കോവിഡ് 19 മരണസംഖ്യ 3000 കടന്നു , 58 രാജ്യങ്ങളിലായി 89000ല്‍ അധികം പേര്‍ക്ക് രോഗബാധ
ചൈനക്ക് പുറത്ത് ഏറ്റവും കൂടുതല്‍ പേര്‍ മരിച്ച രാജ്യമാണ് ഇറാന്‍
ലോകത്തെ മുഴുവൻ ആശങ്കയിലാഴ്ത്തി കോവിഡ് 19 കൂടുതല്‍ രാജ്യങ്ങളിലേക്ക് പടരുന്നു. ജോര്‍ദ്ദാനിലും തുണീഷ്യയിലും ഇന്തോനേഷ്യയിലുമാണ് ഒടുവില്‍ രോഗം സ്ഥിരീകരിച്ചത്. കോവിഡ് വ്യാപനം ലോക സാമ്പത്തിക രംഗത്തെ പ്രതികൂലമായി ബാധിക്കുമെന്നാണ് വിലയിരുത്തല്‍.ഓരോ ദിവസവും കൂടുതല്‍ രാജ്യങ്ങളിലേക്ക് കോവിഡ് 19 പടരുകയാണ്. മരണസംഖ്യ മൂവായിരം കടന്നു. 58 രാജ്യങ്ങളിലായി 89000ല്‍ അധികം പേര്‍ക്ക് രോഗം ബാധിച്ചു. ഈ എണ്ണം ഇനിയും കൂടാനാണ് സാധ്യത. ഏറ്റവും ഒടുവില്‍ ജോര്‍ദാന്‍, തുണീഷ്യ, ഇന്തോനേഷ്യ എന്നിവിടങ്ങളിലും ആദ്യ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. ചെക്ക് റിപ്പബ്ലിക്, സ്കോട്ട്‍ലാന്റ്, ഡൊമിനിക്കന്‍ റിപ്പബ്ലിക്, എന്നീ രാജ്യങ്ങളിലും ഇന്നലെ കോവിഡ് 19 സ്ഥിരീകരിച്ചിരുന്നു. അമേരിക്കയിലെ വാഷിങ്ടണില്‍ ഇന്നലെ ആറ് പേര്‍ മരിച്ചു. 18 പേര്‍ക്ക് രോഗം സ്ഥികരിച്ചിട്ടുണ്ട്
ഇറ്റലിയില്‍ 52 പേര്‍ മരിച്ചു. നൈജീരിയയും കോവിഡ് ഭീതിയിലാണ്. രോഗ ബാധിതരുമായി നേരിട്ട് ബന്ധമുണ്ടായിരുന്ന 58 പേരാണ് ഇറ്റലിയില്‍ നിന്ന് നൈജീരിയയില്‍ എത്തിയിരിക്കുന്നത്. ബ്രിട്ടണില്‍ 40 പേര്‍ക്ക് രോഗം ബാധിച്ചു. ഫ്രാന്‍സില്‍ മരണ സംഖ്യ നാലായി. വാഷിങ്ടണില്‍ രണ്ടും ദക്ഷിണ കൊറിയയില്‍ നാലു പേരും മരിച്ചു. സ്ഥിതിഗതികള്‍ കൂടുതല്‍ രൂക്ഷം ഇറാനിലാണ്. 66 പേര്‍ ഇതിനകം മരിച്ചു. കോവിഡിന്റെ പ്രഭവ കേന്ദ്രമായ ചൈനക്ക് പുറത്ത് ഏറ്റവും കൂടുതല്‍ പേര്‍ മരിച്ച രാജ്യമാണ് ഇറാന്‍. ചൈനയാകട്ടെ സാധാരണ നിലയിലേക്ക് എത്തുകയാണ്. കോവിഡ് വ്യാപനം ലോക വിപണിയെ പ്രതികൂലമായി ബാധിക്കുമെന്ന് WTO അഭിപ്രായപ്പെട്ടു.