സീറ്റുകൾ പങ്കു വെക്കുമ്പോൾ ഘടകക്ഷികൾ വിട്ടുവീഴ്ചയ്ക്ക് തയ്യാറാകേണ്ടി വരുമെന്ന് മുഖ്യമന്ത്രി
എൻസിപിയുടെ കാര്യങ്ങൾ ഇവിടെ വ്യക്തമാക്കേണ്ട ആള് പീതാംബരൻ മാസ്റ്ററാണ്. അദ്ദേഹം ഇന്ന് വ്യക്തമാക്കിയതായി ഞാൻ കണ്ടു, ഞങ്ങളങ്ങനെ ഒരാലോചനയുമില്ല, ഞങ്ങൾ എൻസിപിയിൽ തന്നെ ഉറച്ചുനിൽക്കുകയാണെന്ന്
തിരുവനന്തപുരം: സീറ്റ് വിഭജനത്തിൽ ഘടകക്ഷികൾ വിട്ടുവീഴ്ചയ്ക്ക് തയ്യാറാകേണ്ടി വരുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻവ്യക്തമാക്കി. മാണി സി കാപ്പന്റെ മുന്നണിമാറ്റ പ്രചാരണത്തിൽ ആശങ്കയില്ല. “എൻസിപിയുടെ കാര്യങ്ങൾ ഇവിടെ വ്യക്തമാക്കേണ്ട ആള് പീതാംബരൻ മാസ്റ്ററാണ്. അദ്ദേഹം ഇന്ന് വ്യക്തമാക്കിയതായി ഞാൻ കണ്ടു, ഞങ്ങളങ്ങനെ ഒരാലോചനയുമില്ല, ഞങ്ങൾ എൻസിപിയിൽ തന്നെ ഉറച്ചുനിൽക്കുകയാണെന്ന്. അപ്പോ അങ്ങനെയൊരാശങ്ക ഞങ്ങളെ സംബന്ധിച്ചില്ല. ഞങ്ങള് ഇടതുമുന്നണി എന്ന നിലയിൽ വളരെ ഭദ്രമായ രീതീയിൽ തന്നെ പോയ്ക്കോണ്ടിരിക്കുകയാണ്. പിന്നെ പ്രഫുൽ പട്ടേലുമായി ഞാൻ സംസാരിച്ചു എന്നത് ശരിയാണ്. പ്രഫുൽ പട്ടേൽ എന്നെ വിളിച്ചതായിരുന്നു. എൻസിപിയുമായി ബന്ധപ്പെട്ട ചില പ്രശ്നങ്ങൾ ഞാനുമായി അദ്ദേഹം പങ്കുവച്ചിരുന്നു. അദ്ദേഹം ഇങ്ങോട്ട് വരാൻ ഉദ്ദേശിക്കുന്നുണ്ടെന്ന് പറഞ്ഞു. സ്വാഗതമാണെന്ന് ഞാനും പറഞ്ഞു. “മുഖ്യമന്ത്രി പറഞ്ഞു
യുഡിഎഫിലേക്ക് പോകുകയാണെന്ന പ്രഖ്യാപനം വെള്ളിയാഴ്ച വരുമെന്ന് മാണി സി കാപ്പൻ പറഞ്ഞതിനെക്കുറിച്ച് ചോദിച്ചപ്പോൾ “വെള്ളിയാഴ്ചകൾ വരട്ടെ നമുക്ക് നോക്കാം” ഇപ്പോ തനിക്കൊന്നും അതേക്കുറിച്ച് പറയാനില്ല. എൻസിപി എന്നത് എൽഡിഎഫിന്റെ ഭാഗമാണ്. അത് അർത്ഥശങ്കയ്ക്കിടയില്ലാതെ പീതാംബരൻ മാസ്റ്റർ വ്യക്തമാക്കിയിട്ടുണ്ട്. എൽഡിഎഫിനോ മുന്നണിയിലെ മറ്റ് ഘടകക്ഷികൾക്കോ എൽഡിഎഫ് പ്രവർത്തകൻ എന്ന നിലയ്ക്ക് തനിക്കോ അതിലൊരു ആശങ്കയുമില്ല.”
പാലായെക്കുറിച്ച് ഇപ്പോൾ പറയാൻ സീറ്റ് വിഭജന ചർച്ചയേ ആരംഭിച്ചിട്ടില്ല. എൽഡിഎഫിനകത്തെ ചർച്ച ആരംഭിക്കാൻ പോകുന്നതേ ഉള്ളു. എന്നാൽ, പറയാൻ കഴിയുന്ന ഒരു കാര്യമുണ്ട്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ നിന്ന് വ്യത്യസ്തമായി ഈ നിയമസഭാ തെരഞ്ഞെടുപ്പിൽ രണ്ട് പാർട്ടികൾ ഞങ്ങളോടൊപ്പം പുതിയതായി ഉണ്ട്. ഒന്ന് എൽജെഡി, മറ്റൊന്ന് കേരളാ കോൺഗ്രസ് എം. ഈ രണ്ട് പാർട്ടികളും പുതിയതായി ഒപ്പം വരുമ്പോ 140 സീറ്റിൽ നിന്നാണ് ആ പാർട്ടികൾക്കും സീറ്റ് നൽകേണ്ടി വരിക. സ്വാഭാവികമായും എൽഡിഎഫിൽ മത്സരിച്ച പാർട്ടികൾ പലതും അവരുടെ ചില സീറ്റുകൾ ഈ വരുന്നവർക്ക് കൊടുക്കേണ്ടി വരുമെന്നും മുഖ്യമന്ത്രി പറഞ്ഞു.അതേസമയം കാലങ്ങളായുള്ള ഇടത് മുന്നണി ബന്ധം പാര്‍ട്ടി അവസാനിപ്പിക്കുകയാണെന്ന് മാണി സി കാപ്പന്‍ വ്യക്തമാക്കി. കേരള കോണ്‍ഗ്രസ് എമ്മിന് നീക്കി വച്ചിരിക്കുന്ന പാലാ എന്‍സിപിക്ക് നല്‍കാനാവില്ലെന്ന് മുഖ്യമന്ത്രി വ്യക്തമാക്കിയെന്നാണ് കാപ്പൻ പറയുന്നത്.