കേന്ദ്രം ഓണറേറിയം വര്‍ധിപ്പിക്കുന്നതിന് അനുസരിച്ച് സംസ്ഥാനവും വര്‍ധിപ്പിക്കു മുഖ്യമന്ത്രി

കേന്ദ്ര വിഹിതം വര്‍ദ്ധിപ്പിച്ചാല്‍ അതനുസരിച്ചുള്ള വിഹിതം വര്‍ദ്ധിപ്പിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തയ്യാറാണെന്ന് മുഖ്യമന്ത്രി ഇടതുമുന്നണി നേതാക്കളെ അറിയിക്കുകയായിരുന്നു

തിരുവന്തപുരം | ആശാവര്‍ക്കര്‍മാരുടെ ഓണറേറിയം കേന്ദ്രം വര്‍ധിപ്പിക്കുന്നതിന് അനുസരിച്ച് സംസ്ഥാനവും വര്‍ധിപ്പിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു . എല്‍ഡിഎഫ് യോഗത്തിലാണ് മുഖ്യമന്ത്രിയുടെ മറുപടി.സിപിഐയും ആര്‍ജെഡിയും യോഗത്തില്‍ വിഷയം ഉന്നയിച്ചപ്പോഴാണ് മുഖ്യമന്ത്രി മറുപടി പറഞ്ഞത്. സമരം തീര്‍ക്കണമെന്ന് ഘടകകക്ഷികള്‍ യോഗത്തില്‍ ആവശ്യപ്പെട്ടു.ആശ സമരം ഒത്തുതീര്‍പ്പാക്കാൻ സർക്കാർ നടപടി ഇല്ലാത്തതിൽ ഇടതുമുന്നണി ഘടകക്ഷികൾ ശക്തമായ എതിർപ്പാണ് എല്‍ഡിഎഫ് യോഗത്തില്‍ ഉന്നയിച്ചത്. ആശാ സമരം സർക്കാർ ചർച്ചയിലൂടെ പരിഹരിക്കണമെന്ന് എൽഡിഎഫ് യോഗത്തിൽ ആർജെഡി ആവശ്യപ്പെട്ടു. ഇക്കാര്യത്തിൽ സിപിഐ നേതാക്കളും ആർജെഡിയെ പിന്തുണച്ചു. സമരം തീർക്കുന്നതിൽ സർക്കാരിന് പിടിവാശിയില്ലെന്ന് എൽഡിഎഫ് യോഗത്തിൽ മുഖ്യമന്ത്രി മറുപടി നല്‍കി. കേന്ദ്ര വിഹിതം വര്‍ദ്ധിപ്പിച്ചാല്‍ അതനുസരിച്ചുള്ള വിഹിതം വര്‍ദ്ധിപ്പിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തയ്യാറാണെന്ന് മുഖ്യമന്ത്രി ഇടതുമുന്നണി നേതാക്കളെ അറിയിക്കുകയായിരുന്നു

അതേസമയം, കേന്ദ്ര ആരോഗ്യമന്ത്രി ജെ പി നഡ്ഡയെ കാണാന്‍ മന്ത്രി വീണാ ജോര്‍ജിന് അനുമതി ലഭിച്ചില്ല. റസിഡന്റ് കമ്മിഷണര്‍ വഴി കത്ത് നല്‍കിയെങ്കിലും അനുമതി ലഭിച്ചില്ലെന്ന് വീണാ ജോര്‍ജ് വ്യക്തമാക്കി. കൂടിക്കാഴ്ചയ്ക്ക് അനുമതി ലഭിക്കാത്ത സാഹചര്യത്തില്‍ റസിഡന്റ് കമ്മിഷണര്‍ വഴി നിവേദനം നല്‍കി. ആശാ വര്‍ക്കേഴ്‌സിന്റേത് ഉള്‍പ്പെടെയുള്ള വിഷയങ്ങള്‍ നിവേദനത്തില്‍ സൂചിപ്പിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.അപ്പോയിന്‍മെന്റിന് കത്ത് നല്‍കിയിരുന്നു. ജെ പി നഡ്ഡക്ക് ഇന്ന് തിരക്ക് ആയതു കൊണ്ടാകാം അനുമതി ലഭിക്കാതിരുന്നത്. അനുമതി ലഭിക്കുമെങ്കില്‍ ഇനി ഒരു ദിവസം വന്ന് അദേഹത്തെ കാണുമെന്ന് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. സമരം നടത്തുന്ന ആശാവര്‍ക്കേഴ്‌സുമായി നടത്തിയ ചര്‍ച്ച പരാജയപ്പെട്ടതിന് പിന്നാലെയാണ് മന്ത്രി ഡല്‍ഹിയിലേക്ക് പുറപ്പെട്ടത്. ആശാ കേന്ദ്ര സ്‌കീം ആണ്, മാര്‍ഗ്ഗരേഖയില്‍ മാറ്റങ്ങള്‍ കൊണ്ടുവരണമെന്ന ആവശ്യം മന്ത്രിയെ അറിയിക്കുമെന്നായിരുന്നു മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു.

You might also like

-