“”കൂട്ടം ചേരലുകൾ നമ്മെ അപകടത്തിലാക്കുന്ന കാലത്ത് ആഘോഷങ്ങൾ കുടുംബത്തിൽ തന്നെ ആകണം” മുഖ്യമന്ത്രിയുടെ വാർത്താ സമ്മേളനം പ്രസക്തഭാഗങ്ങൾ
18 നും 45 നും ഇടയ്ക്ക് വയസ്സുള്ളവർക്ക് ഓർഡർ ചെയ്ത വാക്സിൻ അവർക്ക് തന്നെ നൽകും. ഇക്കാര്യത്തിൽ ഒരുപാട് മുൻഗണനാ ആവശ്യം വരുന്നുണ്ട്. എല്ലാവർക്കും നൽകാൻ മാത്രം വാക്സിൻ ഒറ്റയടിക്ക് ലഭ്യമല്ല എന്നതാണ് നമ്മൾ നേരിടുന്ന പ്രശ്നം
മുഖ്യമന്ത്രിയുടെ വാർത്താ സമ്മേളനം പ്രസക്തഭാഗങ്ങൾ
ഇന്ന് 43529 പേർക്കാണ് സംസ്ഥാനത്ത് കോവിഡ് സ്ഥിരീകരിച്ചത്. 146320 പരിശോധനകളാണ് കഴിഞ്ഞ ഇരുപത്തിനാലു മണിക്കൂറിൽ നടന്നത്. 95 മരണങ്ങളുണ്ടായി. ഇപ്പോൾ 432789 പേരാണ് ചികിത്സയിലുള്ളത്. ഇന്ന് 34600 പേർ രോഗമുക്തരായി.
ഗൗരിയമ്മ
ഇന്നലെ വാർത്താ സമ്മളനം ഇല്ലാതിരുന്നത് സഖാവ് കെ ആർ ഗൗരിയമ്മയുടെ സംസ്കാരച്ചടങ്ങുകൾ ആലപ്പുഴയിൽ നടക്കുന്നതിനാലാണ്.
കേരളത്തിന്റെ വിപ്ലവ നായികയാണ് വിടവാങ്ങിയത്. അദ്ധ്വാനിക്കുന്ന വർഗത്തിന്റെ പതാകയേന്തി ഈ നാടിനെ മുന്നോട്ടു നയിച്ച ധീരതയായിരുന്നു ഗൗരിയമ്മ. ആധുനിക കേരളത്തെ സൃഷ്ടിച്ചെടുത്ത പുരോഗമന മുന്നേറ്റങ്ങളുടെ അമരത്താണ് ആ നായികയുടെ സ്ഥാനം. ആർദ്രഹൃദയമുള്ള ജനനേതാവായും ഇച്ഛാ ശക്തിയുള്ള ഭരണാധികാരിയായും സമര പഥങ്ങളിലെ ആവേശമായും ഗൗരിയമ്മ കേരളീയന്റെ ഹൃദയത്തിൽ എക്കാലവും നിലനിൽക്കും.
നഴ്‌സസ് ദിനം
ഇന്ന് അന്താരാഷ്ട്ര നഴ്സസ് ദിനമാണ്. കോവിഡ് മഹാമാരിക്കെതിരെയുള്ള പോരാട്ടത്തിൻ്റെ മുന്നണിയിൽ സ്വന്തം ജീവൻ പണയപ്പെടുത്തിക്കൊണ്ടു പോരാടുന്ന ലോകത്തെല്ലായിടത്തുമുള്ള നഴ്സുമാരോട് കേരളത്തിൻ്റെ നന്ദിയും ആശംസകളും പങ്കു വയ്ക്കുന്നു.
ഇൻ്റർ നാഷണൽ കൗൺസിൽ ഫോർ നഴ്സസ് നൽകുന്ന വിവരങ്ങൾ അനുസരിച്ച് 20 ലക്ഷത്തോളം നഴ്സുമാരാണ് ഈ കാലയളവിൽ കോവിഡ് രോഗബാധിതരായത്. മൂവായിരത്തിലധികം പേർ കോവിഡ് കാരണം മരണപ്പെടുകയും ചെയ്തു.
