ന്യൂനമർദ്ദം സംസ്ഥാനത്ത് കനത്ത മഴയ്ക്കും ഉരുൾപൊട്ടലിനും സാധ്യത
തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ സംസ്ഥാനത്തെ എട്ട് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലാണ് യെല്ലോ അലർട്ട്.
തിരുവനന്തപുരം: ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ന്യൂനമർദ്ദം ശക്തിപ്രാപിക്കുന്നു. ചുഴലിക്കാറ്റിന്‍റെ പശ്ചാത്തലത്തിൽ തമിഴ്നാട്ടിലും പോണ്ടിച്ചേരിയിലും റെഡ് അലർട്ട് പ്രഖ്യാപിച്ചു. കേരളത്തിലെ എട്ട് ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചു. സംസ്ഥാനത്ത് കനത്ത മഴയ്ക്കും ഉരുൾപൊട്ടലിനും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
തെക്കൻ ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ന്യൂനമർദ്ദമാണ് ഫാനി ചുഴലിക്കാറ്റായി രൂപപ്പെടുന്നത്. തമിഴ്നാടിന്‍റെ വടക്കൻ തീരദേശത്ത് ചൊവ്വാഴ്ചയോടെ ചുഴലിക്കാറ്റ് ആഞ്ഞടിക്കാൻ സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഇതിന്‍റെ പശ്ചാത്തലത്തിലാണ് തമിഴ്നാട്ടിലും പോണ്ടിച്ചേരിയിലും റെഡ് അലർട്ട് പ്രഖ്യാപിച്ചത്.കേരള, കർണാടക തീരങ്ങളിലും ശക്തമായ മഴയ്ക്കും കടൽക്ഷോഭത്തിനും സാധ്യതയുണ്ടെന്നും മുന്നറിയിപ്പുണ്ട്. തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ സംസ്ഥാനത്തെ എട്ട് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലാണ് യെല്ലോ അലർട്ട്.