അതിജീവനത്തിനുളള എല്ലാവിധ പിന്തുണയും സര്‍ക്കാര്‍ നല്‍കും. ക്യാമ്പ് പരിപാലനത്തില്‍ ജാഗ്രത പുലര്‍ത്തണം : മുഖ്യമന്ത്രി

ക്യാമ്പുകളില്‍ വിവിധ വിഭാഗത്തില്‍പ്പെട്ട ആളുകളാണ് താമസിക്കുന്നത്. ഇവരുടെ മാനസികാവസ്ഥയ്ക്ക് കരുത്ത് പകരുന്ന സമീപനം ക്യാമ്പ് പരിപാലിക്കുന്നവരില്‍ നിന്നും ഉണ്ടാവണം. ക്യാമ്പുകളില്‍ താമസിക്കുന്നവരെ കാണാനെത്തുന്നവര്‍ക്കായി കേന്ദ്രത്തില്‍ പ്രത്യേകം സ്ഥലമൊരുക്കണം

0

കേരളാ മുഖ്യമന്ത്രി പിണറായി വിജയൻ വയനാട്ടിലെ ദുരന്തബാധിത പ്രദേശങ്ങൾ സന്ദർശിക്കുന്നു

ദുരിതബാധിതര്‍ക്കായി ഒരുക്കിയ ക്യാമ്പുകളുടെ നടത്തിപ്പില്‍ ജാഗ്രത പുലര്‍ത്തണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. കളക്‌ട്രേറ്റില്‍ ചേര്‍ന്ന ജനപ്രതിനിധികളുടെയും ഉദ്യാഗസ്ഥരുടെയും യോഗത്തില്‍ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ അവലോകനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ക്യാമ്പുകളില്‍ വിവിധ വിഭാഗത്തില്‍പ്പെട്ട ആളുകളാണ് താമസിക്കുന്നത്. ഇവരുടെ മാനസികാവസ്ഥയ്ക്ക് കരുത്ത് പകരുന്ന സമീപനം ക്യാമ്പ് പരിപാലിക്കുന്നവരില്‍ നിന്നും ഉണ്ടാവണം. ക്യാമ്പുകളില്‍ താമസിക്കുന്നവരെ കാണാനെത്തുന്നവര്‍ക്കായി കേന്ദ്രത്തില്‍ പ്രത്യേകം സ്ഥലമൊരുക്കണം. ക്യാമ്പുകളില്‍ ശുചിത്വമുറപ്പാക്കണം. ഇക്കാര്യങ്ങളില്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ സജീവമായ ഇടപെടലുണ്ടാകണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

ക്യാമ്പുകളില്‍ നിന്നും തിരിച്ച് പോകുമ്പോഴേക്കും ദുരിത ബാധിതരുടെ വീടുകള്‍ താമസയോഗ്യമാക്കണം. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ ഇക്കാര്യത്തില്‍ മുന്നിട്ടിറങ്ങണം. കിണറുകള്‍ ശുചീകരിച്ച് ശുദ്ധമായ കുടിവെളളം ഉറപ്പ് വരുത്തണം. ആവശ്യമെങ്കില്‍ ടാങ്കര്‍ ലോറികളില്‍ കുടിവെളളമെത്തിക്കണമെന്നും അദ്ദേഹം നിര്‍ദ്ദേശിച്ചു.റോഡുകളിലെ തടസ്സങ്ങള്‍ നീക്കുന്നതിനുളള നടപടികളും വേഗത്തിലാക്കണം.

അതിജീവനത്തിനുളള എല്ലാവിധ പിന്തുണയും സര്‍ക്കാര്‍ നല്‍കും. വീടുകളും ഭൂമിയും നഷ്ടപ്പെട്ടവര്‍ക്കുളള ധനസഹായ വിതരണത്തിന് ആവശ്യമായ ക്രമീകരണങ്ങളൊരുക്കിയിട്ടുണ്ട്. വീട് നഷ്ടപ്പെട്ട് ക്യാമ്പില്‍ നിന്ന് തിരിച്ചുപോകാന്‍ സാധിക്കാത്തവര്‍ക്ക് പ്രത്യേകം സൗകര്യമൊരുക്കണമെന്നും അദ്ദേഹം പറഞ്ഞു.

റവന്യൂ വകുപ്പ് മന്ത്രി ഇ.ചന്ദ്രശേഖരന്‍, ജില്ലയുടെ ചുമതല വഹിക്കുന്ന തുറമുഖ വകുപ്പ് മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്‍, ഗതാഗത വകുപ്പ് മന്ത്രി എ.കെ.ശശീന്ദ്രന്‍, എം.എല്‍.എ.മാരായ സി.കെ.ശശീന്ദ്രന്‍, ഒ.ആര്‍.കേളു, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ബി.നസീമ, ചീഫ് സെക്രട്ടറി ടോം ജോസ്, ആഭ്യന്തര വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി വിശ്വാസ്‌മേത്ത, സംസ്ഥാന പോലീസ് മേധാവി ലോക്‌നാഥ് ബഹ്‌റ, റവന്യൂ പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ.വി.വേണു, സ്‌പെഷ്യല്‍ ഓഫീസര്‍ യു.വി.ജോസ്, ജില്ലാ കളക്ടര്‍ എ.ആര്‍.അജയകുമാര്‍, സര്‍വെ ഡയറക്ടര്‍ വി.ആര്‍.പ്രേംകുമാര്‍, സബ് കളക്ടര്‍ എന്‍.എസ്.കെ.ഉമേഷ്, തലശ്ശേരി സബ്കളക്ടര്‍ ആസിഫ്.കെ.യൂസഫ് തുടങ്ങിയവര്‍ മുഖ്യമന്ത്രിയോടൊപ്പമുണ്ടായിരുന്നു.

You might also like

-