ഈ വെല്ലുവിളി മുൻപിലുണ്ടായിട്ടും സമൂഹത്തിൻ്റെ സുരക്ഷയ്ക്ക് വേണ്ടി അവർ അക്ഷീണം പ്രയത്നിക്കുകയാണ്. കേരളത്തിൻ്റെ കോവിഡ് പ്രതിരോധം താരതമ്യേന മികച്ച രീതിയിൽ നടപ്പിലാക്കാൻ സാധിച്ചതിൽ ആ പ്രയത്നത്തിനുള്ള പങ്ക് നിസ്തുലമാണ്. നിപ്പ വൈറസിന്റെ ആക്രമണമുണ്ടായപ്പോൾ ലിനി എന്ന സഹോദരിക്ക് നല്കേണ്ടിവന്നത് സ്വന്തം ജീവനാണ്. ഈ നാടിനായി നഴ്‌സുമാർ സഹിക്കുന്ന ത്യാഗങ്ങൾക്ക് നമുക്ക് നന്ദി പറയാം. സമൂഹമെന്ന നിലയിൽ നഴ്സുമാർക്ക് കൂടുതൽ പിന്തുണ ഏവരുടേയും ഭാഗത്തു നിന്നുണ്ടാകേണ്ടതുണ്ട്. അതുണ്ടാകുമെന്ന് നമുക്കുറപ്പിക്കാം.
അന്താരാഷ്ട്ര നഴ്സസ് ദിനത്തിൻ്റെ സന്ദേശം ‘എ വിഷൻ ഫോർ ഫ്യൂചർ ഹെൽത്ത് കെയർ’ എന്നതാണ്. കോവിഡ്-19 മഹാമാരി ലോകത്തിലെ എല്ലാ രാജ്യങ്ങളിലേയും ആരോഗ്യ നയങ്ങളുടേയും സംവിധാനങ്ങളുടേയും ശക്തിയും ദൗർബല്യവും വെളിപ്പെടുത്തിക്കഴിഞ്ഞു. അക്കാര്യത്തിൽ വികസിത രാജ്യങ്ങളെന്നോ വികസ്വര രാജ്യങ്ങളെന്നോ ഉള്ള ഭേദമില്ല. അതുകൊണ്ട്, സമൂഹത്തിലെ എല്ലാ വിഭാഗം ജനങ്ങൾക്കും ഏറ്റവും മികച്ച ചികിത്സ നൽകാനും, ഇത്തരത്തിലുള്ള സാഹചര്യങ്ങൾ ഉണ്ടായാൽ ഏറ്റവും മികച്ച പ്രതിരോധമുയർത്താനും സാധിക്കുന്ന വിധത്തിലുള്ള പഴുതുകളടച്ച ആരോഗ്യ സംവിധാനം ഉണ്ടായേ തീരൂ.
കേരളവും വിഭാവനം ചെയ്യുന്നത് അതാണ്. നമ്മുടെ ആരോഗ്യമേഖലയെ കൂടുതൽ കരുത്തുറ്റതാക്കാനുള്ള നയങ്ങളും നടപടികളുമായി മുന്നോട്ടു പോകും. അതിനാവശ്യമായ ക്രിയാത്മകമായ ചർച്ചകൾ സമൂഹത്തിൽ നടക്കണം. പുതിയ ആശയങ്ങൾ ഉരുത്തിരിയണം. സമൂഹമെന്ന നിലയ്ക്ക് നമ്മളെല്ലാവരും ആ ഉത്തരവാദിത്വമേറ്റെടുക്കേണ്ടതാണ്.
ഈദ് ഉൽ ഫിത്തർ
നാളെ ഈദുൽ ഫിത്ർ ആണ്. മഹാമാരിയുടെ കാലത്തും വിശ്വാസ ലോകമാകെ 30 ദിവസം നീണ്ട വ്രതാനുഷ്ഠാനത്തിൻ്റെ പൂർണ പരിസമാപ്തിയുടെ ആഹ്ലാദത്തിലാണ്. ഏവർക്കും ചെറിയ പെരുന്നാൾ ആശംസകൾ. മാനവികതയുടെയും ഒരുമയുടെയും സഹാനുഭൂതിയുടെയും ദാന കർമ്മങ്ങളുടെയും ഏറ്റവും ഉൽകൃഷ്ടമായ സന്ദേശമാണ് റമദാനും ഈദുൽ ഫിതറും മുന്നോട്ട് വെക്കുന്നത്.
