മുഖ്യമന്ത്രിയുടെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി സി.എം രവീന്ദ്രന്‍ ഇ.ഡിക്ക് മുന്നില്‍ ഹാജരായി
രവീന്ദ്രന്‍റെ ഹരജി ഇന്ന് കോടതി പരിഗണിക്കാനിരിക്കെയാണ് ഇ.ഡിക്ക് മുന്നില്‍ ഹാജരായത്.
തിരുവനന്തപുരം :മുഖ്യമന്ത്രിയുടെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി സി.എം രവീന്ദ്രന്‍ ഇ.ഡിക്ക് മുന്നില്‍ ഹാജരായി. സ്വര്‍ണക്കടത്ത് കേസില്‍ ചോദ്യം ചെയ്യലിനായി ഇ.ഡിയുടെ കൊച്ചി ഓഫീസിലാണ് സി.എം രവീന്ദ്രന്‍ ഹാജരായത്. രവീന്ദ്രന്‍റെ ഹരജി ഇന്ന് കോടതി പരിഗണിക്കാനിരിക്കെയാണ് ഇ.ഡിക്ക് മുന്നില്‍ ഹാജരായത്. നേരത്തെ ഈ മാസം പതിനേഴിന് ഹാജരാകാന്‍ ഇ.ഡി നോട്ടീസ് നല്‍കിയിരുന്നു. സ്വർണ്ണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷിനെ സി.എം.രവീന്ദ്രൻ പല പ്രാവശ്യം വിളിച്ചതായി നേരത്തെ സ്വപ്നയുടെ മൊഴിയുള്ളതായി ഇ.ഡി കണ്ടെത്തിയിരുന്നു.
മുൻപ് മൂന്ന് പ്രാവശ്യവും ആരോഗ്യ പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി രവീന്ദ്രന് ഹാജരായിരുന്നില്ല. ആദ്യം നവംബർ 6 ന് നോട്ടീസയച്ചപ്പോൾ കോവിഡ് ബാധിച്ചുവെന്ന മറുപടി നൽകി ഒഴിഞ്ഞുമാറി. കോവിഡാനന്തര രോഗങ്ങൾ ചൂണ്ടിക്കാട്ടി നവംബർ 27 നും ഹാജരായിരുന്നില്ല. ഈ സാഹചര്യത്തിലാണ് ഡിസംബർ 10ന് ഹാജരാകാൻ മൂന്നാം വട്ടം നോട്ടീസയച്ചത്. അന്നും ആരോഗ്യ പ്രശ്നം ചൂണ്ടിക്കാട്ടി രവീന്ദ്രൻ ആശുപത്രിയിൽ അഡ്മിറ്റായി.രവീന്ദ്രന്‍റെയും ഭാര്യയുടെയും പേരിലുള്ള സ്വത്ത് വിവരങ്ങളുടെ രേഖകൾ ഹാജരാക്കാനും ഇ.ഡി.ആവശ്യപ്പെട്ടിട്ടുണ്ട്. കോഴിക്കോട് വടകരയിൽ രവീന്ദ്രനുമായി ബന്ധപ്പെട്ട സ്ഥാപനങ്ങിൽ ഇ.ഡി.പരിശോധന നടത്തി വിവരങ്ങൾ ശേഖരിച്ചിരുന്നു. സി.എം.രവീന്ദ്രന്‍റെ സ്വത്ത് വിവരങ്ങൾ തേടി രജിസ്ട്രേഷൻ വകുപ്പിന് ഇ.ഡി. കത്തയക്കുകയും ചെയ്തു.