എലിപ്പനിക്കെതിരെ ജാഗ്രത പാലിക്കണം മുഖ്യമന്ത്രി
കോട്ടയത്ത് അതിരമ്പുഴ, ഏറ്റുമാനൂര്‍ മേഖലയിൽ കൊവിഡ് സമ്പർക്ക വ്യാപനം ഉണ്ട്. ഏറ്റുമാനൂർ ക്ലസ്റ്ററിന്‍റെ ഭാഗമായ അതിരമ്പുഴ പഞ്ചായത്ത് പ്രത്യേക ക്ലസ്റ്ററാക്കി
തിരുവനതപുരം : കോവിഡ് പ്രതിരോധത്തിനൊപ്പം പകർച്ചവ്യാധികൾക്കെതിരെ ജാഗ്രത പാലിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ആവശ്യപ്പെട്ടു സംസ്ഥാനത്ത് നിരവധി പ്രദേശങ്ങളിൽ എലിപ്പനി പടരുന്നുണ്ട് .എലിപ്പനി, ഡങ്കിപ്പനി എന്നിവയുടെ പ്രതിരോധ പ്രവർത്തനവും നടക്കുന്നു. ആലപ്പുഴ തീരമേഖലയിൽ കൊവിഡ് വ്യാപനം തുടരുന്നു. ആറ് ക്ലസ്റ്ററുകളിൽ രോഗം വർധിക്കുന്നു.
പുതിയ ക്ലസ്റ്ററുകൾ
തൃശ്ശൂരിൽ മങ്കര, മിനാലൂർ ക്ലസ്റ്ററുകള്‍ രൂപം കൊണ്ടു. കോഴിക്കോട് ഒരു വീട്ടിൽ അഞ്ചിലേറെ പേർ രോഗികളായ 24 വീടുകൾ കോർപ്പറേഷൻ പരിധിയിലുണ്ട്. പുറത്ത് പോയി വരുന്നവർ വീടുകൾക്കുള്ളിൽ കൊവിഡ് മുൻകരുതൽ സ്വീകരിക്കണം. മത്സ്യബന്ധനത്തിന് എത്തിയ 68 അതിഥി തൊഴിലാളികൾക്ക് കൊവിഡ്. ഇവർ മത്സ്യബന്ധനത്തിനെത്തി കടലിൽ തന്നെ കഴിയുന്നത് ശ്രദ്ധയിൽപെട്ടു. ജാഗ്രതാ പോർട്ടലിൽ രജിസ്റ്റർ ചെയ്യാതെയും പാസില്ലാതെയും വരുന്നവരെ മത്സ്യബന്ധനത്തിന് അനുവദിക്കില്ല. ബേപ്പൂരിൽ നിരീക്ഷണം ശക്തിപ്പെടുത്തും. കോഴിക്കോട് ബീച്ചാശുപത്രി കൊവിഡ് ആശുപത്രിയാക്കി. ഡയാലിസിസ് സെന്‍റര്‍ നിലനിർത്തി. രോഗികളുടെ സുരക്ഷയ്ക്ക് കൊവിഡ് വാർഡുമായി ബന്ധമില്ലാത്ത വിധത്തിൽ ഡയലാസിസ് സെന്‍റര്‍ പ്രവർത്തിക്കും.കോട്ടയത്ത് അതിരമ്പുഴ, ഏറ്റുമാനൂര്‍ മേഖലയിൽ കൊവിഡ് സമ്പർക്ക വ്യാപനം ഉണ്ട്. ഏറ്റുമാനൂർ ക്ലസ്റ്ററിന്‍റെ ഭാഗമായ അതിരമ്പുഴ പഞ്ചായത്ത് പ്രത്യേക ക്ലസ്റ്ററാക്കി. എറണാകുളം ഫോർട്ട് കൊച്ചി മേഖലയിൽ രോഗം വ്യാപിക്കുന്നു. കണ്ടെയിന്‍മെന്‍റ് സോണിലെ വ്യവസായ ശാലകൾക്ക് കൊവിഡ് മാനദണ്ഡം പാലിച്ച് പ്രവർത്തിക്കാം. ജില്ലയിലെ മാർക്കറ്റുകൾ മാർഗനിർദ്ദേശം പാലിച്ച് തുറക്കാം.
