കൊറോണ വൈറസ് കാസർകോട് രണ്ടുപേർകൂടി നിരീക്ഷണത്തിൽ 2421 പേർ നിരീക്ഷണത്തിലെന്ന് മന്ത്രി കെ.കെ. ശൈലജ ടീച്ചർ
,321 പേർ വീടുകളിലും 100 പേർ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. സംശയാസ്പദമായവരുടെ 190 സാമ്പിളുകൾ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്.
കാസർകോട് :സംസ്ഥാനത്ത് പുതിയ പോസിറ്റീവ് നോവൽ കൊറോണ വൈറസ് കേസൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ലെന്നും വിവിധ ജില്ലകളിലായി 2421 പേർ നിരീക്ഷണത്തിലാണെന്നും ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചർ. ഇവരിൽ 2,321 പേർ വീടുകളിലും 100 പേർ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. സംശയാസ്പദമായവരുടെ 190 സാമ്പിളുകൾ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഇതിൽ 100 സാമ്പിളുകളുടെ പരിശോധനാ ഫലം നെഗറ്റീവ് ആണ്. നിലവിൽ ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട ആരുടേയും ആരോഗ്യനിലയിൽ ആശങ്കയ്ക്ക് വകയില്ലെന്നും മന്ത്രി വ്യക്തമാക്കി. ആരോഗ്യ വകുപ്പ് ഡയറക്ടറേറ്റിൽ റാപ്പിഡ് റെസ്പോൺസ് ടീം (ആർ.ആർ.ടി.) യോഗത്തിന് ശേഷം സംസാരിക്കുകയായിരുന്നു മന്ത്രി.
വീട്ടിൽ സ്വയം നിരീക്ഷിക്കുന്നവരെ ഓർത്ത് കേരളം അഭിമാനിക്കുന്നതായും മന്ത്രി പറഞ്ഞു. ആരോഗ്യ വകുപ്പിന്റെ അഭ്യർത്ഥന മാനിച്ച് കൊറോണ വൈറസ് പ്രതിരോധത്തിൽ അവർ അണിനിരന്നിരിക്കുകയാണ്. നാടിന്റെ നൻമയെ ഓർത്ത് സ്വയം നിരീക്ഷണത്തിന് വിധേയമായവരാണവർ. എല്ലാ കാലത്തും അവരെ ഓർക്കുമെന്നും മന്ത്രി പറഞ്ഞു.
വുഹാനിൽ നിന്നും വന്നവരുടെ ആരോഗ്യം സംരക്ഷിക്കുക, ഒരാളും മരിക്കരുത്, സമൂഹത്തിൽ ഒരാൾക്ക് പോലും കൊറോണ പകരരുത് എന്നീ മൂന്ന് കാര്യങ്ങൾക്കാണ് ആരോഗ്യ വകുപ്പ് പ്രാധാന്യം നൽകുന്നത്. ആരോഗ്യ വകുപ്പ് സജ്ജമാക്കിയ 18 ടീമുകളും ദൗത്യം ഭംഗിയായി നിർവഹിക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.
കൊറോണാ വൈറസ് രോഗബാധ സംശയിക്കുന്നവർക്കും കുടുംബങ്ങൾക്കും മാനസിക പിന്തുണ നൽകുന്നതിന് വേണ്ടി സംസ്ഥാനത്തൊട്ടാകെ 191 അംഗങ്ങളെ വിവിധ ജില്ലകളിലായി വിന്യസിച്ചിട്ടുണ്ട്. 1,043 പേർക്ക് ടെലിഫോണിലൂടെ കൗൺസിലിംഗ് സേവനങ്ങൾ ലഭ്യമാക്കിയതായും മന്ത്രി അറിയിച്ചു.
നിരീക്ഷണത്തിലുള്ളവർ ആരോഗ്യ വകുപ്പിനെ അറിയിക്കാതെ വിദേശത്ത് പോകാൻ പാടില്ല. അവർക്ക് ജോലി സംബന്ധിച്ചോ മറ്റോ എന്തെങ്കിലും ബുദ്ധിമുട്ടുണ്ടെങ്കിൽ അത് സർക്കാർ ഇടപെട്ട് പരിഹരിക്കുന്നതാണ്. പോസിറ്റീവ് കേസ് വന്ന തൃശൂരിൽ 82 പേരുടേയും ആലപ്പുഴയിൽ 51 പേരുടേയും കാസർഗോഡ് 29 പേരുടേയും കോണ്ടാക്ട് ലിസ്റ്റ് തയ്യാറാക്കിയിട്ടുണ്ട്.
കൊറോണയോട് യുദ്ധം പ്രഖ്യാപിച്ച സാഹചര്യത്തിലും എച്ച്.1 എൻ.1 തുടങ്ങിയ പകർച്ച വ്യാധികൾ പകരാതിരിക്കാൻ എല്ലാവരും ശ്രദ്ധിക്കണം. വ്യക്തിശുചിത്വം പാലിക്കുക, തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും തൂവാല കൊണ്ട് മറയ്ക്കുക, കൈകൾ ശുചിയായി സൂക്ഷിക്കുക എന്നിവ ശ്രദ്ധിക്കേണ്ടതാണ്.
