിരീക്ഷണത്തിൽ നിന്നും ഒഴിവാക്കി

സംശയാസ്പദമായവരുടെ 552 സാമ്പിളുകൾ എൻ.ഐ.വി.യിൽ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഇതിൽ 511 സാമ്പിളുകളുടെ പരിശോധനാ ഫലം നെഗറ്റിവ് ആണ്.

0

തിരുവനതപുരം :73 ലോക രാജ്യങ്ങളിൽ കോവിഡ് 19 രോഗം പടർന്നു പിടിച്ച സാഹചര്യത്തിൽ സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 469 പേർ നിരീക്ഷണത്തിലാണെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചർ അറിയിച്ചു. ഇവരിൽ 438 പേർ വീടുകളിലും 31 പേർ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. വീട്ടിലെ നിരീക്ഷണത്തിൽ കഴിയുന്ന 11 വ്യക്തികളെ പരിഷ്‌കരിച്ച മാർഗരേഖ പ്രകാരം ബുധനാഴ്ച ഒഴിവാക്കിയിട്ടുണ്ട്. സംശയാസ്പദമായവരുടെ 552 സാമ്പിളുകൾ എൻ.ഐ.വി.യിൽ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഇതിൽ 511 സാമ്പിളുകളുടെ പരിശോധനാ ഫലം നെഗറ്റിവ് ആണ്. നിലവിൽ ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട ആരുടേയും ആരോഗ്യനിലയിൽ ആശങ്കയ്ക്ക് വകയില്ലെന്നും മന്ത്രി വ്യക്തമാക്കി.
ഇന്ത്യയിലെ പല സംസ്ഥാനങ്ങളിലും കൊറോണ വൈറസ് കേസുകൾ റിപ്പോർട്ട് ചെയ്യപെട്ട സാഹചര്യത്തിൽ കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിലെ കാബിനറ്റ് സെക്രട്ടറി രാജീവ് ഗാവ്ബ എല്ലാ സംസ്ഥാനങ്ങളിലേയും ഉദ്യോഗസ്ഥരുമായി വീഡിയോ കോൺഫറൻസ് നടത്തി. ഈ മീറ്റിംഗിൽ കേരളത്തിന്റെ പ്രവർത്തനങ്ങളെ അഭിനന്ദിക്കുകയും കൊറോണ നിയന്ത്രണതിനായുള്ള മാർഗരേഖകൾ പിന്തുടരാൻ മറ്റു സംസ്ഥാനങ്ങളോട് ആവശ്യപ്പെടുകയും ചെയ്തു. മറ്റു സംസ്ഥാനങ്ങൾക്ക് സാങ്കേതിക പിന്തുണ ആവശ്യമെങ്കിൽ നൽകാൻ തയ്യാറാണെന്ന് ആരോഗ്യ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി അറിയിച്ചിട്ടുണ്ട്.

ഇറ്റലിയിലും ഇറാനിലും പുതിയ കേസുകൾ റിപ്പോർട്ട് ചെയ്യപ്പെടുന്നതും രോഗം വ്യാപിക്കുന്നതും കണക്കിലെടുത്ത് ചൈന, ഹോങ്കോംഗ്, തായ്ലൻഡ്, സിംഗപ്പൂർ, ജപ്പാൻ, ദക്ഷിണ കൊറിയ, വിയറ്റ്നാം, നേപ്പാൾ, ഇന്തോനേഷ്യ, മലേഷ്യ എന്നിവയ്ക്ക് പുറമേ ഇറാൻ, ഇറ്റലി എന്നിവിടങ്ങളിൽ നിന്ന് നേരിട്ടുള്ള ഫ്ലൈറ്റുകളിലൂടെ വരുന്ന യാത്രക്കാരെ കൂടി പരിശോധിക്കാൻ തീരുമാനിച്ചു. ഈ രാജ്യങ്ങളിൽ നിന്നും വരുന്ന എല്ലാ ആളുകളും നിർദ്ദേശങ്ങൾ പാലിക്കണം. റിപ്പബ്ലിക് ഓഫ് കൊറിയ, ഇറാൻ, ഇറ്റലി എന്നിവിടങ്ങളിൽ നിന്ന് വരുന്നവരോ, 2020 ഫെബ്രുവരി 10 മുതൽ അത്തരം യാത്രാ ചരിത്രമുള്ളവരോ ഇന്ത്യയിലെത്തുമ്പോൾ 14 ദിവസത്തേക്ക് നിരീക്ഷണത്തിൽ തുടരണം. രോഗ ലക്ഷണമില്ലാത്തവർ 14 ദിവസം വീടുകളിൽ നിരീക്ഷണത്തിൽ തുടരണം. രോഗലക്ഷണമുള്ളവർ ജില്ലകളിലെ ഐസോലേഷൻ സൗകര്യമുള്ള ആശുപത്രികളുമായി ബന്ധപ്പെടണം.

You might also like

-