മുഖ്യമന്ത്രിക്കും കുടുംബത്തിനുമെതിരെ ഗൂഢാലോചന ?സരിത്തിന്റെ വിജിലൻസ് പിടിച്ചെടുത്ത മൊബൈൽ ഫോൺ ഫോറൻസിക് പരിശോധനക്ക് അയക്കും

മുഖ്യമന്ത്രി പിണറായി വിജയനും കുടുംബത്തിനുമെതിരെ സ്വപ്ന ആരോപണങ്ങളുന്നയിച്ചതിന് പിന്നാലെയാണ് അവരുടെ സഹായിയും സ്വർണ്ണക്കടത്ത് കേസിലെ കൂട്ട് പ്രതിയുമായ സരിത്തിനെ വിജിലൻസ് സംഘം കസ്റ്റഡിയിലെടുത്തത്. വർഷങ്ങളായി ഇഴഞ്ഞുനീങ്ങിയ കേസിലായിരുന്നു അസാധാരണ നടപടിയിലൂടെയുള്ള കസ്റ്റഡി.

0

തിരുവനന്തപുരം |സ്വർണ്ണക്കടത്ത് കേസ് പ്രതി സരിത്തിന്റെ വിജിലൻസ് പിടിച്ചെടുത്ത മൊബൈൽ ഫോൺ ഫോറൻസിക് പരിശോധനക്ക് അയക്കും. പാലക്കാട് വിജിലൻസ് യൂണിറ്റ് പിടിച്ചെടുത്ത ഫോൺ തിരുവനന്തപുരത്ത് എത്തിക്കും. ഈ ഫോണിൽ നിന്നും സരിത്ത് ആരെയെല്ലാം ബന്ധപ്പെട്ടുവെന്ന് കണ്ടെത്താനാണ് വിജിലൻസ് സംഘത്തിന്റെ നീക്കം.

മുഖ്യമന്ത്രി പിണറായി വിജയനും കുടുംബത്തിനുമെതിരെ സ്വപ്ന ആരോപണങ്ങളുന്നയിച്ചതിന് പിന്നാലെയാണ് അവരുടെ സഹായിയും സ്വർണ്ണക്കടത്ത് കേസിലെ കൂട്ട് പ്രതിയുമായ സരിത്തിനെ വിജിലൻസ് സംഘം കസ്റ്റഡിയിലെടുത്തത്. വർഷങ്ങളായി ഇഴഞ്ഞുനീങ്ങിയ കേസിലായിരുന്നു അസാധാരണ നടപടിയിലൂടെയുള്ള കസ്റ്റഡി.
ലൈഫ് മിഷൻ കേസുമായി ബന്ധപ്പെട്ടാണ് കസ്റ്റഡിയിലെടുത്തതെന്നാണ് വിജിലൻസ് സംഘം അറിയിച്ചതെങ്കിലും സ്വപ്ന ആര് പറഞ്ഞിട്ടാണ് വെളിപ്പെടുത്തലുകൾ നടത്തുന്നതെന്നാണ് തന്നോട് ചോദിച്ചതെന്നാണ് സരിത്ത് വ്യക്തമാക്കിയത്. ലൈഫ് മിഷൻ കേസിലെന്ന പേരിലാണ് വിജിലൻസ് കൂട്ടിക്കൊണ്ട് പോയത്. എന്നാൽ ഇതുമായി ബന്ധപ്പെട്ട് ഒരു വിവരവും ചോദിച്ചിട്ടില്ലെന്നും സരിത്ത് വിശദീകരിച്ചിരുന്നു. അതായത് സ്വപ്നയുമായി ബന്ധപ്പെട്ട വിവരങ്ങളറിയാനാണ് സരിത്തിന്റെ വിജിലൻസ് കസ്റ്റഡിയിലെടുത്തതെന്നാണ് സൂചന .