വ്യാജ പ്രചരണങ്ങൾ നടത്തിയ ഏഴു പേർക്കെതിരെ ഇതുവരെ കേസ് എടുത്തു.
കാസർകോട് ജില്ലയിൽ കൊറോണ വൈറസ് ബാധിച്ച വിദ്യാർഥിയുടെ ആരോഗ്യനില തൃപ്തികരം. വൈറസ് സ്ഥിരീകരിച്ച വിദ്യാര്‍ഥിക്ക് പുറമെ രണ്ട് പേരെ കൂടി ജില്ലയില്‍ ഐസൊലേഷന്‍ വാര്‍ഡിലേക്ക് മാറ്റി. കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ നിന്നുള്ള വിദഗ്ധ സംഘം ഇന്ന് ജില്ലയില്‍ എത്തും.
കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ ചൈനയില്‍ നിന്നെത്തിയ 91 പേരും മറ്റു രാജ്യങ്ങളില്‍ നിന്നെത്തിയ മൂന്ന് പേരും ഉള്‍പ്പെടെ 94 പേരാണ് കാസര്‍കോട് ജില്ലയില്‍ നിരീക്ഷണത്തിലുള്ളത്. നിരീക്ഷണത്തിലുള്ള കുടുംബങ്ങളില്‍ നിന്നുള്ള കുട്ടികളെ സ്‌കൂളുകളിലേക്കും കോളേജുകളിലേക്കും അയക്കേണ്ടതില്ലെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു. ജില്ലയില്‍ ഇതുവരെ 17 പേരുടെ സാമ്പിളുകളാണ് പരിശോധനക്കയച്ചത്. പരിശോധന ഫലം ലഭിച്ച അഞ്ചുപേരില്‍ ഒരാള്‍ക്ക് മാത്രമാണ് കൊറോണ സ്ഥിരീകരിച്ചത്.
പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുന്നതിന് കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ നിന്നുള്ള വിദഗ്ധ സംഘം ഇന്ന് ജില്ലയില്‍ എത്തുന്നുണ്ട്. വിദഗ്ധ സംഘത്തിന്റെ നേതൃത്വത്തില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ അവലോകനം ചെയ്യും. ചൈന ഉള്‍പ്പെടെയുള്ള കൊറോണ ബാധിത രാജ്യങ്ങളില്‍നിന്നുള്ള വിനോദ സഞ്ചാരികള്‍ കാസര്‍കോഡ് എത്തിയിട്ടില്ലെന്ന് ഉറപ്പുവരുത്തുന്നതിനായി ജില്ലയിലെ ഹോട്ടലുകള്‍, ഹോം സ്റ്റേകള്‍, ഹൌസ് ബോട്ടുകള്‍ എന്നിവയില്‍ പരിശോധന നടത്തി.
സംസ്ഥാന കൺട്രോൾ റൂമും ജില്ല കൺട്രോൾ റൂമുകളും തമ്മിൽ ഏകജാലക സംവിധാനം ഏർപ്പെടുത്തി. സംസ്ഥാന തലത്തിലും എല്ലാ ജില്ലകളിലും അവശ്യ മാനവവിഭവശേഷി ഉറപ്പു വരുത്താനായുള്ള ടീമുകളെ വിന്യസിച്ചു. വിമാനത്താവളത്തിൽ പ്രത്യേക നിരീക്ഷണത്തിനു സംവിധാനങ്ങൾ ഒരുക്കിയതായും മന്ത്രി പറഞ്ഞു.
സംസ്ഥാനതലത്തിലും ജില്ലാതലങ്ങളിലും പരിശീലനം നൽകുവാൻ ട്രെയിനിംഗ് ടീമുകളെ വിന്യസിച്ചു. സ്വകാര്യ ആശുപത്രികളിലും ഐ.എം.എ.യുമായി സഹകരിച്ച് കിടക്കകൾ തയ്യാറാക്കിയിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.
ആരോഗ്യ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ഡോ. രാജൻ എൻ. ഖോബ്രഗഡെ, എൻ.എച്ച്.എം. സ്റ്റേറ്റ് മിഷൻ ഡയറക്ടർ ഡോ. രത്തൻ ഖേൽക്കർ, കെ.എം.എസ്.സി.എൽ. എം.ഡി. ഡോ. നവജ്യോത് ഖോസ, ആരോഗ്യ വകുപ്പ് ഡയറക്ടർ ഇൻ ചാർജ് ഡോ. രാജു, ആരോഗ്യ വകുപ്പ് അഡീഷണൽ ഡയറക്ടർ ഡോ. വി. മീനാക്ഷി, സംസ്ഥാന സാംക്രമിക രോഗ പ്രതിരോധ സെൽ കോ-ഓർഡിനേറ്റർ ഡോ. പി.എസ്. ഇന്ദു എന്നിവർ യോഗത്തിൽ പങ്കെടുത്തു.