മഹാവ്യാധിക്ക് മുൻപിൽ ലോകം മുട്ട് മടക്കാതെ ഒരുമയോടെ പൊരുതുമ്പോൾ അതിജീവനത്തിന്റെ ഉൾക്കരുത്ത് നേടാൻ വിശുദ്ധ മാസം വിശ്വാസ ലോകത്തിന് കരുത്ത് പകർന്നു. ഒത്തു ചേരലുകളും സന്തോഷം പങ്കു വെക്കലുകളും ഏതൊരു ആഘോഷവേളകളെയും പോലെ പെരുന്നാളിലും പ്രധാനമാണ്. എന്നാൽ കൂട്ടം ചേരലുകൾ നമ്മെ അപകടത്തിലാക്കുന്ന കാലത്ത് ആഘോഷങ്ങൾ കുടുംബത്തിൽ തന്നെ ആകണം. പെരുന്നാൾ നമസ്കാരം വീടുകളിൽ തന്നെ നിർവഹിച്ച് വ്രത കാലത്ത് കാണിച്ച കരുതൽ പെരുന്നാൾ ദിനത്തിലും കാത്ത് സൂക്ഷിക്കാൻ എല്ലാവരും തയ്യാറാകണം. റമദാൻ മാസക്കാലത്ത് കോവിഡ് നിയന്ത്രണങ്ങൾ പൂർണ്ണമായും പാലിച്ചു കൊണ്ടുള്ള വ്രതാനുഷ്ഠാനവും പ്രാർത്ഥനകളുമാണ് നടന്നത്. അതിൽ സഹകരിച്ച മുഴുവൻ സഹോദരങ്ങളെയും അഭിവാദ്യം ചെയ്യുന്നു.
കഴിഞ്ഞ വർഷവും കോവിഡ് കാലത്തായിരുന്നു റമദാൻ. ഈദ് ദിനത്തിലും വീടുകളിൽ നിന്ന് പ്രാർത്ഥന നടത്തി കോവിഡ് പ്രതിരോധത്തോട് സഹകരിച്ച മാതൃകാപരമായ അനുഭവമാണ് ഉണ്ടായത്. ഇത്തവണ കോവിഡ് സാഹചര്യം കൂടുതൽ രൂക്ഷമാണ്. അത് കൊണ്ട് തന്നെ ഈദ് ദിന പ്രാർത്ഥന വീട്ടിൽ നടത്തുന്നതുൾപ്പെടെയുള്ള നിയന്ത്രണങ്ങൾ സ്വയം പാലിക്കാൻ എല്ലാവരും തയാറാകണം. ചെറിയ പെരുനാളിനോട് അനുബന്ധിച്ചുള്ള പ്രാര്‍ത്ഥനകള്‍ വീടുകളില്‍ തന്നെ നടത്താന്‍ തീരുമാനിച്ച സഹോദരങ്ങളോട് പ്രത്യേകം നന്ദി അറിയിക്കുകയാണ്.
വ്രതാനുഷ്ഠാനത്തിലൂടെ ആർജ്ജിച്ച സ്വയം നവീകരണം മുൻപോട്ടുള്ള ജീവിതത്തിലും കുടുംബത്തിനും സമൂഹത്തിനും ഒരുപോലെ പ്രയോജനപെടുന്നതാകണം. അപ്പോഴാണ് അതിന്റെ മഹത്വം കൂടുതൽ പ്രകാശിക്കുക.
ആർ.ടി.പി.സി. ആർ റിസൾട്ട് വൈകുന്ന പ്രശ്നം നിലവിലുണ്ട്. മികച്ച ഫലം നൽകുന്ന ആന്റിജൻ കിറ്റുകൾ ലഭ്യമായിട്ടുണ്ട്. ആന്റിജൻ ടെസ്റ്റിൽ നെഗറ്റീവ് ആയവരിൽ രോഗം സംശയിക്കുന്ന വർക്ക് മാത്രം ആർ ടി പിസി ആർ നടത്തുന്നതാവും ഈ ഘട്ടത്തിൽ പ്രയോഗികം. ഐസിഎംആറിന്റെ പുതിയ മാർഗ്ഗനിർദ്ദേശവും ഇതുമായി ബന്ധപ്പെട്ട് ഇറങ്ങിയിട്ടുണ്ട്.
സംസ്ഥാനത്തിന് പുറത്തു നിന്ന് വരുന്ന റെയിൽവേ യാത്രക്കാർ യാത്ര പുറപ്പെടുന്നതിന് 72 മണിക്കൂർ മുമ്പുള്ള ആർ ടി പി സി ആർ നെഗറ്റീവ് സർട്ടിഫിക്കറ്റ് കരുതണമെന്ന് നിഷ്കർഷിച്ചിട്ടുണ്ട്.
പെരുന്നാളിനോടനുബന്ധിച്ച് ഇറച്ചിക്കടകൾക്ക് രാത്രി 10 മണി വരെ പ്രവർത്തിക്കാം. അവിടങ്ങളിൽ ഹോം ഡെലിവറി നടത്താനുള്ള അനുവാദമാണ് നൽകിയിട്ടുള്ളത്.