മുഖ്യമന്ത്രിക്കും കുടുംബത്തിനുമെതിരായ വെളിപ്പെടുത്തലിന് പിന്നിലെ ഗൂഡാലോചനയിൽ സ്വപ്ന സുരേഷിനും പിസി ജോർജ്ജിനുമെതിരെ പൊലീസ് ഇതിനോടകം കേസെടുത്തിട്ടുണ്ട്. സ്വപ്ന ആരോപണം ഉന്നയിച്ച മുൻമന്ത്രി കെടി ജലീലിൻറെ പരാതിയിലാണ് കേസ് രജിസ്റ്റർ ചെയ്തത്. കന്‍റോണ്‍മെന്‍റ് പോലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ അറസ്റ്റ് ഒഴിവാക്കാന്‍ നിയമ നടപടികൾക്കൊരുങ്ങുകയാണ് സ്വപ്ന സുരേഷും സരിത്തും. ഹൈക്കോടതിയില്‍ മുൻകൂർ ജാമ്യാപേക്ഷ നല്‍കി. പൊലീസിനെ ഉപയോഗിച്ച് വേട്ടയാടാന്‍ നീക്കമുണ്ടെന്നാണ് മുൻകൂർ ജാമ്യ ഹര്‍ജിയില്‍ ഇരുവരും ഉന്നയിക്കുന്ന പ്രധാന ആരോപണം.കോടതിയുടെ അടിയന്ത ഇടപെടല്‍ ഉണ്ടാകണമെന്നും ഇന്ന് തന്നെ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കണം എന്നും ഹര്‍ജിയില്‍ ആവശ്യപ്പെട്ടു.

അതേസമയം ജലീലിന്റെ പരാതിയിൽ സ്വപ്ന സുരേഷിനെയും പി.സി ജോർജിനെയും പ്രതികളാക്കി പൊലീസ് കഴിഞ്ഞ ദിവസം കേസെടുത്തിരുന്നു.കേസിൽ കൂടുതൽ നടപടികൾ ഇന്നുണ്ടാകും, പ്രത്യേക അന്വേഷണ സംഘത്തിന് രൂപം നൽകും. രണ്ടു മാസം മുമ്പ് തന്നെ പ്രതികൾ കൂടിക്കാഴ്ച നടത്തിയുന്നു. ഇരുവരുടെയും ഗൂഢാലോചനയാണ് ആരോപണത്തിന് പിന്നിലെന്ന് എഫ്ഐആറിൽ പറയുന്നു. ഉടൻ തന്നെ സ്വപ്നയെയും പി.സി ജോർജിനെയും ചോദ്യം ചെയ്യും. നിയമോപദേശം തേടിയ ശേഷമാണ് പൊലീസ് കേസെടുത്തത്.

ഗൂഢാലോചന, അപകീർത്തി എന്നീ പരാതികൾ ഉന്നയിച്ചായിരുന്നു ജലീലിൻ്റെ പരാതി. ഐപിസി 120 ബി പ്രകാരം ഗൂഢാലോചനയ്ക്കും കലാപ ശ്രമത്തിന് 153 ആം വകുപ്പും ചുമത്തിയുമാണ് കേസ്. അപകീർത്തിക്ക് കേസെടുക്കണമെന്ന ആവശ്യമുണ്ടായെങ്കിലും നിയമപരായി പോലീസിന് അതിൽ എഫ്ഐആർ രജിസ്റ്റർ ചെയ്യാൻ കഴിയില്ല. മാനനഷ്ടക്കേസിൽ പരാതിക്കാരന് കോടതിയെ സമീപിക്കാം.പിണറായിക്കു പുറമേ മുഖ്യമന്ത്രിയുടെ കുടുംബാംഗങ്ങൾ, എം ശിവശങ്കർ, സി.എം രവീന്ദ്രൻ, കെ.ടി ജലീൽ തുടങ്ങിയവർക്കെതിരെയായിരുന്നു സ്വപ്ന ആരോപണം ഉന്നയിച്ചത്. പ്രതികളുടെ ഫോൺ രേഖകൾ ഇതിനകം പൊലീസ് ശേഖരിച്ചിട്ടുണ്ട്.

You might also like

-