പാതിവില തട്ടിപ്പ് കേസില്‍ കോണ്‍ഗ്രസ് നേതാവ് ലാലി വിന്‍സന്റിനെ ഏഴ് മണിക്കൂറിലേറെചോദ്യംചെയ്തു

ഡീന്‍ കുര്യാക്കോസ് എം.പിയുടേയും സിപിഐഎം ഇടുക്കി ജില്ലാ സെക്രട്ടറി സി വി വര്‍ഗീസിന്റെയും ബിജെപി നേതാവ് എ എന്‍ രാധാകൃഷ്ണന്റെയും മൊഴി എടുക്കും.

കൊച്ചി | പാതിവില തട്ടിപ്പ് കേസില്‍ കോണ്‍ഗ്രസ് നേതാവ് അഡ്വക്കേറ്റ് ലാലി വിന്‍സന്റിന്റെചോദ്യംചെയ്തു ക്രൈംബ്രാഞ്ച്.തൃപ്പൂണിത്തുറ ക്രൈംബ്രാഞ്ച് ഓഫിസിലേക്ക് വിളിച്ചു വരുത്തിയാണ് ലാലിയെ ഇന്നലെ ക്രൈംബ്രാഞ്ച് ഏഴ് മണിക്കൂറിലേറെ നേരം ചോദ്യം ചെയ്തത് അനന്തുകൃഷ്ണനില്‍ നിന്ന് 46 ലക്ഷം രൂപ കൈപ്പറ്റിയതിന്റെ രേഖകളെ കുറിച്ചാണ് ചോദിച്ചത്. ഡീന്‍ കുര്യാക്കോസ് എം.പിയുടേയും സിപിഐഎം ഇടുക്കി ജില്ലാ സെക്രട്ടറി സി വി വര്‍ഗീസിന്റെയും ബിജെപി നേതാവ് എ എന്‍ രാധാകൃഷ്ണന്റെയും മൊഴി എടുക്കും.
അതേസമയം തന്നെ ചോദ്യം ചെയ്യലിന് വിളിച്ചു വരുത്തിയിട്ടില്ലെന്നും തന്‍റെ ആവശ്യ പ്രകാരം അന്വേഷണ സംഘം തന്‍റെ മൊഴിയെടുക്കുകയായിരുന്നെന്നുമാണ് ലാലി ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചത്. എറണാകുളത്തു നിന്നുളള എഐസിസി അംഗമായ ലാലി വിന്‍സെന്‍റ് ഗുജറാത്തിലെ എഐസിസി സമ്മേളനം ഒഴിവാക്കിയാണ് ചോദ്യം ചെയ്യലിന് ഹാജരായത്. എന്നാല്‍ മറ്റ് ചില തിരക്കുകള്‍ ഉളളതു കൊണ്ടാണ് എഐസിസി സമ്മേളനത്തിന് പോകാതിരുന്നതെന്നായിരുന്നു ചോദ്യം ചെയ്യലിനു ശേഷമുളള ലാലിയുടെ പ്രതികരണം.

തട്ടിപ്പുമായി ബന്ധപ്പെട്ട് കണ്ണൂരില്‍ രജിസ്റ്റര്‍ ചെയ്ത കേസില്‍ പ്രതിയാണ് ലാലി വിന്‍സന്റ്. ആ കേസുമായി ബന്ധപ്പെട്ടും അനന്തു കൃഷ്ണനുമായുള്ള പണമിടപാടുമായി ബന്ധപ്പെട്ടുമാണ് മൊഴി രേഖപ്പെടുത്തിയത്. 46 ലക്ഷം രൂപ അനന്തു കൃഷ്ണനില്‍ നിന്ന് കൈപ്പറ്റിയെന്ന് ലാലി വിന്‍സന്റ് നേരത്തെ തന്നെ മാധ്യമങ്ങളോടടക്കം പറഞ്ഞിരുന്നു. എന്നാല്‍ ഇത് വക്കീല്‍ ഫീസ് ഇനത്തില്‍ കൈപ്പറ്റിയെന്നാണ് ഇവര്‍ ക്രൈം ബ്രാഞ്ചിന് നല്‍കിയ മൊഴി. ഈ മൊഴി ഇതുവരെ ക്രൈംബ്രാഞ്ച് വിശ്വാസത്തില്‍ എടുത്തിട്ടില്ല. ഏതെങ്കിലും തരത്തില്‍ പാതിവില തട്ടിപ്പുമായി ബന്ധപ്പെട്ട ആസൂത്രണത്തില്‍ പങ്കുണ്ടോ എന്ന തരത്തിലുള്ള അന്വേഷണമാണ് പുരോഗമിക്കുന്നത്. ലാലി വിന്‍സെന്റിനെ മൂന്ന് തവണയോളം ചോദ്യം ചെയ്തിട്ടുണ്ട്. ഇടി കൂടുതല്‍ തവണ ചോദ്യം ചെയ്യാനുള്ള സാധ്യതയുമുണ്ട്.

