മുണ്ടക്കൈ -ചൂരൽമല ഉരുൾപൊട്ടൽ സഹായം വാഗ്ദാനം ചെയ്തവരുമായി മുഖ്യമന്ത്രി നാളെ കൂടിക്കാഴ്ച നടത്തും

നൂറ് വീടുകൾ വാ​ഗ്ദാനം ചെയ്ത കർണാടക സർക്കാരിൻ്റെ പ്രതിനിധിയും യോ​ഗത്തിൽ പങ്കെടുക്കും. രാഹുൽ ഗാന്ധിയുടെ പ്രതിനിധിയും കൂടിക്കാഴ്ചയ്ക്ക് എത്തും

തിരുവനന്തപുരം| മുണ്ടക്കൈ -ചൂരൽമല ഉരുൾപൊട്ടൽ ദുരന്തബാധിതർക്ക് സഹായം വാഗ്ദാനം ചെയ്തവരുമായി മുഖ്യമന്ത്രി നാളെ കൂടിക്കാഴ്ച നടത്തും. രാവിലെ 12ന് സെക്രട്ടറിയേറ്റിലാണ് കൂടിക്കാഴ്ച്ച. പുനരധിവാസ പദ്ധതിയുടെ വിശദാംശങ്ങൾ മുഖ്യമന്ത്രി സ്പോൺസർമാരെ അറിയിക്കും. നൂറ് വീടുകൾ വാ​ഗ്ദാനം ചെയ്ത കർണാടക സർക്കാരിൻ്റെ പ്രതിനിധിയും യോ​ഗത്തിൽ പങ്കെടുക്കും. രാഹുൽ ഗാന്ധിയുടെ പ്രതിനിധിയും കൂടിക്കാഴ്ചയ്ക്ക് എത്തും.ദുരന്തബാധിതരുടെ പുനരധിവാസത്തിന് വേണ്ടി ഏറ്റെടുക്കാൻ ഉദ്ദേശിക്കുന്ന സ്ഥലത്തിന്‍റെ വിശദാംശങ്ങൾ, പണിത് നൽകാൻ ഉദ്ദേശിക്കുന്ന വീടുകളുടെ രൂപരേഖ പ്രതീക്ഷിക്കുന്ന ചെലവ് അടക്കമുള്ള കാര്യങ്ങൾ മുഖ്യമന്ത്രി ധരിപ്പിക്കും. ടൗൺഷിപ്പുകളുടെ നിര്‍മ്മാണത്തിന് കണ്ടെത്തിയ എൽസ്റ്റോൺ നെടുമ്പാല എസ്റ്റേറ്റുകളിലെ സര്‍വ്വേ നടപടികളുമായി സര്‍ക്കാര്‍ മുന്നോട്ട് പോകുകയാണ്. ഫീൽഡ് സര്‍വ്വേ പൂര്‍ത്തിയാക്കിയ ശേഷം ദുരന്ത നിവാരണ നിയമപ്രകാരം ഉള്ള നഷ്ടപരിഹാരം കണക്കാക്കി തുടര്‍ നടപടികളുമായി മുന്നോട്ട് പോകാനാണ് സര്‍ക്കാര്‍ തീരുമാനം

ദുരന്ത ബാധിതരുടെ പുനരധിവാസ ടൗണ്‍ഷിപ്പുമായി ബന്ധപ്പെട്ട പ്രാരംഭ നടപടികള്‍ കാലതാമസം കൂടാതെ നിര്‍വഹിക്കുന്നതിന് സ്‌പെഷ്യല്‍ ഓഫീസറായി (വയനാട് ടൗണ്‍ഷിപ്പ് – പ്രിലിമിനറി വര്‍ക്ക്‌സ്) ഡോ. ജെ.ഒ അരുണിന് അധിക ചുമതല നല്‍കി കൊണ്ട് കഴിഞ്ഞ ദിവസമാണ് സര്‍ക്കാര്‍ ഉത്തരവിറക്കിയത്. ജില്ലയിലെ വൈത്തിരി താലൂക്കിലെ മേപ്പാടി പഞ്ചായത്തിലെ ഉരുള്‍പ്പൊട്ടലില്‍ ദുരന്ത ബാധിതരായവരുടെ പുനരധിവാസത്തിന് മോഡല്‍ ടൗണ്‍ഷിപ്പ് നിര്‍മ്മിക്കുന്നതിന് അനുയോജ്യമെന്ന് കണ്ടെത്തിയിട്ടുള്ള വൈത്തിരി താലൂക്കിലെ കോട്ടപ്പടി വില്ലേജില്‍ ബ്ലോക്ക് നമ്പര്‍ 28, സര്‍വെ നമ്പര്‍ 366 ല്‍ പ്പെട്ട നെടുമ്പാല എസ്റ്റേറ്റിലെ സ്ഥലവും കല്‍പ്പറ്റ വില്ലേജിലെ ബ്ലോക്ക് നമ്പര്‍ 19ലെ സര്‍വെ നമ്പര്‍ 88/1ല്‍പെട്ട എല്‍സ്റ്റോണ്‍ എസ്റ്റേറ്റിലെ സ്ഥലവും പൊസഷന്‍ ഏറ്റെടുക്കുന്നതിനും മോഡല്‍ ടൗണ്‍ഷിപ്പ് നിര്‍മ്മിക്കുവാനും 2024 ഒക്ടോബര്‍ 10 ന് സര്‍ക്കാര്‍ ഉത്തരവിറക്കിയിരുന്നു

നേരത്തെ പുനരധിവാസത്തിനായി ഏറ്റെടുത്ത ഭൂമി ടൗൺഷിപ്പ് നിർമ്മിക്കാൻ സർക്കാരിനെ ഏറ്റെടുക്കാമെന്ന് ഹൈക്കോടതി വിധിച്ചിരുന്നു. എസ്റ്റേറ്റ് ഉടമകളുടെ ഹർജി തള്ളികൊണ്ടായിരുന്നു കോടതിയുടെ സുപ്രധാന വിധി. എസ്റ്റേറ്റ് ഭൂമികൾക്ക് നഷ്ടപരിഹാരം നൽകികൊണ്ട് ഏറ്റെടുക്കാമെന്നാണ് ഹൈക്കോടതിയുടെ ഉത്തരവ്. ലാൻഡ് അക്വിസിഷൻ നിയമപ്രകാരമായിരിക്കണം ഭൂമി ഏറ്റെടുക്കേണ്ടതെന്നും കോടതി വിധിച്ചിരുന്നു. ഹാരിസൺ മലയാളം ലിമിറ്റഡ്, എൽസ്റ്റണുമാണ് എസ്റ്റേറ്റ് ഏറ്റെടുക്കുന്നതിനെതിരെ ഹൈക്കോടതിയെ സമീപിച്ചത്.

You might also like

-