ന്യൂനമർദം സംസ്ഥാനത്ത് മഴ തുടരും; കോഴിക്കോട് ഓറഞ്ച് അലർട്ട്; മറ്റ് ജി‌ല്ലകളില്‍ യെല്ലോ അലർട്ട്,ഇടുക്കിയിൽ ആലോചനയോഗം

ഇടുക്കി ജലസംഭരണിയിലെ ജല നിരപ്പില്‍ ആദ്യ ജാഗ്രതാ നിര്‍ദ്ദേശമായ ബ്ലൂ അലേര്‍ട്ട് പുറപ്പെടുവിച്ച സാഹചര്യത്തില്‍ കൈക്കൊള്ളേണ്ട സുരക്ഷാ നടപടികള്‍ വിലയിരുത്തുന്നതിന് ജില്ല കലക്ടര്‍ എച്ച് ദിനേശന്റെ അദ്ധ്യക്ഷതയില്‍ ചേമ്പറില്‍ ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടേയും അവലോകന യോഗം ചേര്‍ന്നു

0

കൊച്ചി :സംസ്ഥാനത്ത് മഴ ശക്തമായി തുടരുമെന്ന് കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. കോഴിക്കോട് ഓറഞ്ച് അലർട്ടും മറ്റെല്ലാ ജില്ലകളിലും യെല്ലോ അലർട്ടും പ്രഖ്യാപിച്ചു. ഇന്ന് മിക്ക ജില്ലകളിലും ശക്തമായ മഴ ലഭിച്ചു. വെള്ളിയാഴ്ച വരെ മഴ തുടരും. മലയോര മേഖലയിൽ ഒറ്റപ്പെട്ട അതിശക്തമായ മഴക്ക് സാധ്യതയുണ്ട്. മണിക്കൂറിൽ 60 കിലോമീറ്റർ വരെ വേഗതയുള്ള കാറ്റിനും കടൽക്ഷോഭത്തിനും ഇടയുള്ളതിനാൽ മത്സ്യതൊഴിലാളികൾ കടലിൽ പോകരുത്. ആന്ധ്ര ഒഡീഷ തീരത്ത് സ്ഥിതിചെയ്യുന്ന ന്യൂനമർദമാണ് മഴ കനക്കാൻ കാരണമായത്.പാംബ്ല ഡാമിൻ്റെ ഷട്ടറുകൾ നാളെ (14) രാവിലെ എട്ടിന് തുറന്ന് ഘട്ടം ഘട്ടമായി 1200 ക്യൂമെക്സ് ജലം വരെ പുറത്തേക്കൊഴുക്കും. പെരിയാറിന്റെ ഇരുകരകളിലും താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് ജില്ലാ കലക്ടർ എച്ച് ദിനേശൻ അറിയിച്ചു

അതേസമയം ഇടുക്കി ജലസംഭരണിയിലെ ജല നിരപ്പില്‍ ആദ്യ ജാഗ്രതാ നിര്‍ദ്ദേശമായ ബ്ലൂ അലേര്‍ട്ട് പുറപ്പെടുവിച്ച സാഹചര്യത്തില്‍ കൈക്കൊള്ളേണ്ട സുരക്ഷാ നടപടികള്‍ വിലയിരുത്തുന്നതിന് ജില്ല കലക്ടര്‍ എച്ച് ദിനേശന്റെ അദ്ധ്യക്ഷതയില്‍ ചേമ്പറില്‍ ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടേയും അവലോകന യോഗം ചേര്‍ന്നു. റവന്യൂ, പഞ്ചായത്ത്, പോലീസ് അധികൃതരുടെ സംയുക്താഭിമുഖ്യത്തില്‍ നിരീക്ഷണ സമിതി രൂപീകരിച്ച് മുന്നൊരുക്കം നടത്തും.
ഇടുക്കി, കഞ്ഞിക്കുഴി, തങ്കമണി, വാഴത്തോപ്പ്, ഉപ്പുതോട് വില്ലേജ് ഓഫീസര്‍മാര്‍ ദുരിത ബാധ്യതാ സാധ്യതയുള്ള പ്രദേശത്തെ ജനങ്ങള്‍ക്ക് അടിയന്തരസാഹചര്യമുണ്ടായാല്‍ ക്യാമ്പുകളിലേക്ക് മാറുന്നതിന് തയ്യാറെടുക്കുവാന്‍ മുന്നറിയിപ്പ് നോട്ടീസ് നല്‍കും. കഞ്ഞിക്കുഴി, മരിയാപുരം, വാഴത്തോപ്പ്, വാത്തിക്കുടി ഗ്രാമപഞ്ചായത്ത് സെക്രട്ടറിമാര്‍ പഞ്ചായത്ത് തലത്തില്‍ യോഗം വിളിച്ച് സ്ഥിതിഗതി വിശദീകരിക്കും. ദുരിതാശ്വാസ ക്യാമ്പുകള്‍ക്കാവശ്യമായി വരുന്ന കെട്ടിടങ്ങള്‍ കണ്ടെത്തി ഏറ്റെടുക്കാനും യോഗം സെക്രട്ടറിമാരെ ചുമതലപ്പെടുത്തി. വരും ദിവസങ്ങളിലെ മഴയുടെ തീവ്രത പരിശോധിച്ച് എറണാകുളം, തൃശൂര്‍ ജില്ലാ കലക്ടര്‍മാരെക്കൂടി ഉള്‍പ്പെടുത്തി ആവശ്യമെങ്കില്‍ അവലോകനം യോഗം ചേരുമെന്നും ഇപ്പോള്‍ ആശങ്ക വേണ്ടെന്നും ജില്ലാ കലക്ടര്‍ അറിയിച്ചു. ഡീന്‍ കുര്യാക്കോസ് എം.പി, റോഷി അഗസ്റ്റിന്‍ എം.എല്‍.എ ഓണ്‍ലൈനിലും, ജില്ലാ പോലീസ് മേധാവി ആര്‍ കറുപ്പുസ്വാമി, എഡിഎം ആന്റണി സ്‌കറിയ, തുടങ്ങിയവര്‍ പങ്കെടുത്തു.

You might also like

-