നിയന്ത്രിത വേട്ടയാടൽ അനുവദിക്കണം, 1972ലെ വന്യജീവി സംരക്ഷണ നിയമം റദ്ദാക്കി പുതിയ നിയമം കൊണ്ടുവരണം , മാധവ് ഗാഡ്ഗില്‍

വന്യമൃഗങ്ങളുടെ എണ്ണം കൂടുന്നതിന് അനുസരിച്ച് നിയന്ത്രിത വേട്ടയാടൽ അനുവദിക്കണം . ജനവാസമേഖലകളില്‍ ഇറങ്ങുന്ന മൃഗങ്ങളുടെ ജഡം പ്രദേശവാസികള്‍ക്ക് അവരുടെ കഷ്ടപ്പാടുകള്‍ക്ക് നഷ്ടപരിഹാരമായി നല്‍കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു

0

തിരുവനന്തപുരം| വന്യമൃഗങ്ങളെ സംരക്ഷിക്കാന്‍ നിയമം ഉള്ള ഏകരാജ്യമാണ് ഇന്ത്യയെന്ന് പരിസ്ഥിതി പ്രവര്‍ത്തകന്‍ മാധവ് ഗാഡ്ഗില്‍. 1972ലെ വന്യജീവി സംരക്ഷണ നിയമം റദ്ദാക്കി പുതിയ നിയമം കൊണ്ടുവരണം.വന്യമൃഗങ്ങളുടെ എണ്ണം കൂടുന്നതിന് അനുസരിച്ച് നിയന്ത്രിത വേട്ടയാടൽ അനുവദിക്കണം . ജനവാസമേഖലകളില്‍ ഇറങ്ങുന്ന മൃഗങ്ങളുടെ ജഡം പ്രദേശവാസികള്‍ക്ക് അവരുടെ കഷ്ടപ്പാടുകള്‍ക്ക് നഷ്ടപരിഹാരമായി നല്‍കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. വയനാട്ടിലെ ജനങ്ങളെ കടുവാ ഭീഷണിയില്‍ നിന്ന് രക്ഷിക്കാന്‍ കടുവകളെ പുനരധിവസിപ്പിക്കുമെന്ന് വനംമന്ത്രി എ കെ ശശീന്ദ്രന്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ആന, കുരങ്ങ് ഉള്‍പ്പടെയുള്ള ജീവികളില്‍ നിന്ന് മനുഷ്യര്‍ക്കുള്ള ഭീഷണി ഒഴിവാക്കാനും നടപടി തുടങ്ങിയെന്നും അദ്ദേഹം പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് മാധവ് ഗാഡ്ഗിലിന്റെ പ്രതികരണം.

വന്യമൃഗങ്ങളെ സംരക്ഷിക്കാന്‍ നിയമം ഉള്ള ഏക രാജ്യമാണ് ഇന്ത്യയെന്നും ഇത് യുക്തിരഹിതവും വിഡ്ഢിത്തവും ഭരണഘടനാ വിരുദ്ധവുമാണെന്നുമായിരുന്നു മാധവ് ഗാഡ്ഗിലിന്റെ പ്രതികരണം. ഈ നിയമത്തില്‍ ഒരുതരത്തിലും അഭിമാനിക്കേണ്ടതില്ലെന്നാണ് താന്‍ കരുതുന്നത്. മറ്റൊരു രാജ്യവും ദേശീയ പാര്‍ക്കുകള്‍ക്ക് പുറത്ത് വന്യമൃഗങ്ങളെ സംരക്ഷിക്കുന്നില്ല. ലൈസന്‍സുള്ള വേട്ടയിലൂടെ വന്യമൃഗങ്ങളുടെ എണ്ണം കുറയില്ലെന്നും അദ്ദേഹം പറഞ്ഞു. ‘അമേരിക്ക, ആഫിക്ക, ബ്രിട്ടണ്‍ തുടങ്ങിയിടങ്ങളില്‍ ആളുകള്‍ വന്യമൃഗങ്ങളെ വേട്ടയാടാറുണ്ട്. എത്ര വന്യമൃഗങ്ങളെ കൊല്ലണം എന്നത് സംബന്ധിച്ച് വനം പരിസ്ഥിതി മന്ത്രാലയം പ്രാദേശിക സമൂഹവുമായി ചര്‍ച്ച നടത്തണം. ലൈസന്‍സ് കൃത്യമായി നല്‍കണം. ഒരു മനുഷ്യന്‍ മറ്റുള്ളവര്‍ക്ക് ഭീഷണിയാവുകയാണെങ്കില്‍ അയാള്‍ക്കെതിരെ ഇന്ത്യന്‍ ശിക്ഷാ നിയമപ്രകാരം നടപടി സ്വീകരിക്കാറുണ്ട്. പിന്നെ എന്തുകൊണ്ടാണ് നിങ്ങളുടെ ജീവന് ഭീക്ഷണിയാകുന്ന ഒരു വന്യമൃഗത്തെ കൊല്ലാന്‍ സാധിക്കാത്തത്?’, ഗാഡ്ഗില്‍ ചോദിച്ചു. പ്രാദേശിക ജൈവവൈവിധ്യം സംരക്ഷിക്കാന്‍ തദ്ദേശീയരെ പ്രാപ്തരാക്കുന്ന ജൈവവൈവിധ്യ നിയമം 2002 ഇന്ത്യ നടപ്പാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു

You might also like

-