കോൺഗ്രസിൽ കൂട്ടരാജി: നേതാക്കൾ സംഘടനാ ചുമതലകറിയൽ നിന്നും ഒഴിവക്കുന്നു

"മറ്റൊരു പേര് ആലോചിക്കുന്നതിന് മുൻപ് പ്രവർത്തക സമിതി വീണ്ടും ഒരു യോഗം ചേരും. "അദ്ദേഹത്തിന്റെ രാജി പ്രവർത്തക സമിതി അംഗീകരിച്ചില്ലെങ്കിൽ, ഊഹാപോഹങ്ങൾ ഉണ്ടാവും, അദ്ദേഹം തന്റെ വാദങ്ങളിൽ ഉറച്ചുനിൽക്കും,"

0

ഡൽഹി : കോൺഗ്രസിന്റെയും പോഷക സംഘടനകളുടെയും ചുമതലകളിൽ നിന്ന് നേതാക്കൾ കൂട്ടമായി രാജിവയ്ക്കുന്നു. മണിക്കൂറുകൾക്കുള്ളിൽ 120 ലേറെ നേതാക്കളാണ് രാജിവച്ചിരിക്കുന്നത്.
അഖിലേന്ത്യ കോൺഗ്രസ് കമ്മിറ്റി സെക്രട്ടറി സ്ഥാനം, യൂത്ത് കോൺഗ്രസ് ഭാരവാഹിത്വം, മഹിള കോൺഗ്രസ് നേതൃസ്ഥാനം എന്നിവയാണ് നേതാക്കൾ ഒഴിഞ്ഞത്. ഇത് രാഹുൽ ഗാന്ധിയോടുള്ള ബഹുമാനത്തിന്റെയും ആദരവിന്റെയും സൂചകമാണെന്നാണ് കൂട്ടരാജിക്കത്തിൽ പറയുന്നത്.വ്യാഴാഴ്ച രാത്രിയാണ് കൂട്ടരാജി ആരംഭിച്ചത്. മധ്യപ്രദേശിൽ നിന്നുള്ള വിവേക് തൻഖ എന്ന കോൺഗ്രസ് നേതാവാണ് ഇതിന് തുടക്കം കുറിച്ചത്. ഇദ്ദേഹം മധ്യപ്രദേശിലെ നിയമ-വിവരാവകാശ സെല്ലിന്റെ ചെയർമാൻ സ്ഥാനമാണ് രാജിവച്ചത്. രാഹുൽ ഗാന്ധിയെ കൂടുതൽ പ്രതിസന്ധിയിലാക്കാൻ സാധിക്കില്ലെന്നും അദ്ദേഹത്തിന് സ്വന്തം ടീമിനെ തെരഞ്ഞെടുക്കാൻ എല്ലാവരും രാജി സമർപ്പിക്കണമെന്നുമാണ് ഇദ്ദേഹം ട്വീറ്റ് ചെയ്തത്.

പോരാട്ടത്തിന് സാധിക്കുന്ന വിധത്തിൽ കോൺഗ്രസ് പാർട്ടിയെ ഉടച്ചുവാർക്കാനുള്ള അപേക്ഷയും ഇദ്ദേഹം രാഹുൽ ഗാന്ധിക്ക് മുന്നിൽ വച്ചു. ഇന്ന് ഉച്ചയ്ക്ക് നോർത്ത് വെസ്റ്റ് ദില്ലിയിൽ നിന്നുള്ള രാജേഷ് ലിലോതിയ ദില്ലി കോൺഗ്രസ് വർക്കിംഗ് കമ്മിറ്റി പ്രസിഡന്റ് സ്ഥാനം രാജിവച്ചു. തൊട്ടുപിന്നാലെ നിരവധി നേതാക്കളാണ് രാജി പ്രഖ്യാപനം നടത്തിയത്.

