സോളാർ പീഡന കേസിലെ ഗൂഢാലോചന: കെ.ബി ഗണേഷ് കുമാർ നേരിട്ട് ഹാജരാകണമെന്ന് കോടതി
കെ.ബി.ഗണേഷ് കുമാർ എം എൽ എ യ്ക്കും പരാതിക്കാരിയ്ക്കും എതിരെയാണ് സോളാർ പീഡന ഗൂഢാലോചനക്കേസ്.സോളാർ കേസിൽ ഉമ്മൻ ചാണ്ടിയെ കുടുക്കാൻ വ്യാജ രേഖ ചമച്ച് ഗൂഢാലോചന നടത്തിയെന്നാണ് കേസ്. കൊട്ടാരക്കര കോടതിയെടുത്ത കേസിൽ പരാതിക്കാരിയാണ് ഒന്നാം പ്രതി.
കൊല്ലം | സോളാർ പീഡനക്കേസിലെ ഗൂഢാലോചനയുമായി ബന്ധപ്പെട്ട് പത്തനാപുരം എംഎൽഎ കെ ബി ഗണേഷ് കുമാറിന് കോടതി നോട്ടീസ്. ഗണേഷ് കുമാർ നേരിട്ട് ഹാജരാകണമെന്ന് ആവശ്യപ്പെട്ട് കൊട്ടാരക്കര ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് നോട്ടീസ് നൽകിയത്. അടുത്ത മാസം 18 ന് ഹാജരാകണമെന്നാണ് കോടതി നിർദ്ദേശം. ഗണേഷിനൊപ്പം പരാതിക്കാരിക്കും വീണ്ടും സമൻസ് അയച്ചിട്ടുണ്ട്
കെ.ബി.ഗണേഷ് കുമാർ എം എൽ എ യ്ക്കും പരാതിക്കാരിയ്ക്കും എതിരെയാണ് സോളാർ പീഡന ഗൂഢാലോചനക്കേസ്.സോളാർ കേസിൽ ഉമ്മൻ ചാണ്ടിയെ കുടുക്കാൻ വ്യാജ രേഖ ചമച്ച് ഗൂഢാലോചന നടത്തിയെന്നാണ് കേസ്. കൊട്ടാരക്കര കോടതിയെടുത്ത കേസിൽ പരാതിക്കാരിയാണ് ഒന്നാം പ്രതി. രണ്ടാം പ്രതി കെ.ബി. ഗണേഷ് കുമാർ എം എൽ എ. സമൺസിന് ഹൈക്കോടതി അനുവദിച്ച സ്റ്റേ ഇന്നലെ അവസാനിച്ച സാഹചര്യത്തിലാണ് കൊട്ടാരക്കര കോടതി കേസ് വീണ്ടും പരിഗണിച്ചത്. അടുത്ത മാസം 18 ന് കെ.ബി.ഗണേഷ് കുമാർ നേരിട്ട് ഹാജരാകാനാണ് നിർദ്ദേശം. പീഡനക്കേസിലെ പരാതിക്കാരിയും നേരിട്ട് ഹാജരാകണം. കോൺഗ്രസ് പ്രവർത്തകനും അഭിഭാഷകനുമായ അഡ്വ. സുധീർ ജേക്കബാണ് അന്വേഷണം ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചത്. സോളാർ പരാതിക്കാരി എഴുതിയ കത്തിൽ ഉമ്മൻ ചാണ്ടിയുടെ പേര് എഴുതി ചേർത്തതാണെന്ന് സിബിഐയും കണ്ടെത്തിയിരുന്നു.
അതേസമയം, സമൻസിനെതിരെ കെ.ബി.ഗണേഷ് കുമാർ വീണ്ടും ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്. സോളാർ ഗൂഢാലോചനക്കേസ് നിയമപരമായി നേരിടുമെന്ന് യുഡിഎഫും കോൺഗ്രസും പറയുന്നുണ്ടെങ്കിലും സംസ്ഥാന നേതാക്കളാരും കേസിൽ കക്ഷി ചേർന്നിട്ടില്ല.സോളാർ കേസിലെ പരാതിക്കാരി എഴുതിയ കത്തിൽ കൂട്ടിച്ചേർക്കലുകളുണ്ടായെന്നും അതിൽ ഉമ്മൻ ചാണ്ടിയുടെ പേര് എഴുതിച്ചേർക്കുകയായിരുന്നുവെന്നും ചൂണ്ടികാട്ടി 2017 ലാണ് കോൺഗ്രസ് നേതാവ് അഡ്വ. സുധീർ ജേക്കബ് കൊട്ടാരക്കര കോടതിയിൽ സ്വകാര്യ അന്യായം ഫയൽ ചെയ്തത്.
കെ ബി ഗണേഷ് കുമാറിനെയും പരാതിക്കാരിയെയും പ്രതിയാക്കിയായിരുന്നു സുധീർ ജേക്കബ് കേസ് നൽകിയത്. കേസിൽ ഉമ്മൻചാണ്ടി ഉൾപ്പെടെയുള്ളവരുടെ പ്രാഥമിക വാദം കേട്ട കോടതി പ്രഥമ ദൃഷ്ട്യ കേസിൽ കഴമ്പുണ്ടെന്ന് കണ്ടെത്തിയിരുന്നു.