ആശുപത്രികളിലെ വൈദ്യുതി വിതരണം തടസ്സമില്ലാതെ മുന്നോട്ട് പോകേണ്ടതുണ്ട്. ആശുപത്രികൾ എമർജൻസി ഇലക്ട്രിക് സപ്ലൈ ഉറപ്പാക്കണം. അതിതീവ്ര മഴക്കും ഇടിമിന്നലിനും സാധ്യതയുള്ള ദിവസങ്ങളാണ് മുന്നിലുള്ളത്. അതുകൊണ്ട് ഇക്കാര്യത്തിൽ പ്രത്യേക ശ്രദ്ധ പുലർത്താൻ കെഎസ്ഇബിക്കും നിർദ്ദേശം നൽകിയിട്ടുണ്ട്.
ഓക്സിജൻ ഉത്പാദന ശേഷി വർദ്ധിപ്പിക്കാനുള്ള നടപടികൾ വേഗത്തിൽ പൂർത്തീകരിക്കാൻ നിർദ്ദേശിച്ചു. ഓക്സിജൻ ഉപയോഗിക്കുന്ന ഇടങ്ങളിൽ ഓക്സിജൻ ഓഡിറ്റ് ഫയർഫോഴ്സ് നേതൃത്വത്തിൽ നടക്കുന്നുണ്ട്. ആശുപത്രികളിൽ തീപിടുത്തം ഒഴിവാക്കാനുള്ള നിർദ്ദേശങ്ങളും നൽകിയിട്ടുണ്ട്. ഫയർഫോഴ്സ്, ഇലക്ട്രിക്കൽ ഇൻസ്പെക്ടറേറ്റ്, പി ഡബ്ലിയു ഡി എന്നിവ ആവശ്യമായ നടപടികൾ എടുക്കും.
18 നും 45 നും ഇടയ്ക്ക് വയസ്സുള്ളവർക്ക് ഓർഡർ ചെയ്ത വാക്സിൻ അവർക്ക് തന്നെ നൽകും. ഇക്കാര്യത്തിൽ ഒരുപാട് മുൻഗണനാ ആവശ്യം വരുന്നുണ്ട്. എല്ലാവർക്കും നൽകാൻ മാത്രം വാക്സിൻ ഒറ്റയടിക്ക് ലഭ്യമല്ല എന്നതാണ് നമ്മൾ നേരിടുന്ന പ്രശ്നം. തിക്കുംതിരക്കും ഇല്ലാതെ ക്രമീകരണങ്ങൾ ഏർപ്പെടുത്താൻ തദ്ദേശസ്വയംഭരണ വകുപ്പും ആരോഗ്യ വകുപ്പും കൂട്ടായി ശ്രദ്ധിക്കണം. പോലീസ് സഹായം ആവശ്യമെങ്കിൽ അതും തേടാവുന്നതാണ്.
പൾസ് ഓക്സിമീറ്റർ കുറഞ്ഞ ചെലവിൽ സ്റ്റാർട്ടപ്പുകൾ വഴി നിർമ്മിക്കാവുന്നതാണ്. അതിന്റെ സാങ്കേതിക കാര്യങ്ങൾ കെൽട്രോണിനെക്കൊണ്ട് പെട്ടെന്ന് ചെയ്യിക്കാൻ വ്യവസായ വകുപ്പിന് നിർദ്ദേശം നൽകി.
സി എഫ് എൽ ടി സികൾ, സി എസ് എൽ ടി സികൾ എന്നിവിടങ്ങളിലും വാർഡ് തല സമിതികളിലും പാലിയേറ്റിവ് വളണ്ടിയർമാരെ കൂടുതലായി നിയോഗിക്കാൻ കഴിയണം.
കിടക്കയുടെ എൺപത്തിയഞ്ച് ശതമാനം ആളുകൾ ആകുമ്പോൾ പെട്ടെന്ന് തന്നെ അടുത്ത നടപടിയിൽ കടക്കണം.
വാക്സിനേഷൻ
45 വയ്സസ്സിനു മുകളിലുള്ളവർക്കുള്ള വാക്സിൻ കേന്ദ്ര സർക്കാർ ലഭ്യമാക്കും എന്നാണ് പുതിയ വാക്സിൻ നയത്തിൽ വ്യക്തമാക്കുന്നത്. കേരളത്തിൽ 45 വയസ്സിനു മുകളിലുള്ളത് ഏകദേശം 1.13 കോടി ആളുകളാണ്. അവർക്ക് രണ്ടു ഡോസ് വീതം നൽകണമെങ്കിൽ 2.26 കോടി ഡോസ് വാക്സിൻ നമുക്ക് ലഭിക്കണം.