കണ്ണൂരില്‍ സമ്പർക്ക രോഗബാധഅധികരിക്കുന്നു
കണ്ണൂരില്‍ സമ്പർക്ക രോഗബാധ കൂടുതൽ കണ്ടെത്തിയ ചക്കരക്കൽ പൊലീസ് പരിധിയിലെ കൂടുതൽ പ്രദേശം അടച്ചു. പത്ത് ദിവസത്തിനകം 1146 രോഗികളിൽ കാസർകോട് കൊവിഡ് സ്ഥിരീകരിച്ചു. കാസർകോട് ബീച്ച് ക്ലസ്റ്ററുമായി ബന്ധപ്പെട്ട ആളുകളിൽ രോഗം വർധിക്കുന്നു. ഇവിടെ ഇതുവരെ 128 പേർക്ക് രോഗം സ്ഥിരീകരിച്ചു. കൊവിഡ് പ്രതിരോധ മേഖലയിലെ പൊലീസിന്‍റെ പ്രവർത്തനം വിലയിരുത്തി. ആരോഗ്യപ്രവർത്തകരുമായി ചേർന്ന് നടത്തുന്ന കോണ്ടാക്ട് ട്രേസിങ് പൊതുജനം സ്വാഗതം ചെയ്യുന്നു. രോഗവ്യാപനം വർധിക്കുന്ന തിരുവനന്തപുരം, ആലപ്പുഴ, മലപ്പുറം ജില്ലകളിൽ പൊലീസ് നടപടികൾ കർശനമാക്കും. ഐജി അശോക് യാദവ്, ഡിഐജി സുരേന്ദ്രൻ എന്നിവർ മലപ്പുറത്ത് ക്യാംപ് ചെയ്യും.
മാസ്കില്ല പിഴ 2000 രൂപ ഈടാക്കും
മാസ്ക് ധരിക്കാത്തതിന് നടപടി നേരിട്ടവരുടെ ഡാറ്റാ ബാങ്ക് തയ്യാറാക്കും. രണ്ടാമതും പിടിക്കപ്പെട്ടാൽ 2000 രൂപ ഈടാക്കും. തിരുവനന്തപുരം കരമനയിൽ കണ്ടെയിന്‍മെന്‍റ് സോൺ സ്വയം നിശ്ചയിച്ച് നിയന്ത്രണത്തിന് ജനം തയ്യാറായി. ഈ മാതൃക ജനമൈത്രി പൊലീസിന്‍റെ സഹായത്തോടെ സംസ്ഥാനത്തെമ്പാടും ഏറ്റെടുക്കും. ബോധവത്കരണവും നിരീക്ഷണവും ശക്തിപ്പെടുത്തും. നാട്ടുകാരുടെ പങ്കാളിത്തം കൂടുതൽ ഉറപ്പിക്കും. റസിഡന്‍റ് അസോസിയേഷന്‍റെ നേതൃത്വത്തിൽ പരിപാടി സംഘടിപ്പിക്കും. സ്വയരക്ഷയ്ക്കും മറ്റുള്ളവരുടെ ആരോഗ്യം സംരക്ഷിക്കാനുമാണ് ബന്ധപ്പെട്ട സുരക്ഷാ ക്രമീകരണം പാലിക്കുന്നതെന്ന് പ്രചരിപ്പിക്കും. മാസ്ക് ധരിക്കൽ, അകലം പാലിക്കൽ എന്നിവയുടെ പ്രാധാന്യം ഒന്നുകൂടി വ്യക്തമാക്കും.