ലോക്സഭാ തെരഞ്ഞെടുപ്പിലെ പരാജയത്തിന് പിന്നാലെ രാഹുൽ ഗാന്ധി കോൺഗ്രസിന്റെ ദേശീയ അദ്ധ്യക്ഷ സ്ഥാനം രാജിവച്ചിരുന്നു. എന്നിട്ടും കോൺഗ്രസിലെ മറ്റൊരു മുതിർന്ന നേതാവും ഈ തരത്തിൽ രാജിവയ്ക്കാതിരുന്നതിനെ കഴിഞ്ഞ ദിവസം രാഹുൽ ഗാന്ധി പ്രസംഗത്തിനിടെ പരാമർശിച്ചിരുന്നു. ഇതിന്റെ കൂടി പശ്ചാത്തലത്തിലാണ് കോൺഗ്രസിലെ നേതാക്കൾ കൂട്ടമായി രാജിവെച്ചിരിക്കുന്നതെന്നാണ് വിവരം. രാഹുൽ ഗാന്ധിക്ക് കൂടുതൽ ശക്തമായ നേതൃ നിര പടുത്തുയർത്തുന്നതിന് വേണ്ടിയാണ് ഈ കൂട്ടരാജിയെന്നാണ് വിവരം.

തന്റെ തീരുമാനത്തിൽ നിന്ന് രാഹുൽ ഗാന്ധി പിന്നോട്ട് പോകാൻ ഒരു ശതമാനം പോലും സാധ്യതയില്ലെന്നാണ് ഇന്ന് മുതിർന്ന കോൺഗ്രസ് നേതാവ് എം വീരപ്പ മൊയ്‌ലി പറഞ്ഞത്. രാഹുൽ ഗാന്ധിയുടെ രാജി തീരുമാനം കടുത്തതായതിനാൽ അഖിലേന്ത്യ കോൺഗ്രസ് കമ്മിറ്റിയുടെ പ്രവർത്തക സമിതി യോഗം ഉടൻ ചേരുമെന്നും അദ്ദേഹം പറഞ്ഞു. എന്താണ് സംഭവിക്കുകയെന്ന് പറയാൻ കഴിയില്ലെന്നും എന്നാൽ രാഹുൽ ഗാന്ധി തന്റെ തീരുമാനം മാറ്റുമെന്ന് ഒരു ശതമാനം പോലും താൻ കരുതുന്നില്ലെന്നും വീരപ്പ മൊയ്‌ലി പിടിഐക്ക് നൽകിയ അഭിമുഖത്തിൽ വ്യക്തമാക്കി.

“മറ്റൊരു പേര് ആലോചിക്കുന്നതിന് മുൻപ് പ്രവർത്തക സമിതി വീണ്ടും ഒരു യോഗം ചേരും. “അദ്ദേഹത്തിന്റെ രാജി പ്രവർത്തക സമിതി അംഗീകരിച്ചില്ലെങ്കിൽ, ഊഹാപോഹങ്ങൾ ഉണ്ടാവും, അദ്ദേഹം തന്റെ വാദങ്ങളിൽ ഉറച്ചുനിൽക്കും,” വീരപ്പമൊയ്‌ലി പറഞ്ഞു.

രാഹുൽ ഗാന്ധി ദേശീയ അദ്ധ്യക്ഷ സ്ഥാനത്ത് തുടരുമോ ഇല്ലേയെന്നുള്ള ചോദ്യം നാളുകളായി ദേശീയ രാഷ്ട്രീയത്തിൽ ഉയർന്നു നിൽക്കുന്നുണ്ട്. എന്നാൽ രാജ്യമൊട്ടാകെയുള്ള വിവിധ രാഷ്ട്രീയ നേതാക്കളെ അദ്ദേഹം ഇപ്പോഴും കാണുന്നും ചർച്ച ചെയ്യുന്നുമുണ്ട്. ഹരിയാനയിലെ കോൺഗ്രസിന്റെ ശക്തിപ്പെടുത്താനും വിവിധ സംസ്ഥാനങ്ങളിലെ കോൺഗ്രസിനെ പുനസംഘടിപ്പിക്കാനും സജീവമായി തന്നെ അദ്ദേഹം രംഗത്തുണ്ടെന്നാണ് റിപ്പോർട്ടുകൾ

You might also like

-