കോവിഡ് തരംഗത്തിൻ്റെ നിലവിലെ വ്യാപനവേഗതയുടെ ഭാഗമായുണ്ടാകുന്ന മരണനിരക്ക് കുറച്ചു നിർത്താൻ 45 വയസ്സിനു മുകളിലുള്ളവരുടെ വാക്സിനേഷൻ എത്രയും പെട്ടെന്ന് പൂർത്തിയാക്കണം. അതുകൊണ്ട്, കേരളത്തിനർഹമായ വാക്സിനുകൾ എത്രയും വേഗത്തിൽ ലഭ്യമാക്കണം എന്ന് കേന്ദ്ര സർക്കാരിനോട് അഭ്യർഥിച്ചിട്ടുണ്ട്. ഇക്കാര്യത്തിൽ നിരവധി തവണ ഔദ്യോഗികമായി തന്നെ കേന്ദ്ര സർക്കാരുമായി ബന്ധപ്പെട്ടിട്ടുണ്ട്.
ലോക്ഡൗണ്‍ സമയത്ത് അടിയന്തരയാത്രയ്ക്ക് അപേക്ഷിക്കുന്നവര്‍ക്ക് പാസ് നല്‍കാനുള്ള ഓണ്‍ലൈന്‍ സംവിധാനം വിജയകരമായി പ്രവര്‍ത്തിക്കുന്നുണ്ട്. പൊതുജനങ്ങളുടെ സൗകര്യാര്‍ത്ഥം പോലീസിന്‍റെ ഔദ്യോഗിക മൊബൈല്‍ ആപ്ലിക്കേഷനായ പോല്‍-ആപ്പില്‍ കൂടി ഓണ്‍ലൈന്‍ പാസിന് അപേക്ഷിക്കാന്‍ സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. പോല്‍-പാസ് എന്ന പുതിയ സംവിധാനം വഴി ലഭിക്കുന്ന പാസിന്‍റെ സ്ക്രീന്‍ ഷോട്ട് പരിശോധനാസമയത്ത് കാണിച്ചാല്‍ മതിയാകും. ദിവസവേതന തൊഴിലാളികള്‍, വീട്ടുജോലിക്കാര്‍, ഹോംനേഴ്സുമാര്‍ തുടങ്ങിയവര്‍ക്ക് ലോക്ഡൗണ്‍ തീരുന്നതുവരെ കാലാവധിയുള്ള പാസിനായി അപേക്ഷിക്കാം. വളരെ അത്യാവശ്യമുള്ള കാര്യങ്ങള്‍ക്ക് മാത്രമേ ഓണ്‍ലൈന്‍ പാസിനായി അപേക്ഷിക്കാവൂവെന്ന് വീണ്ടും അഭ്യര്‍ത്ഥിക്കുന്നു.
ആശുപത്രികളിലും മറ്റും ചികിത്സയ്ക്ക് പോകുന്നവര്‍ക്ക് സത്യവാങ്മൂലം പൂരിപ്പിച്ച് കൈവശം കരുതി യാത്ര ചെയ്യാവുന്നതാണ്. ഇതിനായി പോലീസിന്‍റെ ഇ-പാസിന് അപേക്ഷിക്കേണ്ട ആവശ്യമില്ല. തിരിച്ചറിയല്‍ കാര്‍ഡ് കൈയിലുണ്ടായിരിക്കണം. 75 വയസ്സിനുമുകളില്‍ പ്രായമുള്ളവര്‍ ചികിത്സയ്ക്കായി പോകുമ്പോള്‍ ഡ്രൈവറെ കൂടാതെ രണ്ടു സഹായികളെ കൂടി ഒപ്പം യാത്രചെയ്യാന്‍ അനുവദിക്കും.
അപൂര്‍വ്വമായെങ്കിലും ചില സ്ഥലങ്ങളില്‍ 18 വയസ്സിനു താഴെയുള്ള കുട്ടികളെ മാസ്ക് ധരിക്കാതെ പൊതുനിരത്തില്‍ കാണുന്നുണ്ട്. കുട്ടികളുടെ സുരക്ഷ ഉറപ്പാക്കേണ്ടത് മാതാപിതാക്കളുടെ ഉത്തരവാദിത്തവും കടമയുമാണ്. ഇക്കാര്യം മാതാപിതാക്കള്‍ പ്രത്യേകം ശ്രദ്ധിക്കണം.
