പ്രവാസികളുടെ മടങ്ങിവരവ് മുഖ്യമന്ത്രിയുടെ അദ്ധ്യക്ഷതയില്‍ യോഗം

മുഖ്യമന്ത്രി പിണറായി വിജയന്റെ അദ്ധ്യക്ഷതയില്‍ ചേരുന്ന യോഗത്തില്‍ ചീഫ് സെക്രട്ടറിയും വിവിധ വകുപ്പ് സെക്രട്ടറിമാരും പോലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റയും പങ്കെടുക്കും.

0

തിരുവനന്തപുരം: വിദേശത്ത് പ്രവാസികളുടെ തിരിച്ചുവരവിനായുള്ള നടപടികള്‍ ആരംഭിച്ചെന്ന് കേന്ദ്രം അറിയിച്ചതോടെ മുന്നൊരുക്കങ്ങള്‍ വിലയിരുത്താന്‍ സംസ്ഥാനത്ത് ഇന്ന് ഉന്നതതലയോഗം ചേരും. മുഖ്യമന്ത്രി പിണറായി വിജയന്റെ അദ്ധ്യക്ഷതയില്‍ ചേരുന്ന യോഗത്തില്‍ ചീഫ് സെക്രട്ടറിയും വിവിധ വകുപ്പ് സെക്രട്ടറിമാരും പോലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റയും പങ്കെടുക്കും.വിദേശത്ത് നിന്ന് കപ്പല്‍ മാഗര്‍ഗവും വിമാനമാര്‍ഗവും ആളുകളെ നാട്ടിലെത്തിക്കാനാണ് കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചത്. അതിനായുള്ള നാവികസേനാ കപ്പലുകള്‍ മാലിദ്വീപിലേക്കും ഗള്‍ഫിലേക്കും തിരിച്ചു കഴിഞ്ഞു. എന്നാല്‍ പ്രവാസികളെ സ്വീകരിക്കാനും നിരീക്ഷണത്തില്‍ വയ്ക്കാനുമുള്ള സംവിധാനങ്ങള്‍ സംസ്ഥാനത്തു പൂര്‍ത്തിയായോ എന്നത് സംബന്ധിച്ച വിശദീകരണങ്ങള്‍ ഒന്നും സര്‍ക്കാരിന്റെ ഭാഗത്തു നിന്ന് ലഭിച്ചിട്ടില്ല.

തിരിച്ചെത്തുന്നവര്‍ 14 ദിവസം കൊച്ചിയില്‍ നിരീക്ഷണത്തില്‍ കഴിയേണ്ടതുണ്ട്. എന്നാല്‍ തിരിച്ചെത്തുന്നവരെ നിരീക്ഷണത്തില്‍ ആക്കുന്നതിനും വൈറസ് വ്യാപനം ഉണ്ടായാല്‍ തടയുന്നതിനും ആവശ്യമായ മുന്‍കരുതലുകളും സജ്ജീകരണങ്ങളും പൂര്‍ത്തിയായതിനെ സംബന്ധിച്ചു കേരള സര്‍ക്കാരിന്റെ ഭാഗത്തുനിന്നും വിശദീകരണങ്ങള്‍ ഒന്നും ലഭ്യമായിട്ടില്ല.ഒരുപക്ഷേ വിവിധ രാജ്യത്തുള്ള ഇത്രയധികം പേര്‍ സംസ്ഥാനത്തേക്ക് വരുമ്പോള്‍ വൈറസ് ബാധ രൂക്ഷമായേക്കാം. ഇത്തരമൊരു സാഹചര്യം ഉണ്ടായാല്‍ നിലവിലുള്ള സജ്ജീകരണങ്ങള്‍ മതിയോ എന്ന കാര്യത്തിലും വ്യക്തത വരേണ്ടതുണ്ട്. പ്രവാസികള്‍ എത്തിയതിന് ശേഷം ഉണ്ടായേക്കാന്‍ സാധ്യതയുള്ള വൈറസ് വ്യാപനത്തെ തടയാനുള്ള മുന്‍ കരുതലുകള്‍ എടുക്കേണ്ടത് സംസ്ഥാന സര്‍ക്കാരിന്റെയും ജില്ലാ ഭരണകൂടങ്ങളുടെയും ഉത്തരവാദിത്വമാണ്. ഇത് സംബന്ധിച്ച് ഇന്നത്തെ യോഗത്തില്‍ തീരുമാനമാകുമെന്നാണ് പ്രതീക്ഷ.

You might also like

-