സംസ്ഥാനത്ത് ഇന്ന് 10 പേര്‍ക്ക് കൂടി കോവിഡ്,ലോക് ഡൗൺ ഏപ്രിൽ അവസാനവരെ

കണ്ണൂരില്‍ ഏഴും കാസര്‍കോട് രണ്ടും കോഴിക്കോട് ഒരാള്‍ക്കുമാണ് രോഗബാധ സ്ഥിരീകരിച്ചത്. ഇതില്‍ മൂന്നു പേര്‍ വിദേശത്തു നിന്നു എത്തിയവരാണ്. ഏഴു പേര്‍ക്ക് സമ്പര്‍ക്കം മൂലം രോഗം ബാധിച്ചവരാണ്. ഇതുവരെ 373 പേര്‍ക്കാണ് സംസ്ഥാനത്ത് രോഗം സ്ഥിരീകരിച്ചത്

0

ലോക്ഡൗണ്‍ പിന്‍വലിക്കാന്‍ സമയമായില്ലെന്ന് മുഖ്യമന്ത്രി. ഏപ്രില്‍ 30 വരെ ലോക്ഡൗണ്‍ തുടരണം

തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് 10 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍പറഞ്ഞു . കണ്ണൂരില്‍ ഏഴും കാസര്‍കോട് രണ്ടും കോഴിക്കോട് ഒരാള്‍ക്കുമാണ് രോഗബാധ സ്ഥിരീകരിച്ചത്. ഇതില്‍ മൂന്നു പേര്‍ വിദേശത്തു നിന്നു എത്തിയവരാണ്. ഏഴു പേര്‍ക്ക് സമ്പര്‍ക്കം മൂലം രോഗം ബാധിച്ചവരാണ്. ഇതുവരെ 373 പേര്‍ക്കാണ് സംസ്ഥാനത്ത് രോഗം സ്ഥിരീകരിച്ചത്. ഇതില്‍ 228 പേരാണ് രോഗം ബാധിച്ച് ചികിത്സയിലുള്ളത്. 123,490 പേര്‍ നിരീക്ഷണത്തിലുണ്ട്. 201 പേരെ ഇന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 19 പേര്‍ ഇന്ന് രോഗ മുക്തി നേടി. മറ്റൊരു സന്തോഷ വാര്‍ത്ത കോവിഡ് രോഗമുക്തരായ ദന്പതികള്‍ക്ക് ഇന്ന് കുഞ്ഞ് പിറന്നു. അമ്മയും കുഞ്ഞും സുഖമായിരിക്കുന്നു.

ലോകം കോവിഡ് 19 പീഡാനുഭവത്തിലൂടെ കടന്നു പോകുന്ന ഘട്ടമാണിത്. പ്രധാനമന്ത്രിയുമായി ഇന്ന് വീഡിയോ കണ്‍ഫറന്‍സിലൂടെ സംസാരിച്ചു. കോവിഡുമായി ബന്ധപ്പെട്ട ചര്‍ച്ച നടത്തി. കേരളത്തിന്റെ ആവശ്യം മുന്നോട്ട് വെച്ചു. കേന്ദ്രത്തിന്റെ നിര്‍ദേശങ്ങള്‍ അംഗീകരിക്കും. അടുത്ത മൂന്ന് നാല് ആഴ്ചകള്‍ നിര്‍ണായകമാണ്. ലോക്ക്ഡൌണിന് മുന്പത്തെ സ്ഥിതിയിലേക്ക് തിരിച്ചുപോകാനായിട്ടില്ലെന്ന് പ്രധാനമന്ത്രിയെ അറിയിച്ചു. ഘട്ടം ഘട്ടമായി മാത്രമേ ലോക്ക്ഡൌണ്‍ പിന്‍വലിക്കാനാകൂ. ജനങ്ങളുടെ സഞ്ചാരം അനിയന്ത്രിതമായാണ് രോഗം സമൂഹവ്യാപനത്തിലേക്ക് നീങ്ങാന്‍ ഇടയുണ്ട്. ഹോട്സ്പോട് പ്രദേശങ്ങളിൽ ഏപ്രിൽ 30 വരെ നിയന്ത്രണം തുടരും. ഏപ്രിൽ 14 ന് ശേഷം അതിഥി തൊഴിലാളികള്‍ക്ക് നാട്ടിൽ പോകാന്‍ ട്രെയിൻ അനുവദിക്കണമെന്ന് അഭ്യര്‍ഥിച്ചു.

