കുന്നൂർ ഹെലികോപ്ടർ അപകടം മോശം കാലാവസ്ഥ കാരണമുള്ള പൈലറ്റിന്‍റെ പിഴവ്
വ്യോമസേനയുടെ എം.17 ഹെലികോപ്ടറാണ് അപകടത്തിൽപ്പെട്ടത്. ജനറൽ ബിപിൻ റാവത്തിനൊപ്പം അദ്ദേഹത്തിൻറെ ഭാര്യ മധുലിക റാവത്തും ഹെലികോപ്റ്ററിൽ ഉണ്ടായിരുന്നു
ഡൽഹി | സംയുക്ത സൈനിക മേധാവി ജനറൽ ബിപിൻ റാവത്ത് ഉൾപ്പെടെ 14 പേർ മരിക്കാനിടയായ കുന്നൂർ ഹെലികോപ്ടർ അപകടം മോശം കാലാവസ്ഥ കാരണമുള്ള പൈലറ്റിന്‍റെ പിഴവുമൂലമാണെന്ന് അന്വേഷണ സംഘത്തിന്‍റെ പ്രാഥമിക കണ്ടെത്തൽ. വ്യോമസേനയുടെ ഔദ്യോഗിക വാർത്താക്കുറിപ്പ് പുറത്തിറക്കി. മൂന്നംഗ സമിതിയുടെ റിപ്പോർട്ട് വിശദമായി പരിശോധിച്ചെന്നും വ്യോമസേന അറിയിച്ചു.
വ്യോമസേനയുടെ എം.17 ഹെലികോപ്ടറാണ് അപകടത്തിൽപ്പെട്ടത്. ജനറൽ ബിപിൻ റാവത്തിനൊപ്പം അദ്ദേഹത്തിൻറെ ഭാര്യ മധുലിക റാവത്തും ഹെലികോപ്റ്ററിൽ ഉണ്ടായിരുന്നു. ഇതിന് പുറമേ സംയുക്ത സൈനിക മേധാവിയുടെ ഓഫീസ് ജീവനക്കാരും സുരക്ഷാഭടൻമാരും അടക്കം ആകെ 14 പേരാണ് ഹെലികോപ്റ്ററിൽ ഉണ്ടായിരുന്നത്.
ഡൽഹിയിൽ നിന്നും ബുധനാഴ്ച രാവിലെ ഒൻപത് മണിക്കാണ് ജനറൽ ബിപിൻ റാവത്തും സംഘവും പുറപ്പെട്ടത്. മണിക്കൂറുകൾക്കുള്ളിൽ രാജ്യത്തെ നടുക്കി ആ ദുരന്ത വാർത്ത പുറത്തുവന്നു. സംയുക്ത സൈനിക മേധാവിയും ഭാര്യയും ഉദ്യോഗസ്ഥ സംഘവും ഹെലികോപ്റ്റർ ദുരന്തത്തിൽ പെട്ടെന്നും ജനറൽ ബിപിൻ റവത്തിന്റെ ആരോഗ്യനില ഗുരുതരമാണെന്നുമായിരുന്നു വ്യോമസേന പുറത്ത് വിട്ട ആദ്യ ഔദ്യോഗിക വിവരത്തിൽ പറഞ്ഞിരുന്നത്. പിന്നീട് മണിക്കൂറുകൾക്ക് ശേഷം തന്നെ ജനറൽ ബിപിൻ റാവത്തിന്റെയും മറ്റ് 12 പേരുടെയും വിയോഗ വാർത്ത പുറത്ത് വന്നു.