ലോക്ഡൗണിന്‍റെ അഞ്ചാം ദിവസമായ ഇന്ന് ജനങ്ങള്‍ പൊതുവെ നിയന്ത്രണങ്ങളോട് സഹകരിക്കുന്നതായാണ് കാണാന്‍ കഴിഞ്ഞത്. വൈറസിന്‍റെ വ്യാപനം തടയുന്നതിന് തങ്ങളുടെ സഹകരണം ആവശ്യമാണെന്ന് പൊതുജനങ്ങള്‍ പൂർണമായും മനസ്സിലാക്കിയെന്നാണ് ഇത് സൂചിപ്പിക്കുന്നത്.
അതിജീവനം, മാനസികാരോഗ്യം
കോവിഡ്പ്ര തിരോധവുമായി ബന്ധപ്പെട്ട് സംശയ നിവാരണത്തിന് കൈറ്റ് വിക്ടേഴ്സില്‍ പ്രത്യേക പ്രോഗ്രാം തുടങ്ങുന്നത് പറഞ്ഞിരുന്നു. എല്ലാ ദിവസവും ‘അതിജീവനം’ എന്ന പേരില്‍ 2 മണി മുതല്‍ 3 മണിവരെ ഈ ലൈവ് ഫോണ്‍-ഇന്‍-പ്രോഗ്രാം നടന്നുവരുന്നുണ്ട്. അതുപോലെ പ്രധാനപ്പെട്ട മറ്റൊരു പരിപാടിയാണ് ഈ കാലത്തെ കുട്ടികളുടെ മാനസികാരോഗ്യവുമായി ബന്ധപ്പെട്ട സംശയങ്ങള്‍ക്ക് തത്സമയം വിദഗ്ദ്ധർ മറുപടി നല്‍കുന്ന ‘മാനസികാരോഗ്യം’ എന്ന ലൈവ് ഫോണ്‍ ഇൻ രാവിലെ 11 മണി മുതല്‍ 12.30 വരെ കൈറ്റ് വിക്ടേഴ്സില്‍ സംപ്രേഷണം ചെയ്യുന്നത്. ഇവ രണ്ടും പരമാവധി പ്രയോജനപ്പെടുത്തണമെന്ന് എല്ലാവരോടും അഭ്യർത്ഥിക്കുന്നു.
കഴിഞ്ഞ 24 മണിക്കൂറിനുളളില്‍ സംസ്ഥാനത്ത് മാസ്ക് ധരിക്കാത്ത 10,581 പേര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തു. സാമൂഹിക അകലം പാലിക്കാത്തതിന് 5468 പേര്‍ക്കെതിരെയും നിയമനടപടി സ്വീകരിച്ചു. പിഴയായി 34,59,500 രൂപയാണ് ഇക്കഴിഞ്ഞ ദിവസം ഈടാക്കിയത്.
ഇസ്രയേലിൽ കൊല്ലപ്പെട്ട സൗമ്യ
ഇസ്രയേലിൽ കൊല്ലപ്പെട്ട ഇടുക്കി കീരിത്തോട് സ്വദേശിനി സൗമ്യ സന്തോഷിന്റെ മൃതദേഹം എത്രയും വേഗം നാട്ടിലെത്തിക്കാനുള്ള നടപടികള്‍ സംസ്ഥാന സര്‍ക്കാര്‍ സ്വീകരിച്ചു വരികയാണ്. അതിനായി ഇസ്രയേലിലെ ഇന്ത്യന്‍ അംബാസഡര്‍ സഞ്ജീവ് സിംഗ്ലയുമായി നോര്‍ക്കയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി കെ ഇളങ്കോവന്‍ ബന്ധപ്പെട്ടിട്ടുണ്ട്. അവിടുത്തെ പ്രാദേശിക ഭരണസംവിധാനവുമായി ഇന്ത്യന്‍ എംബസ്സി ബന്ധപ്പെട്ടു കഴിഞ്ഞിട്ടുണ്ട് എന്ന് അംബാസഡര്‍ അറിയിച്ചു. സൗമ്യയുടെ അകാല വിയോഗത്തില്‍ കുടുംബത്തിന് ആശ്വാസമേകാനുതകുന്ന വിധത്തില്‍ നഷ്ടപരിഹാരം നേടിയെടുക്കാന്‍ വേണ്ട നടപടികള്‍ കൈക്കൊള്ളണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. സൗമ്യയുടെ കുടുംബത്തിൻ്റേയും സുഹൃത്തുക്കളുടേയും ദു:ഖത്തിൽ പങ്കു ചേരുന്നു, ആദരാഞ്ജലികൾ അർപ്പിക്കുന്നു.