പ്രവാസികളുടെ പ്രശ്നം പ്രധാനമന്ത്രിയോട് ഉന്നയിച്ചു. മഹാമാരി കാരണം ദുരിതം അനുഭവിക്കുന്ന പ്രവാസികള്‍ക്ക് സഹായം എത്തിക്കാന്‍ എംബസി ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി. ലേബര്‍ ക്യാംപുകളില്‍ കൂടുതല്‍ ശ്രദ്ധ വേണം. ESI പ്രൊവിഡന്‍സ് ഫണ്ട് 10000 ത്തിൽ നിന്നും 20000 ആയി ഉയര്‍ത്തണം. കോവിഡിനെ കൂടി ESI പരിധിയില്‍ കൊണ്ട് വരണമെന്ന് ആവശ്യപ്പെട്ടു. പൊതുവിതരണ സംവിധാനം ഇന്ത്യയില്‍ സാര്‍വത്രികമാക്കണം. അടുത്ത മൂന്ന് മാസത്തേക്ക് 6450000 ടണ്‍ അരിയും 55000 ടണ്‍ ഗോതന്പും ആവശ്യം ഉണ്ട്. ഇത് മുടക്കമില്ലാതെ എത്തിക്കണം. ആവശ്യത്തിന് സാധനങ്ങള്‍ എത്തിക്കുന്നതിന് ചരക്ക് ട്രെയിന്‍ അനുവദിക്കണം. പ്രത്യേക പാക്കേജ് അനുവദിക്കണം. വായ്പാ പരിധി ഉയര്‍ത്തണമെന്നും കേന്ദ്രത്തോട് ആവശ്യപ്പെട്ടു.

രോഗകാലത്തും സ്വദേശി, വിദേശി വ്യത്യാസമില്ലാതെ ഗള്‍ഫിലെ ഭരണാധികാരികള്‍ ഇടപെടുന്നു. യു.എ.ഇയിലെ എല്ലാ എമറേറ്റുകളിലും ഹെല്‍പ് ഡസ്ക് ഏര്‍പ്പെടുത്തി. പ്രവാസികളുടെ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണുന്നതാണ് പ്രധാന ലക്ഷ്യം. മലയാളികള്‍ക്ക് ഭക്ഷണം എത്തിക്കുന്നുണ്ട്. വിദേശ രാജ്യത്ത് പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിന് പരിമിതി ഉണ്ട്. രാജ്യത്തിനകത്തും ഹെല്‍പ് ഡസ്ക് സജീവമാണ്. പ്രവാസികളുടെ അവസ്ഥ സംബന്ധിച്ച ബുള്ളറ്റിന്‍ ഇറക്കണം. സന്ദര്‍ശക വിസയില്‍ പോയവര്‍ക്ക് പ്രത്യേക വിമാനം ഏര്‍പ്പെടുത്തണം.

പ്രവാസി ക്ഷേമനിധിയിൽ അംഗങ്ങളായ കോവിഡ് പോസിറ്റീവായ എല്ലാവര്‍ക്കും 10000 രൂപ അടിയന്തര ധനസഹായം അനുവദിക്കും. ക്ഷേമനിധി ബോര്‍ഡിന്റെ തനത് ഫണ്ടില്‍ നിന്നാണ് തുക നല്‍കുക. ജനുവരി ഒന്നിന് ശേഷം ജോബ് വിസ അടക്കമുള്ള വിഷയങ്ങളുമായി ബന്ധപ്പെട്ട് വിദേശത്തു നിന്ന് നാട്ടിലെത്തി ലോക്ഡൌണ്‍ കാരണം തിരിച്ചുപോകാന്‍ സാധിക്കാത്തവര്‍ക്കും ലോക്ഡൌണ്‍ കാലത്ത് വിസാ കാലാവധി തീര്‍ന്നവര്‍ക്കും 5000 രൂപ അടിയന്തര സഹായം നോര്‍ക്ക നല്‍കും. ക്ഷേമനിധി സഹായം ലഭ്യമല്ലാത്ത, കോവിഡ് പോസിറ്റീവായ പ്രവാസികള്‍ക്ക് 10000 രൂപ സഹായം നല്‍കും. പ്രവാസികളുടെ പ്രശ്നം പരിഹരിക്കാന്‍ ഇടപെടും. നാം ഈ കാലത്തെ അതിജീവിക്കുക തന്നെ ചെയ്യും.

