കുനൂർ ഹെലികോപ്ടർ അപകടം: അന്വേഷണം 15 ദിവസത്തിനുള്ളിൽ പൂർത്തിയാക്കും വ്യോമസേന
ന്വേഷണ സംഘം നിലവിൽ ദൃക്‌സാക്ഷികളുടെ മൊഴികൾ രേഖപ്പെടുത്തി വിവരങ്ങൾ ശേഖരിച്ച് പരിശോധനകൾ നടത്തിവരികയാണ്. അടുത്ത 15 ദിവസത്തിനുള്ളിൽ അന്വേഷണ പൂർത്തിയാക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്’
ഡൽഹി | സംയുക്ത സൈനിക മേധാവി ബിപിൻ റാവത്ത് ഉൾപ്പെടെയുള്ളവരുടെ മരണത്തിനിടയാക്കിയ ഹെലികോപ്ടർ അപകടത്തിന്റെ അന്വേഷണം 15 ദിവസത്തിനുള്ളിൽ പൂർത്തിയാക്കുമെന്ന് വ്യോമസേന .എയർ ചീഫ് മാർഷൽ വി.ആർ ചൗധരിയുടെ സൂക്ഷ്മ മേൽനോട്ടത്തിലാണ് അന്വേഷണ സംഘം പ്രവർത്തിച്ചുവരുന്നത്.അന്വേഷണ സംഘം നിലവിൽ ദൃക്‌സാക്ഷികളുടെ മൊഴികൾ രേഖപ്പെടുത്തി വിവരങ്ങൾ ശേഖരിച്ച് പരിശോധനകൾ നടത്തിവരികയാണ്. അടുത്ത 15 ദിവസത്തിനുള്ളിൽ അന്വേഷണ പൂർത്തിയാക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്’ ഉന്നത ഉദ്യോഗസ്ഥർ പറഞ്ഞു. അന്വേഷണത്തിലെ ഓരോ പുരോഗതിയും കേന്ദ്ര പ്രതിരോധ മന്ത്രിയെ അറിയിക്കുന്നുണ്ടെന്നും ഉദ്യോഗസ്ഥർ കൂട്ടിച്ചേർത്തു.
തുടക്കത്തിൽ തമിഴ്നാട് പോലീസ് പ്രദേശത്തെ എല്ലാവരുടേയും മൊഴിയെടുക്കാനായി 25 പേരുടെ പ്രാഥമിക പട്ടിക തയ്യാറാക്കുകയും സംഭവം നടന്ന അന്ന് രാത്രിതന്നെ നിരവധി മൊഴികൾ രേഖപ്പെടുത്തിയിരുന്നു. അപകടം കണ്ടവരും ഹെലികോപ്റ്റർ താഴ്ന്ന് പറന്ന സമയത്ത് മൊബൈലിൽ ദൃശ്യങ്ങൾ പകർത്തിയ വിനോദസഞ്ചാരികളടക്കമുള്ളവരിൽ നിന്ന് കൂടുതൽ വിവരങ്ങൾ ശേഖരിച്ചിരുന്നു.
സാങ്കേതിക പരിശോധന എന്ന നിലയിൽ അപകട സ്ഥലത്തു നിന്നും കണ്ടെടുത്ത ഫ്ളൈറ്റ് ഡാറ്റ റെക്കോർഡറും കോക്പിറ്റ് റെക്കോഡറും ബെംഗളൂരുവിൽ പരിശോധന നടത്തിയിരുന്നു. നിർണ്ണായക സമയത്ത് ഹെലികോപ്റ്ററിനകത്തുണ്ടായ സംഭാഷണങ്ങളും പൈലറ്റുമാർ കൺട്രോൾ റൂമുമായി നടത്തിയ സംഭാഷണങ്ങൾ എന്നിവയും പരിശോധിക്കുകയാണ്.
ജനറൽ ബിപിൻ റാവത്ത്, ഭാര്യ മധുലിക റാവത്ത്, ബ്രിഗേഡിയർ എൽഎസ് ലിഡ്ഡർ, ലഫ്. കേണൽ ഹർജീന്ദർ സിംഗ്, ഗ്രൂപ്പ് ക്യാപ്റ്റൻ വരുൺ സിംഗ്, നായത് ഗുരു സേവക് സിംഗ്, നായക് ജിതേന്ദ്രകുമാർ, ലാൻസ് നായക് വിവേക് കുമാർ, ലാൻസ് നായക് ബി സായ് തേജ, ഹവിൽദാർ സത്പാൽ, ജൂനിയർ വാറന്റ് ഓഫീസറും സൂലൂരിലെ ഫ്‌ളൈറ്റ് എൻജിനിയറുമായ തൃശ്ശൂർ സ്വദേശി പ്രദീപ് കുമാർ, ജൂനിയർ വാറന്റ് ഓഫീസർ ദാസ്, പൈലറ്റ് വിംഗ് കമാൻഡർ ചൗഹാൻ, സ്‌ക്വാഡ്രൺ ലീഡർ കുൽദീപ് സിംഗ് എന്നിവരാണ് അപകടത്തിൽ മരിച്ചത്.