കാലാവസ്ഥ
തെക്ക് കിഴക്കൻ അറബിക്കടലിൽ 2021 മെയ് 14 നോട് കൂടി ഒരു ന്യൂനമർദം രൂപപ്പെടാൻ സാധ്യതയുണ്ടെന്നും അത് ശക്തി പ്രാപിച്ച് ഒരു ചുഴലിക്കാറ്റായി മാറിയേക്കാമെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ന്യൂനമർദത്തിന്റെ പ്രതീക്ഷിക്കപ്പെടുന്ന സഞ്ചാരപഥത്തിൽ നിലവിൽ കേരളം ഇല്ല. എന്നാൽ കേരളത്തിൽ ശക്തമായ കാറ്റിനും മഴക്കും സാധ്യതയുണ്ട്. മെയ് 14, 15 തീയതികളിൽ അതിശക്തമായ മഴയ്ക്കുള്ള സാധ്യതയുണ്ട്.
സർക്കാർ സംവിധാനങ്ങളോട് പൂർണ്ണ സജ്ജരാവാൻ നിർദേശം നൽകിയിട്ടുണ്ട്. സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെ സ്റ്റേറ്റ് എക്സിക്യൂട്ടീവ് കമ്മിറ്റി യോഗം ചേർന്ന് സ്ഥിതി വിലയിരുത്തി. കേന്ദ്ര രക്ഷാസേനകളുടെയും മറ്റ് ബന്ധപ്പെട്ട വകുപ്പുകളുടെയും യോഗം വിളിച്ച് മഴക്കാലപൂർവ്വ തയ്യാറെടുപ്പ് അവലോകനം ചെയ്തു. കേന്ദ്ര കാലാവസ്ഥാ വകുപ്പ്, ദേശീയ ദുരന്ത പ്രതികരണ സേന, കരസേന, വായുസേന, നാവിക സേന, കോസ്റ്റ് ഗാർഡ്, ബിഎസ്എഫ്, സിആർപിഎഫ്, അഗ്നി രക്ഷാ സേന, പോലീസ്, ആരോഗ്യ വകുപ്പ്, തദേശ സ്ഥാപനങ്ങൾ എന്നിവയെല്ലാം പങ്കെടുത്തു. വായു സേന ഇത്തവണ ഒരു ഹെലികോപ്റ്റർ തിരുവനന്തപുരത്ത് സ്റ്റേഷൻ ചെയ്യാം എന്ന് അറിയിച്ചിട്ടുണ്ട്. മഴയുടെ തോത് സാധാരണയോ കൂടുതലോ ആയിരിക്കാനാണ് സാധ്യത എന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
മെയ് 13 നോട് കൂടി അറബിക്കടൽ കൂടുതൽ പ്രക്ഷുബ്ധമാകും എന്നാണ് പ്രവചനം. ഇന്ന് അർദ്ധരാത്രി 12 മണി മുതൽ കേരള തീരത്ത് മൽസ്യ ബന്ധനം പൂർണ്ണമായി നിരോധിക്കുകയാണ്. ദുരന്ത നിവാരണ അതോറിറ്റിയുടെ അറിയിപ്പ് ലഭിക്കുന്നത് വരെ ആരും കടലിൽ പോകാൻ പാടുള്ളതല്ല. നിലവിൽ ആഴക്കടൽ മൽസ്യ ബന്ധനത്തിലേർപ്പെട്ട് കൊണ്ടിരിക്കുന്ന മൽസ്യ തൊഴിലാളികൾക്ക് എത്രയും പെട്ടെന്ന് തൊട്ടടുത്തുള്ള സുരക്ഷിത തീരത്ത് എത്തിച്ചേരണമെന്ന നിർദേശം നൽകിയിട്ടുണ്ട്.
ന്യൂനമർദം രൂപപ്പെടുന്ന ഘട്ടത്തിൽ കടലാക്രമണം ശക്തിപ്പെടാനുള്ള സാധ്യതയുണ്ട്. അപകടകരമായ അവസ്ഥയിൽ തീരപ്രദേശങ്ങളിൽ താമസിക്കുന്നവരെ ആവശ്യമായ ഘട്ടത്തിൽ സുരക്ഷിതമായ ക്യാമ്പുകളിലേക്ക് മാറ്റാൻ നിർദേശം നൽകി. തീരദേശത്തുള്ള തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും റവന്യു ഉദ്യോഗസ്ഥരും ഈ കാര്യങ്ങൾക്ക് നേതൃത്വം നൽകും.