തീരമേഖലയിൽ ജാഗ്രത വേണം
തീരദേശ മേഖലയിലെ പ്രശ്നം പരിഹരിക്കാൻ സാമൂഹിക സാമ്പത്തിക സാംസ്കാരിക ഘടകങ്ങൾ പരിഗണിച്ച് പ്രത്യേക പദ്ധതി നടപ്പിലാക്കും. കൊല്ലം റൂറലിൽ മാർക്കറ്റ് കമ്മിറ്റി, മാർക്കറ്റ് എൻഫോഴ്സ്മെന്‍റ് സ്ക്വാഡ് എന്നിവ ഫലപ്രദം. ഇത് മറ്റ് ജില്ലകളിലേക്ക് വ്യാപിപ്പിക്കും. തൃശ്ശൂർ സിറ്റി മാതൃകയിൽ മാർക്കറ്റ് മാനേജ്‍മെന്‍റ് സംവിധാനം സംസ്ഥാനത്തെ വലിയ മാർക്കറ്റുകളിൽ നടപ്പിലാക്കും. സംസ്ഥാനത്തിന് പുറത്ത് നിന്നെത്തുന്ന ചരക്ക് വാഹന ഡ്രൈവർമാരെ സുരക്ഷിതമായി താമസിപ്പിക്കും. കൊല്ലം സിറ്റി മാതൃകയിൽ സംസ്ഥാനത്തെ എല്ലാ കണ്ടെയിന്‍മെന്‍റ് സോണിലും ക്ലോസ്ഡ് ഗ്രൂപ്പ് രൂപം നൽകും. മാസ്ക് ധരിക്കാത്ത 6954 സംഭവം ഇന്ന് റിപ്പോർട്ട് ചെയ്തു. ക്വാറന്‍റീന്‍ ലംഘിച്ച പത്ത് പേർക്കെതിരെ കേസെടുത്തു.
കാലാവസ്ഥാമാറ്റം വീണ്ടും ന്യുന മർദ്ദം
വരും ദിവസങ്ങളിൽ കേരളത്തിൽ മഴ കുറയും. കേന്ദ്ര കാലാവസ്ഥാ വകുപ്പിന്‍റെ ദ്വൈവാര പ്രവചനത്തിൽ അടുത്തയാഴ്ച കേരളത്തിൽ സാധാരണ മഴ പ്രവചനം. ഓഗസ്റ്റ് 15 ന് മറ്റൊരു ന്യൂനമർദ്ദം കൂടി രൂപപ്പെടും. അത് കേരളത്തിലെ കാലാവസ്ഥയെ നേരിട്ട് ബാധിക്കില്ലെന്ന് വിലയിരുത്തൽ. നദികളിലെ ജലനിരപ്പ് അപകട നിരപ്പിൽ നിന്ന് താഴ്ന്നു. വെള്ളക്കെട്ട് രൂപപ്പെട്ട ഇടങ്ങളിലെല്ലാം സ്ഥിതി മാറി. മലയോര മേഖലയിൽ പ്രവചനം തെറ്റിച്ച് മഴ ശക്തി പ്രാപിച്ചാൽ പ്രത്യേക ഇടപെടൽ നടത്തും. എല്ലാ ജില്ലയിലും ദുരിതാശ്വാസ ക്യാംപ് തുറന്നു. കൊവിഡ് ക്വാറന്‍റീനില്‍ കഴിയുന്നവർക്ക് പ്രത്യേക ക്യാംപ് ഒരുക്കി. സംസ്ഥാനത്ത് ഇന്ന് ഉച്ചവരെ 493 ക്യാംപ് തുറന്നു. 21205 പേർ അവിടെയുണ്ടായിരുന്നു. മഴ കുറഞ്ഞതോടെ പലരും വീടുകളിലേക്ക് മടങ്ങിപ്പോകുന്നു. തിരികെ പോകുന്നവർ പാലിക്കേണ്ട മുൻകരുതൽ പാലിക്കണം. രാജമല പെട്ടിമുടി ദുരന്ത മേഖലയിൽ നിന്ന് മൂന്ന് മൃതദേഹം കണ്ടെത്തി. ഇന്ന് രാവിലെ ആരംഭിച്ച തെരച്ചിലിലാണ് മൃതദേഹം ലഭിച്ചത്. ആകെ മരിച്ചവരുടെ എണ്ണം 52 ആയി.