അവശ്യ ഘട്ടം വന്നാല്‍ ഉപയോഗിക്കാവുന്ന കെട്ടിടങ്ങള്‍ പൊതുമരാമത്ത് കണ്ടെത്തുന്നുണ്ട്. ടണല്‍ ഉണ്ടാക്കി സാനിറ്റൈസ് ചെയ്യുന്ന പരീക്ഷണം ചില സ്ഥലങ്ങളില്‍ കണ്ടു. അത് അശാസ്ത്രീയമായുള്ളതാണ്. അതിനെ ആശ്രയിക്കേണ്ടതില്ല. ഇത് ഉപയോഗിക്കേണ്ടെന്ന് കലക്ടര്‍മാര്‍ക്ക് നിര്‍ദേശം നല്‍കി. കോവിഡിനെ പോലെ മറ്റ് അസുഖങ്ങളെയും സൂക്ഷിക്കണം. ചികിത്സ തേടുന്നതിന് ശങ്കിച്ച് നില്‍ക്കേണ്ട. മറ്റു രോഗങ്ങള്‍ക്കും ചികിത്സ ഉറപ്പാക്കണം. ലോക്ഡൌണ്‍ ലംഘിച്ച് ചിലര്‍ യാത്ര ചെയ്യുന്നുണ്ട്. ആംബുലന്‍സിൽ അനധികൃമായി ആളുകള്‍ യാത്ര ചെയ്യുന്നു. ഇവര്‍ രോഗികളല്ല. ഇതിലൊരു സംഘത്തെ കോഴിക്കോട് പിടികൂടി. ഇത്തരം പ്രവണതകള്‍ അനുവദിക്കാനാവില്ല. അതിര്‍ത്തി കടന്ന് റെയില്‍പാത വഴി ആളുകള്‍ നടന്നും ബൈക്കോടിച്ചും സംസ്ഥാനത്തെത്തുന്നു. ഇത് പരിശോധിക്കും. തൃശൂര്‍ മെഡി.കോളജിൽ ക്യാന്‍സര്‍ പേഷ്യന്‍സിന്റെ റേഡിയേഷന്‍ ചികിത്സ നിലച്ചു. ഉപകരണങ്ങളുടെ തകരാര്‍ മൂലമാണ് തടസമുണ്ടായത്. അത് പരിഹരിക്കാന്‍ നിര്‍ദേശം നല്‍കി. പത്തനംതിട്ടയിൽ അനൌണ്‍സ്മെന്റിന്റെ പേരിൽ അതിഥി തൊഴിലാളികള്‍ പുറത്തിറങ്ങി. ഭാഷ അറിയാവുന്നവരുമായി കൂടി ആലോചിച്ച് തീരുമാനിക്കണം.

ലോക്ക് ഡൌണ്‍ കാലത്തെ അലങ്കാര മത്സ്യ വിതരണത്തിലും കോഴിക്കുഞ്ഞുങ്ങളുടെ വിതരണം സംബന്ധിച്ചും പ്രശ്നങ്ങളുണ്ട് നടപടി എടുക്കും. സ്കൂളുകളിൽ ഫീസ് ഈടാക്കുന്നത് കോവിഡ് കാലത്തിന് ശേഷം മതി. ഇപ്പോള്‍ ഫീസ് വാങ്ങേണ്ടതില്ല. അണ്‍എയ്ഡഡ് സ്ഥാപനങ്ങളിലെ ഉദ്യോഗസ്ഥര്‍ക്ക് ശന്പളം നൽകുന്നത് മാനേജ്മെന്റ് തീരുമാനിക്കണം. തേനീച്ച കര്‍ഷകര്‍ക്ക് കൃഷി ഇടങ്ങളില്‍ പോകാനും തേന്‍ വില്‍ക്കാനും നിയന്ത്രണങ്ങളോടെ അനുമതി നല്‍കി. പ്രിന്റിങ് പ്രസുകള്‍ക്ക് നിബന്ധനകളോടെ ആഴ്ചയിൽ ഒരു ദിവസം തുറക്കാന്‍ അനുമതി. കുട്ടികളുടെ വാക്സിനേഷന്‍ നടത്താനുള്ള സൌകര്യം ഒരുക്കും. സംസ്ഥാനത്തേക്ക് വരുന്ന വാഹനങ്ങള്‍ അണുവിമുക്തമാക്കും. നിയന്ത്രണങ്ങള്‍ ലംഘിച്ച് ഒത്തു ചേരരുത്. ആഘോഷങ്ങള്‍ പരിമിതപ്പെടുത്തണം. നാളെ ചില കടകള്‍ തുറക്കും. എല്ലാവരും റോഡിലിറങ്ങി അതൊരു ആഘോഷമാക്കരുത്. പരിശോധന കര്‍ക്കശമാക്കും. എല്ലാവരും മനസിലാക്കി കാര്യങ്ങള്‍ ചെയ്യണം. ലോക്ഡൌണ്‍ കാലത്തെ ഹോസ്റ്റല്‍ ഫീസ് ഒഴിവാക്കി.

You might also like

-