വേനൽ മഴയോട് അനുബന്ധിച്ച് ലഭിച്ചു കൊണ്ടിരിക്കുന്ന ഇടിമിന്നലോട് കൂടിയ മഴയും കാറ്റും ന്യൂനമർദ രൂപീകരണത്തിന്റെയും ഇന്ത്യൻ മഹാസമുദ്രത്തിലെ മാഡൻ-ജൂലിയൻ എന്നറിയപ്പെടുന്ന കാലാവസ്ഥാ പ്രതിഭാസത്തിന്റെയും പശ്ചാത്തലത്തിൽ കൂടുതൽ ശക്തി പ്രാപിക്കുന്ന സാഹചര്യമാണുള്ളത്. ഉച്ച തിരിഞ്ഞുള്ള ശക്തമായ ഇടിമിന്നലും മഴയും അടുത്ത ദിവസങ്ങളിലും തുടർന്നേക്കും.
ശക്തമായ മഴ ലഭിക്കുന്ന സാഹചര്യത്തിൽ നഗരങ്ങളിലും താഴ്ന്ന പ്രദേശങ്ങളിലും വെള്ളക്കെട്ടും ചെറിയ വെള്ളപ്പൊക്കങ്ങളും രൂപപ്പെടാൻ സാധ്യതയുണ്ട്. കാറ്റിൽ മരങ്ങൾ കടപുഴകി വീണോ ശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ മലയോര മേഖലയിൽ മണ്ണിടിച്ചിൽ മൂലമോ അപകടങ്ങൾ ഉണ്ടാവാനും സാധ്യത ഉള്ളതിനാൽ പ്രത്യേകം ജാഗ്രത പുലർത്തണം.
സംസ്ഥാനത്ത് അതിശക്തമായ മഴയും കാറ്റും ഉണ്ടാകാൻ സാധ്യതയുള്ളതിനാൽ കോവിഡ് ചികിത്സ ലഭ്യമാക്കുന്ന മുഴുവൻ ആശുപത്രികളിലും ഓക്സിജൻ പ്ലാന്റുകളിലും വൈദ്യുതി വിതരണം തടസ്സമില്ലാതെ ലഭ്യമാക്കാൻ അടിയന്തര നടപടി സ്വീകരിക്കാൻ ആരോഗ്യ വകുപ്പിനും വൈദ്യുത വകുപ്പിനും നിർദേശം നൽകിയിട്ടുണ്ട്. ജില്ലാ ദുരന്ത നിവാരണ അതോറിറ്റികൾ ഇത് ഉറപ്പാക്കും. അടിയന്തര സാഹചര്യങ്ങളിൽ പ്രവർത്തിപ്പിക്കാൻ മുഴുവൻ ആശുപത്രികളിലും ജനറേറ്ററുകൾ സ്ഥാപിക്കാനും നിർദേശിച്ചു. വൈദ്യുത ബന്ധത്തിൽ തകരാറുകൾ വരുന്ന മുറക്ക് യുദ്ധകാലാടിസ്ഥാനത്തിൽ പരിഹാരം കണ്ടെത്താനുള്ള തയ്യാറെടുപ്പുകൾ, ആവശ്യമായ ടാസ്ക് ഫോഴ്‌സുകൾ തുടങ്ങിയവ വൈദ്യുത വകുപ്പ് മുൻകൂട്ടി സജ്ജമാക്കി നിർത്തിയിട്ടുണ്ട്.
ന്യൂനമർദത്തിന്റെ രൂപീകരണവും വികാസവും സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെ എമെർജൻസി ഓപ്പറേഷൻസ് സെന്റർ സൂക്ഷ്മമായി നിരീക്ഷിച്ചു വരികയാണ്. തുടർ വിവരങ്ങൾ യഥാസമയം പൊതുജനങ്ങളെ അറിയിക്കും. നിർദേശങ്ങൾ കർശനമായി പാലിക്കണം. ജില്ലാ ദുരന്ത നിവാരണ അതോറിറ്റികളുടെ കണ്ട്രോൾ റൂമുകൾ 24 മണിക്കൂറും പ്രവർത്തിക്കുന്നുണ്ട്. 1077 എന്ന ടോൾ ഫ്രീ നമ്പറിൽ ഇ.ഓ.സിയുമായി ബന്ധപ്പെടാവുന്നതാണ്.