റോയ് ജോസഫ് വയലാറ്റ് ഉള്‍പ്പെട്ട പോക്‌സോ കേസ് കെട്ടിച്ചമച്ചതാണെന്ന് കൂട്ടുപ്രതി അഞ്ജലി വടക്കേപ്പുര
ഇല്ലാത്ത ആരോപണങ്ങള്‍ ഉന്നയിച്ച് മകളെ മുന്‍നിര്‍ത്തിവരെ എനിക്കെതിരെ കള്ളക്കേസ് ഉണ്ടാക്കുമെന്ന് അവര്‍ ഭീഷണിപ്പെടുത്തിയിട്ടുണ്ട്. മയക്കുമരുന്ന് ഇടപാടും കള്ളപ്പണ ഇടപാടും ഹണിട്രാപും ഒക്കെ എന്റെമേല്‍ ഉന്നയിക്കപ്പെട്ട ആരോപണങ്ങളാണ്
കൊച്ചി | ഫോര്‍ട്ട് കൊച്ചി നമ്പര്‍ 18 ഹോട്ടലുടമ റോയ് ജോസഫ് വയലാറ്റ് ഉള്‍പ്പെട്ട പോക്‌സോ കേസ് കെട്ടിച്ചമച്ചതാണെന്ന് കൂട്ടുപ്രതിയായ അഞ്ജലി വടക്കേപ്പുര. സാമ്പത്തിക പ്രശ്‌നങ്ങളാണ് ആരോപണങ്ങള്‍ക്ക് പിന്നില്‍. തന്നെ നശിപ്പിക്കാനുള്ള ശ്രമങ്ങളാണ് നടക്കുന്നത് എന്നും അഞ്ജലി പറഞ്ഞു.താനുള്‍പ്പെടെയുള്ള പെണ്‍കുട്ടികളെ ഹോട്ടലില്‍ എത്തിച്ചത് അഞ്ജലിയാണെന്നാണ് പരാതിക്കാരിയുടെ മൊഴി. ‘ഇല്ലാത്ത ആരോപണങ്ങള്‍ ഉന്നയിച്ച് മകളെ മുന്‍നിര്‍ത്തിവരെ എനിക്കെതിരെ കള്ളക്കേസ് ഉണ്ടാക്കുമെന്ന് അവര്‍ ഭീഷണിപ്പെടുത്തിയിട്ടുണ്ട്. മയക്കുമരുന്ന് ഇടപാടും കള്ളപ്പണ ഇടപാടും ഹണിട്രാപും ഒക്കെ എന്റെമേല്‍ ഉന്നയിക്കപ്പെട്ട ആരോപണങ്ങളാണ്. ഇതൊക്കെ ആരാണ് ചെയ്യുന്നതെന്ന് എനിക്കറിയാം. ഞാനത് പുറത്തുപറയാതിരിക്കാനാണ് എനിക്കെതിരെ ആരോപണങ്ങള്‍ ഉന്നയിക്കുന്നത്’. അഞ്ജലി പ്രതികരിച്ചു
റോയ് വയലാറ്റ് പെണ്‍കുട്ടികള്‍ക്ക് മയക്കുമരുന്ന് നല്‍കി പീഡിപ്പിക്കുന്നത് കണ്ടെന്നും തനിക്ക് മയക്കുമരുന്ന് നല്‍കാന്‍ ശ്രമിച്ചത് അഞ്ജലിയാണെന്നുമായിരുന്നു പരാതിക്കാരിയുടെ വെളിപ്പെടുത്തല്‍. ഔഡി കാറില്‍ നമ്പര്‍ 18 ഹോട്ടലില്‍ പെണ്‍കുട്ടികളെ എത്തിച്ചത് ഇല്ലാത്ത മീറ്റിന്റെ പേരിലാണ്. പാര്‍ട്ടി ഹാളില്‍ സീരിയല്‍ താരങ്ങളെയും കണ്ടു. അഞ്ജലിയും റോയിയുടെ സുഹൃത്ത് ഷൈജുവും കോള കുടിക്കാന്‍ നിര്‍ബന്ധിച്ചുവെന്നും പെണ്‍കുട്ടി പറഞ്ഞിരുന്നു.
ആഫ്റ്റര്‍ പാര്‍ട്ടി എന്ന പേരില്‍ മൂന്നാം നിലയിലെ റൂമില്‍ കൊണ്ടുപോയി. റൂമില്‍ പെണ്‍കുട്ടികളെയും യുവാക്കളെയും കണ്ടു. അഞ്ജലി ഭീഷണിപ്പെടുത്തിയെന്നും പെണ്‍കുട്ടി വിശദീകരിച്ചു. കോഴിക്കോട് സ്വദേശിയായ അമ്മയുടെയും മകളുടെയും പരാതിയിലാണ് ഫോര്‍ട്ട്‌കൊച്ചി പൊലീസ് കേസെടുത്തിരിക്കുന്നത്. റോയിയുടെ സുഹൃത്ത് സൈജു തങ്കച്ചനെയും സൈജുവിന്റെ സുഹൃത്ത് അഞ്ജലിയെയും കേസില്‍ പ്രതിചേര്‍ത്തിട്ടുണ്ട്.