അനന്തു കൃഷ്ണന്‍ രാഷ്ട്രീയ നേതാക്കള്‍ക്ക് പണം നല്‍കിയെന്ന വാര്‍ത്തകളും നേരത്തെ പുറത്ത് വന്നിരുന്നു. ഈ പശ്ചാത്തലത്തില്‍ പണം വാങ്ങിയ നേതാക്കളുടെ മൊഴി രേഖപ്പെടുത്താനും അന്വേഷണം സംഘം തീരുമാനിച്ചിട്ടുണ്ട്. ഇടുക്കി എം പി ഡീന്‍ കുര്യാക്കോസ്, സിപിഐഎം ഇടുക്കി ജില്ലാ സെക്രട്ടറി സി വി വര്‍ഗീസ്, അനന്തു കൃഷ്ണന്റെ സൊസൈറ്റിയിലേക്ക് പണം നല്‍കിയ ബിജെപി നേതാവ് എ എന്‍ രാധാകൃഷ്ണന്‍ അടക്കമുള്ള നേതാക്കളുടെ മൊഴി രേഖപ്പെടുത്തും. അടുത്ത ഘട്ടത്തിലായിരിക്കും ഇവരുടെ മൊഴി രേഖപ്പെടുത്തുക. തെരഞ്ഞെടുപ്പ് ഫണ്ടിലേക്ക് ഡീന്‍ കുര്യാക്കോസ് എം പി യും സി പി എം ഇടുക്കി ജില്ലാ സെക്രട്ടറി സി വി വര്‍ഗീസും ലക്ഷങ്ങള്‍ വാങ്ങിയെന്നായിരുന്നുഅനന്തുകൃഷ്ണൻ മൊഴിനല്കിയിട്ടുള്ളത് .നേതാക്കളുടെ ബാങ്ക് അകൗണ്ടുകൾ പോലീസ് പരിശോധിച്ചുവരുകയാണ്.പാതിവില തട്ടിപ്പുമായി ബന്ധപ്പെട്ട് സായിഗ്രാം ട്രസ്റ്റ് ചെയര്‍മാന്‍ കെ എന്‍ ആനന്ദകുമാറിന്റെ ജാമ്യഹര്‍ജി ഹൈക്കോടതി തളളി. ക്രൈംബ്രാഞ്ചിന്റെ വാദം അംഗീകരിച്ചാണ് ആനന്ദകുമാറിന്റെ ഹര്‍ജി കോടതി തളളിയത്. പകുതിവിലയ്ക്ക് സാധനങ്ങള്‍ നല്‍കുന്നതിന് എന്‍ജിഒ കോണ്‍ഫഡറേഷന്റെ ചുമതല അനന്ദുകൃഷ്ണന് കൈമാറുന്ന രേഖകളില്‍ ആനന്ദകുമാറിന് തട്ടിപ്പുമായി ബന്ധമുണ്ടെന്ന് വ്യക്തമാക്കുന്ന രേഖകളുണ്ടെന്നും അനന്ദു നേതൃത്വം കൊടുത്ത നിരവധി പരിപാടികളില്‍ ആനന്ദകുമാര്‍ പങ്കെടുത്തത് തട്ടിപ്പിനെക്കുറിച്ചുളള വ്യക്തമായ അറിവോടെയാണെന്നും ക്രൈംബ്രാഞ്ച് കോടതിയില്‍ പറഞ്ഞു. പാതിവില തട്ടിപ്പ് കേരളത്തിലെ വലിയ സാമ്പത്തിക കുംഭകോണമാണെന്ന് ഹൈക്കോടതി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ആനന്ദകുമാറിന്റെ ജാമ്യാപേക്ഷ തളളിയ ഉത്തരവിലാണ് ജസ്റ്റിസ് പി വി കുഞ്ഞികൃഷ്ണന്‍ ഇക്കാര്യം പറഞ്ഞത്.

You might also like

-