ഇടുക്കി മാങ്കുളം ടൂറിസം പവലിയന്‍ നിര്‍മ്മാണം: പ്രശ്‌നപരിഹാരത്തിന് സബ്‌കളക്ട്ടറുടെ നേതൃത്തത്തിൽ സമിതി
കുറത്തിക്കുടി ഭാഗത്തേക്കുള്ള റോഡുമായി ബന്ധപ്പെട്ട വിഷയത്തില്‍ ഹൈക്കോടതിയില്‍ നിലവിലുള്ള കേസിലെ തീരുമാനം അനുസരിച്ച് തുടര്‍നടപടികള്‍ സ്വീകരിക്കാവുന്നതാണെന്നും തീരുമാനിച്ചു. കുറത്തിക്കുടി ആദിവാസി സെറ്റില്‍മെന്റില്‍ താമസിക്കുന്ന ആദിവാസി വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് പ്രദേശത്ത് ഇതുവരെ ഉണ്ടായിരുന്ന പോലെ പാസ് ഇല്ലാതെ തന്നെ യാത്ര ചെയ്യാന്‍ തടസ്സമുണ്ടാകില്ല.
തിരുവനന്തപുരം | ഇടുക്കി ജില്ലയിലെ മാങ്കുളം പഞ്ചായത്തില്‍ ദേവികുളം ബ്ലോക്ക് പഞ്ചായത്ത് ടൂറിസം ആവശ്യത്തിനായി നിര്‍മ്മിച്ച പവലിയനുമായി ബന്ധപ്പെട്ട് പഞ്ചായത്ത് അധികൃതരും വനം ഉദ്യോഗസ്ഥരും തമ്മിലുണ്ടായ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് വനം മന്ത്രി എ.കെ.ശശീന്ദ്രന്‍ വിളിച്ചു ചേര്‍ത്ത യോഗത്തില്‍ തീരുമാനമായി.
ബ്ലോക്ക് പഞ്ചായത്ത് നിര്‍മ്മിച്ച പവലിയന്‍ വന പ്രദേശത്താണോ പട്ടയഭൂമിയിലാണോ പുറമ്പോക്ക് ഭൂമിയിലാണോ എന്നതില്‍ വ്യക്തത വരുത്തേണ്ടതാണെന്ന് യോഗം വിലയിരുത്തി. ഇതിനായി ദേവികുളം സബ്കലക്ടര്‍/ആര്‍.ഡി.ഒ കണ്‍വീനറായി റവന്യു, വനം, സര്‍വ്വേ, പഞ്ചായത്ത് വകുപ്പുകളിലെ പ്രതിനിധികളെ ഉള്‍പ്പെടുത്തി സമിതി രൂപീകരിച്ചു. സമിതിയില്‍ പഞ്ചായത്ത് വകുപ്പ് ജോയിന്റ് ഡയറക്ടര്‍, മാങ്കുളം, മലയാറ്റൂര്‍, മൂന്നാര്‍ ഡി.എഫ്.ഒമാര്‍, സര്‍വ്വേ ഉദ്യോഗസ്ഥര്‍ തുടങ്ങിയവരും അംഗങ്ങളായിരിക്കും. ഒരു മാസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും തീരുമാനമായി.
കുറത്തിക്കുടി ഭാഗത്തേക്കുള്ള റോഡുമായി ബന്ധപ്പെട്ട വിഷയത്തില്‍ ഹൈക്കോടതിയില്‍ നിലവിലുള്ള കേസിലെ തീരുമാനം അനുസരിച്ച് തുടര്‍നടപടികള്‍ സ്വീകരിക്കാവുന്നതാണെന്നും തീരുമാനിച്ചു. കുറത്തിക്കുടി ആദിവാസി സെറ്റില്‍മെന്റില്‍ താമസിക്കുന്ന ആദിവാസി വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് പ്രദേശത്ത് ഇതുവരെ ഉണ്ടായിരുന്ന പോലെ പാസ് ഇല്ലാതെ തന്നെ യാത്ര ചെയ്യാന്‍ തടസ്സമുണ്ടാകില്ല.
മാങ്കുളം പ്രദേശത്തും തൊട്ടടുത്ത വനം ഡിവിഷനുകളുമായി ബന്ധപ്പെട്ടും റവന്യൂ പ്രദേശങ്ങള്‍ സംബന്ധിച്ചും ഉള്ള തര്‍ക്കങ്ങള്‍ പരിഹരിക്കുന്നതിന് ദീര്‍ഘകാലത്തേക്ക് ഒരു സബ്ബ് കളക്ടറെ നിയമിക്കുന്നതിന് റവന്യൂ മന്ത്രിയോട് ആവശ്യപ്പെടാനും യോഗത്തില്‍ തീരുമാനിച്ചു.
യോഗത്തില്‍ ദേവികളും എം.എല്‍.എ അഡ്വ. എ.രാജ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി. ആനന്ദറാണി, മാങ്കുളം പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി.വനീത സജീവന്‍, മുഖ്യ വനംമേധാവി ശ്രീ. ഗംഗാ സിംഗ് ഐ.എഫ്.എസ്, ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡ് ശ്രീ.ഡി.ജയപ്രസാദ് ഐ.എഫ്.എസ്, എ.പി.സി.സി.എഫ് ഡോ.പി.പുകഴേന്തി ഐ.എഫ്.എസ്, മാങ്കുളം, മൂന്നാര്‍, മലയാറ്റൂര്‍ ഡി.എഫ്.ഒമാര്‍, ബ്ലോക്ക് ഡെവലപ്‌മെന്റ് ഓഫീസറുടെ പ്രതിനിധി, വനം ഉദ്യോഗസ്ഥര്‍ സംബന്ധിച്ചു.