കഴിഞ്ഞ ഒക്ടോബറില്‍ നമ്പര്‍ 18 ഹോട്ടലില്‍വെച്ച് റോയി ലൈംഗികമായി ഉപദ്രവിച്ചുവെന്നാണ് പരാതി. മോഡലുകളുടെ അപകടമരണത്തിന് ഏതാനും ആഴ്ചകള്‍ക്ക് മുമ്പായിരുന്നു പീഡനം. പീഡന ദൃശ്യങ്ങള്‍ മറ്റു പ്രതികള്‍ ചേര്‍ന്ന് മൊബൈലില്‍ പകര്‍ത്തി. പൊലീസില്‍ പരാതി നല്‍കിയാല്‍ ഈ ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങള്‍ വഴി പ്രചരിപ്പിക്കുമെന്ന് അഞ്ജലി ഭീഷണിപ്പെടുത്തിയെന്നും പെണ്‍കുട്ടി പരാതിയില്‍ പറയുന്നു.കേസ് മോഡലുകളുടെ അപകടമരണം അന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘത്തിന് കൈമാറിയിരിക്കുന്നത്.
അതേസമയം കൊച്ചിയിലെ നമ്പർ 18 ഹോട്ടൽ ഉടമ റോയി വയലാറ്റിനും സൈജു തങ്കച്ചനും കോഴിക്കോട് സ്വദേശിനി അഞ്ജലി വടക്കേപ്പുര എന്നിവർക്കെതിരെ ഒന്നിലേറെ പോക്‌സോ പരാതികൾ. അഞ്ജലിയുടെ കൺസൾട്ടൻസി സ്ഥാപനത്തിലെ ജീവനക്കാരുടെ രണ്ടു മക്കളെ ലഹരിമരുന്നു നൽകി ലൈംഗികമായി ദുരുപയോഗം ചെയ്‌തെന്ന വെളിപ്പെടുത്തലിനെ തുടർന്നാണ് കേസ്. ഇവർക്കെതിരെ 9 പെൺകുട്ടികൾ മജിസ്‌ട്രേറ്റിനു മുന്നിൽ മൊഴി നൽകിയിട്ടുണ്ടെന്നാണ് വിവരം.
16 വയസ്സുള്ള പെൺകുട്ടികളിൽ ഒരാൾക്കു പകരം അവരുടെ മാതാവാണ് പൊലീസിനു മൊഴി നൽകിയത്. നേരിട്ട ദുരനുഭവത്തിന്റെ ഞെട്ടലിൽനിന്നു മാറിയിട്ടില്ലാത്ത പെൺകുട്ടി കരച്ചിലോടെയാണ് പൊലീസിനോടു സംസാരിച്ചത് മാനസികമായി പെൺകുട്ടി സാധാരണ നിലയിലെത്തിയ ശേഷം തുടർനടപടി സ്വീകരിക്കാനാണ് പൊലീസ് തീരുമാനമെന്നും പരാതി നൽകിയ യുവതി പറയുന്നു.
അഞ്ജലി വടക്കേപ്പുരയുടെ വാക്കുകൾ
‘ഇവർ തുടക്കം മുതലേ പൈസയുടെ ആവശ്യത്തിനായിട്ട്, അതായത് വട്ടിപ്പലിശയ്ക്ക് പണം കൊടുക്കുന്ന ഈ സ്ത്രീയും അവരുടെ കൂട്ടാളികളും അവരുടെ പല കാര്യങ്ങളും പുറത്ത് വരാതിരിക്കാൻ എന്‍റെ ജീവിതം വച്ചാണ് കളിച്ചുകൊണ്ടിരുന്നത്. അവര് സ്വന്തം മകളെ വരെ വച്ച് എന്‍റെ നേർക്ക് ഇല്ലാത്ത ആരോപണങ്ങളുണ്ടാക്കും എന്ന് പറഞ്ഞ് എന്നെ ഭീഷണിപ്പെടുത്തിയിട്ടുണ്ട്. എനിക്കറിയാം, നാളെ പല കള്ളക്കേസുകളും എനിക്ക് നേരെ വരും. എന്‍റെ നേരെയുള്ള ആരോപണങ്ങൾ എന്ന് പറയുന്നത് മയക്കുമരുന്നിന്‍റെ ഏറ്റവും വലിയ ഡീലറാണ് ഞാനെന്നാണ്. ഹണിട്രാപ്പിലേക്ക് ആളുകളെ പെടുത്തുന്നയാളാണ് ഞാൻ എന്നെല്ലാമാണ് അവരുടെ ആരോപണം. കള്ളപ്പണം, പണം തട്ടിപ്പ് ഇവയൊക്കെ ഞാൻ ചെയ്യുന്നുവെന്നാണ് അവർ പറയുന്നത്. ഇതൊക്കെ ആരാണ് ചെയ്യുന്നതെന്ന് നല്ലവണ്ണം എനിക്കറിയാം. അത് പുറത്തുവരാതിരിക്കാനാണ് അവർ ഇത്രയും കാട്ടിക്കൂട്ടുന്നത്. എന്‍റെ ഓഫീസിൽ ജോലി ചെയ്യുന്ന ഏതെങ്കിലും ഒരു പെൺകുട്ടി പറയട്ടെ, അഞ്ജലി ഇങ്ങനെ ഒരു പെൺകുട്ടിയെ കൊണ്ടുപോയെന്ന്. എന്‍റെ ഓഫീസിലെ എല്ലാ സ്റ്റാഫ് ലിസ്റ്റും ക്ലയന്‍റ് ലിസ്റ്റും എന്‍റെ പക്കലുണ്ട്. മറ്റ് പല വ്യക്തികളെ വച്ചിട്ടും, എനിക്കെതിരെ കള്ളക്കേസ് കൊടുക്കും എന്ന് ഞാനറഞ്ഞിട്ടുണ്ട്. ചെയ്തോട്ടെ, പക്ഷേ പത്തൊമ്പത് വയസ്സ് മുതൽ ഞാൻ ജോലി ചെയ്ത് കഷ്ടപ്പെട്ട് എത്തിയിട്ടുള്ള ഉന്നതപദവിയാണ് ഇവർ ഒരു നിമിഷം കൊണ്ട് ഇല്ലാതാക്കിയത്”