കൂനൂർ ഹെലികോപ്റ്റർ അപകടം ജൂനിയർ വാറന്റ് ഓഫീസർ പ്രദീപിന് ജന്മനാടിന്റെ യാത്രാ മൊഴി
സംസ്ഥാന സർക്കാരിന് വേണ്ടി കേരള പോലീസ് ഗാർഡ് ഓഫ് ഓണർ നൽകി. ശേഷം വ്യോമസേന പ്രദീപിന് രാഷ്‌ട്രത്തിന്റെ സല്യൂട്ട് നൽകി.
തൃശ്ശൂർ : കുനൂരിലുണ്ടായ ഹെലികോപ്റ്റർ അപകടത്തിൽ അന്തരിച്ച ജൂനിയർ വാറന്റ് ഓഫീസർ പ്രദീപിന് ജന്മനാടിന്റെ കണ്ണീരിൽ കുതിർന്ന യാത്രാ മൊഴി. പ്രദീപിന്റെ ഭൗതിക ദേഹം സംസ്‌കരിച്ചു. ഔദ്യോഗിക ബഹുമതികളോടെ വീട്ടുവളപ്പിലായിരുന്നു സംസ്‌കാരം.
വൈകീട്ട് 5.50 ഓടെയായിരുന്നു സംസ്‌കാര ചടങ്ങുകൾ പൂർത്തിയായത്. സംസ്ഥാന സർക്കാരിന് വേണ്ടി കേരള പോലീസ് ഗാർഡ് ഓഫ് ഓണർ നൽകി. ശേഷം വ്യോമസേന പ്രദീപിന് രാഷ്‌ട്രത്തിന്റെ സല്യൂട്ട് നൽകി. പിന്നീട് മത പരമായ ചടങ്ങുകളോടെയായിരുന്നു സംസ്‌കാരം. എട്ട് വയസ്സുള്ള പ്രദീപിന്റെ മകനും സഹോദരനും ചേർന്നാണ് അന്ത്യ കർമ്മങ്ങൾ ചെയ്തത്. ചടങ്ങുകൾക്കിടെ ഒരാൾ കുഴഞ്ഞു വീണു.
ഉച്ചയ്‌ക്ക് ഒന്നരയോടെയാണ് പ്രദീപിന്റെ ഭൗതിക ദേഹം ജന്മദേശമായ പൊന്നൂക്കരയിൽ എത്തിച്ചത്. ശേഷം പ്രദീപ് പഠിച്ച പുത്തൂർ ഹൈസ്‌കൂളിൽ ആദ്യം പൊതുദർശനത്തിന് വെച്ചു. ഇതിന് ശേഷം വൈകീട്ടോടെയാണ് സംസ്‌കാര ചടങ്ങുകൾക്കായി അദ്ദേഹത്തിന്റെ ഭൗതിക ദേഹം വീട്ടിലേക്ക് കൊണ്ടുവന്നത്.സുലൂരിൽ എത്തിച്ച ഭൗതികദേഹം റോഡ്മാർഗ്ഗമാണ് കേരളത്തിൽ എത്തിച്ചത്. വാളയാറിൽ നിന്നും മന്ത്രിമാരായ കെ രാജൻ, കൃഷ്ണൻകുട്ടി എന്നിവർ ചേർന്ന് ഭൗതിക ദേഹം ഏറ്റുവാങ്ങി. പ്രദീപിന്റെ നാട്ടുകാർ ഉൾപ്പെടെ മൃതദേഹം ഏറ്റുവാങ്ങാൻ വാളയാർ അതിർത്തിയിൽ എത്തിയിരുന്നു.