ശ്രീറാം വെങ്കിട്ടരാമനെതിരായ പരാതി കേന്ദ്ര വിജിലൻസ് കമ്മീഷൻ ഫയലിൽ സ്വീകരിച്ചു
അധികാര ദുരുപയോഗം, തെളിവ് നശിപ്പിക്കൽ എന്നീ കുറ്റങ്ങൾ ചെയ്തതിനാൽ ശ്രീറാമിനെ സിവിൽ സർവിസിൽനിന്ന് നീക്കം ചെയ്യാൻ കേന്ദ്ര പേഴ്സണൽ മന്ത്രാലയത്തോട് നിർദേശിക്കണമെന്നും ക്രിമിനൽ കേസ് പ്രതിയായിരിക്കെ നിയമവിരുദ്ധമായി നൽകിയ സ്ഥാനക്കയറ്റം റദ്ദാക്കണമെന്നും ആവശ്യപ്പെട്ടാണ് പരാതി
ഡൽഹി| മദ്യലഹരിയിൽ കാറോടിച്ച് മാധ്യമപ്രവർത്തകൻ കെ എം ബഷീറിനെ കൊലപ്പെടുത്തിയ കേസിൽ ശ്രീറാം വെങ്കിട്ടരാമനെതിരായ പരാതി കേന്ദ്ര വിജിലൻസ് കമ്മീഷൻ ഫയലിൽ സ്വീകരിച്ചു. അധികാര ദുരുപയോഗം, തെളിവ് നശിപ്പിക്കൽ എന്നീ കുറ്റങ്ങൾ ചെയ്തതിനാൽ ശ്രീറാമിനെ സിവിൽ സർവിസിൽനിന്ന് നീക്കം ചെയ്യാൻ കേന്ദ്ര പേഴ്സണൽ മന്ത്രാലയത്തോട് നിർദേശിക്കണമെന്നും ക്രിമിനൽ കേസ് പ്രതിയായിരിക്കെ നിയമവിരുദ്ധമായി നൽകിയ സ്ഥാനക്കയറ്റം റദ്ദാക്കണമെന്നും ആവശ്യപ്പെട്ടാണ് പരാതി.
കേസില്‍ തെളിവ് നശിപ്പിച്ച ശ്രീറാം വെങ്കിട്ടരാമനെ സിവിൽ സർവിസിൽനിന്ന് നീക്കണമെന്ന് ആവശ്യപ്പെട്ട് എൽജെഡി സംസ്ഥാന ജനറൽ സെക്രട്ടറി സലീം മടവൂരാണ് പരാതി നൽകിയത്. ഇതിൽ ഉന്നയിച്ച വിഷയങ്ങൾ കമ്മീഷന്റെ പരിഗണന വിഷയങ്ങളിൽ പെട്ടതായതിനാൽ ഫയലിൽ സ്വീകരിക്കുന്നുവെന്ന് ഉത്തരവിൽ പറയുന്നു.രാത്രി മദ്യപിച്ച് അമിതവേഗതയിൽ വാഹനമോടിച്ച് മാധ്യമപ്രവർത്തകൻ കെ എം ബഷീറിന്റെ മരണത്തിന് കാരണക്കാരനായിട്ടും ഐഎഎസ് പദവി ദുരുപയോഗം ചെയ്ത് കേസിൽനിന്ന് രക്ഷപ്പെടാൻ ഗൂഢാലോചന നടത്തിയെന്നും പൊലീസിനെ സ്വാധീനിച്ച് സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടുകയും രക്തസാമ്പിൾ നൽകാൻ വിസമ്മതിക്കുകയും ചെയ്തെന്നും പരാതിയിൽ പറയുന്നു.ആശുപത്രിയിൽനിന്ന് ജയിലിലേക്ക് റിമാൻഡ് ചെയ്ത് അയച്ചപ്പോഴും ജയിൽ ഡോക്ടറെ സ്വാധീനിച്ച് ജയിൽവാസം ഒഴിവാക്കി. തിരുവനന്തപുരം മെഡിക്കൽ കോളജിലെ ഡോക്ടർമാർ ഇദ്ദേഹത്തിന് നിട്രോഗ്രേഡ് അംനീഷ്യ എന്ന മാനസികരോഗമുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്. ഉത്തരവാദപ്പെട്ട ജോലികൾ ചെയ്യാൻ ഇദ്ദേഹം യോഗ്യനല്ല. സസ്പെൻഡ് ചെയ്യപ്പെടുമ്പോൾ ഡെപ്യൂട്ടി സെക്രട്ടറി റാങ്കിലായിരുന്ന ശ്രീറാം വെങ്കട്ടറാമിനെ തിരിച്ചെടുത്തത് ജോയന്റ് സെക്രട്ടറി റാങ്കിലാണ്. ഇത് കേന്ദ്ര പേഴ്സണൽ മന്ത്രാലയത്തിന്റെ ചട്ടങ്ങളുടെ പരസ്യമായ ലംഘനമാണെന്നും പരാതിയിൽ ചൂണ്ടിക്കാട്ടുന്നു.