ക്രിസ്തീയ ജീവിതത്തില്‍ യാദൃശ്ചികമെന്ന വാക്കിനു പ്രസക്തിയില്ല: പുതുപ്പള്ളിയച്ചന്‍
നിന്ദയും, പരിഹാസവും, കഷ്ടതകളും, ക്രിസ്തീയ ജിവിതത്തിന്റെ അവിഭാജ്യ ഘടകമാണെന്നും, എന്നാല്‍ ഇതില്‍ നിരാശരാകാതെ ഇതിനെ അതിജീവിക്കുന്നതിനു ആവശ്യമായ ശക്തി കൃപാസനത്തിലേക്ക് അടുത്തുവരുമ്പോള്‍ ലഭിക്കുമെന്നും അച്ചന്‍ ഓര്‍മ്മപ്പെടുത്തി
ഗാര്‍ലന്റ് (ഡാളസ്): ക്രൈസ്തവ വിശ്വാസികളുടെ ജീവിതത്തില്‍ യാദൃശ്ചികം എന്ന വാക്കിനു യാതൊരു പ്രസക്തിയുമില്ലെന്നും, ജീവിതത്തില്‍ സംഭവിക്കുന്നതെല്ലാം സൃഷ്ടാവിന്റെ അറിവോടുകൂടിമാത്രമാണെന്നും സുവിശേഷ പ്രാസംഗീകനും, മാധ്യമ പ്രവര്‍ത്തകനും, എഴുത്തുകാരനുമായ റവ. ജോര്‍ജ് മാത്യു (പുതുപ്പള്ളിയച്ചന്‍) പറഞ്ഞു.
നിന്ദയും, പരിഹാസവും, കഷ്ടതകളും, ക്രിസ്തീയ ജിവിതത്തിന്റെ അവിഭാജ്യ ഘടകമാണെന്നും, എന്നാല്‍ ഇതില്‍ നിരാശരാകാതെ ഇതിനെ അതിജീവിക്കുന്നതിനു ആവശ്യമായ ശക്തി കൃപാസനത്തിലേക്ക് അടുത്തുവരുമ്പോള്‍ ലഭിക്കുമെന്നും അച്ചന്‍ ഓര്‍മ്മപ്പെടുത്തി. യാരമ്യൂവ് 20-ന്റെ 7-11 വരെയുള്ള വാക്യങ്ങളെ അധികരിച്ച് നടത്തിയ പ്രസംഗം ഹൃദയസ്പര്‍ശിയായിരുന്നു.
അമേരിക്കയിലേക്ക് വരുന്നതിനു നാലു തവണ വിസ നിഷേധിച്ച് അഞ്ചാം തവണയാണ് അനുമതി ലഭിച്ചതെന്നും ഇതു ദൈവീക പദ്ധതിയുടെ ഭാഗമാണെന്നും അച്ചന്‍ പറഞ്ഞു.
ഒക്‌ടോബര്‍ 13-നു ഗാര്‍ലന്റ് ഐ.പി.സി ഹെബ്രോണ്‍ ചര്‍ച്ചില്‍ നടന്ന ന്യൂ ലൈഫ് കണ്‍വന്‍ഷന്‍ 2018-ല്‍ ധ്യാന പ്രസംഗം നടത്തുകയായിരുന്നു അച്ചന്‍.
റവ. ജോണ്‍സണ്‍ ദാനിയേല്‍ ആമുഖ പ്രസംഗം നടത്തുകയും സ്വാഗതം ആശംസിക്കുകയും ചെയ്തു. ന്യൂലൈഫ് ബിബ്ലിക്കല്‍ സെമിനാരിയുടെ പ്രവര്‍ത്തനങ്ങള്‍ ജോണ്‍സണ്‍ ഡാനിയേല്‍ വിവരിച്ചു. ഗായകസംഘത്തിന്റെ ഗാനാലാപനത്തോടെയാണ് കണ്‍വന്‍ഷന്‍ ആരംഭിച്ചത്. ഒക്‌ടോബര്‍ 14-നു നടക്കുന്ന യോഗത്തിലേക്ക് ഏവരേയും ക്ഷണിക്കുന്നതായും അച്ചന്‍ അറിയിച്ചു.