പരിസ്ഥിതി ആഘാത വിജ്ഞാപനത്തിന്‍റെ കരട് ദൂരവ്യാപക പ്രത്യാഘാതത്തിന് ഇടയാക്കും
പരിസ്ഥിതി ആഘാത വിജ്ഞാപനത്തിന്‍റെ കരട് ദൂരവ്യാപക പ്രത്യാഘാതത്തിന് ഇടയാക്കും. പല നിർദ്ദേശങ്ങളോടും യോജിക്കാനാവില്ലെന്നാണ് സംസ്ഥാന നിലപാട്. ബന്ധപ്പെട്ട എല്ലാ വിഭാഗങ്ങളുമായും കൂടുതൽ ചർച്ച നടത്തി മാത്രമേ അന്തിമ തീരുമാനം എടുക്കാവു. സംസ്ഥാന സാഹചര്യം പരിഗണിച്ച് ചില കാര്യങ്ങളിൽ മാറ്റം വേണമെന്ന് പ്രത്യേകമായി പറയുന്നു. ഖനനാനുമതിയുമായി ബന്ധപ്പെട്ട് ഇടത്തരം വിഭാഗത്തിലെ അഞ്ച് ഹെക്ടറിൽ തുടങ്ങി നൂറ് ഹെക്ടർ വരെയെന്നാണ് കിടക്കുന്നത്. ഇതിന് അനുമതി നൽകുമ്പോൾ പരിസ്ഥിതി ക്ലിയറൻസ് വേണം. ഇതിലെ അഞ്ച് ഹെക്ടർ രണ്ട് ഹെക്ടറായി ഭേദഗതി ചെയ്യണമെന്നാണ് സംസ്ഥാനത്തിന്‍റെ ആവശ്യം
രണ്ട് ഹെക്ടറിന് താഴെ നിലവിലെ ആനുകൂല്യം തുടരും.
ചെറുകിട പദ്ധതികൾക്ക് അനുമതി നൽകുന്നതിന് മുൻപുള്ള വിശദമായ പരിശോധന നടത്തുന്നതിനുള്ള സംവിധാനമായിരുന്നു ജില്ലാ സമിതികൾ. സംസ്ഥാന തലത്തിൽ കൈകാര്യം ചെയ്യേണ്ട അപേക്ഷകളിൽ ജില്ലാ സമിതികൾക്ക് നിർണായകമായ പങ്കുണ്ട്. ഇവയെ നിലനിർത്തണമെന്നും കേരളം ആവശ്യപ്പെട്ടു. കൊവിഡ് 19 വലിയ പ്രതിസന്ധി സൃഷ്ടിച്ചു. ലോകമാകെ സാമ്പത്തികമായ വലിയ വെല്ലുവിളി ഇതുയർത്തി. പ്രതിസന്ധിയെ കൈയ്യും കെട്ടി നോക്കിനിൽക്കാനല്ല തീരുമാനം. വികസന പ്രവർത്തനം തടസം മറികടന്ന് മുന്നോട്ട് കൊണ്ടുപോകാനും പുതിയ പദ്ധതികളും നിക്ഷേപവും കൊണ്ടുവരും. സംസ്ഥാനത്തെ സംരംഭക സൗഹൃദമാക്കാൻ രൂപം നൽകിയ കെ സ്വിഫ്റ്റ് സംവിധാനം വഴി 2547 എംഎസ്എംഇ സംരംഭങ്ങൾക്ക് സർക്കാർ അംഗീകാര പത്രം നൽകി.