കനത്ത മഴക്ക് ശമനം പ്രളയക്കെടുതിൽ മരിച്ചവരുടെ7 9 ആയി,വീണ്ടും ന്യൂനമർദം രൂപപ്പെടുന്നു; മധ്യ, തെക്കൻ കേരളത്തിൽ കനത്തമഴയ്ക്ക് സാധ്യത
കവളപ്പാറയിൽ നുന്നും ഒരു മൃതദേഹം കൂടി ഇന്ന് കണ്ടെത്തി. മലപ്പുറം കോട്ടക്കുന്നിൽ മണ്ണിനടിയിൽപ്പെട്ട സരോജനിയുടെ മൃതദേഹവും കണ്ടെടുത്തു. അട്ടപ്പാടി അഗളിയില്‍ ആദിവാസി യുവാവായ നഞ്ചന്‍ മീന്‍ പിടിക്കാനിറങ്ങിയപ്പോള്‍ ഒഴുക്കില്‍പ്പെട്ടു മരിച്ചു
തിരുവനന്തപുരം: സംസ്ഥാനത്ത് പ്രളയക്കെടുതിയില്‍ മരിച്ചവരുടെ എണ്ണം 79 ആയി. കവളപ്പാറയിൽ നുന്നും ഒരു മൃതദേഹം കൂടി ഇന്ന് കണ്ടെത്തി. മലപ്പുറം കോട്ടക്കുന്നിൽ മണ്ണിനടിയിൽപ്പെട്ട സരോജനിയുടെ മൃതദേഹവും കണ്ടെടുത്തു. അട്ടപ്പാടി അഗളിയില്‍ ആദിവാസി യുവാവായ നഞ്ചന്‍ മീന്‍ പിടിക്കാനിറങ്ങിയപ്പോള്‍ ഒഴുക്കില്‍പ്പെട്ടു മരിച്ചു. അതേസമയം സംസ്ഥാനത്ത് മഴയുടെ ശക്തി കുറഞ്ഞു. വടക്കൻ ജില്ലകളിൽ ഓറഞ്ച് അലർട്ട് പിൻവലിച്ചു. ആറ് ജില്ലകളിൽ യെല്ലോ അലർട്ട് മാത്രമാണുള്ളത്. ആലപ്പുഴ, എറണാകുളം എന്നിവിടങ്ങളിലാണ് നിലവിൽ ഓറഞ്ച് അലർട്ടുള്ളത്.
ഉരുള്‍പൊട്ടല്‍ മേഖലകളില്‍ ഇനിയും നിരവധി പേര്‍ മണ്ണിനടിയിലാണ്. 1639 ക്യാംപുകളിലായി 247219 പേരാണ് സംസ്ഥാനത്ത് ദുരിതാശ്വാസ ക്യാംപുകളില്‍ കഴിയുന്നത്. വന്‍ ദുരന്തമുണ്ടായ മലപ്പുറം ഭൂദാനത്ത് ഇപ്പോഴും അന്‍പതിലേറെ പേര്‍ മണ്ണിനടിയിലാണ്. ഇവിടെ നിന്ന് 13 മൃതദേഹങ്ങള്‍ കണ്ടെടുത്തു. വയനാട് മേപ്പാടി പുത്തുമലയിലും തെരച്ചില്‍ തുടരുകയാണ്.
അതേസമയം ബംഗാൾ ഉൾക്കടലിൽ വീണ്ടും ന്യൂനമർദത്തിന് സാധ്യത. വടക്കു കിഴക്കൻ ബംഗാൾ ഉൾക്കടലിൽ ചുഴി രൂപപ്പെട്ടു. 24 മണിക്കൂറിനകം ഇത് ന്യൂനമർദമായി രൂപപ്പെടുമെന്നാണ് കാലാവസ്ഥാ നിരീക്ഷണകേന്ദ്രത്തിന്റെ വിലയിരുത്തൽ. ഇതനുസരിച്ച് ന്യൂനമർദ്ദം നാളെ രൂപപ്പെട്ടേക്കും.
മധ്യ, തെക്കൻ കേരളത്തിൽ കനത്തമഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ കേന്ദ്രം മുന്നറിയിപ്പ് നൽകി. വ്യാപകമായി മഴയുണ്ടായേക്കാമെങ്കിലും അതിതീവ്ര മഴയ്ക്ക് സാധ്യതയില്ലെന്നാണ് വിലയിരുത്തപ്പെടുന്നത്. തീരദേശമേഖലയിലായിരിക്കും കനത്തമഴയ്ക്ക് സാധ്യതയെന്നും കാലാവസ്ഥ കേന്ദ്രം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ശക്തമായ കാറ്റിനും സാധ്യതയുണ്ട്. അതിനാൽ മത്സ്യ തൊഴിലാളികൾ കടലിൽ പോകരുതെന്നും മുന്നറിയിപ്പുണ്ട്.
അതേസമയം, മഴയ്ക്ക് നേരിയ ശമനമുണ്ടായ സാഹചര്യത്തിൽ ഡാമുകളുടെ ഷട്ടർ താഴ്ത്തി തുടങ്ങി. ജല വിഭവ വകുപ്പിന്റെ കീഴിലുള്ള ജല സംഭരണികളിൽ ആറ് എണ്ണം മാത്രമാണ് ഇപ്പോൾ തുറന്നിട്ടുള്ളത്. രണ്ട് ഡാമുകളിൽ സ്പിൽവേയിലൂടെയും വെള്ളം പുറത്തേക്ക് വിടുന്നുണ്ട്. വാളയാർ, കാരാപ്പുഴ ഡാമുകളും മൂലത്തറ റെഗുലേറ്ററും ഭൂതത്താൻകെട്ട്, മണിയാർ, പഴശി ബാരേജുകളുമാണ് ഇപ്പോൾ തുറന്നിട്ടുള്ളത്. മംഗലം, കുറ്റ്യാടി എന്നിവയുടെ സ്പിൽവേ ഷട്ടറുകൾ തുറന്നുവച്ചിട്ടുണ്ട്. കഴിഞ്ഞ വർഷം ഈ സമയത്തെ അപേക്ഷിച്ച് 26.27 ശതമാനം കുറവ് ജലമേ ജലവിഭവ വകുപ്പിന്റെ ജലസംഭരണികളിൽ ആകെയുള്ളൂ.