ചീഫ് ജസ്റ്റിസിനെ ബഹിഷ്‌കരിച്ചു എൽഎൽഎം സ്വർണമെഡലിസ്റ്റ്
''ഇത്തരമൊരു ചടങ്ങിൽ പങ്കെടുക്കാൻ എന്നെ നീതിബോധം അനുവദിച്ചില്ല'', ലീഗൽ വെബ്‍സൈറ്റായ ലൈവ് ലോയ്ക്ക് നൽകിയ അഭിമുഖത്തിൽ സുർഭി പറഞ്ഞു.
ഡൽഹി :ലൈംഗിക പീഡനാരോപണവിധേയനായിരുന്ന ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയിൽ നിന്ന് മെഡൽ വാങ്ങില്ലെന്ന് ദേശീയ നിയമസർവകലാശാലയിലെ എൽഎൽഎം കോഴ്‍സിലെ സ്വർണമെഡലിസ്റ്റായ സുർഭി കാർവ. ബിരുദദാനച്ചടങ്ങിൽ പങ്കെടുക്കാതെ വിട്ടു നിന്ന സുർഭി, നീതിപൂർവമായ നടപടികൾ കേസിലുണ്ടായില്ലെന്ന് വിമർശിച്ചു. രാജ്യത്തെ പരമോന്നത ന്യായാധിപനെതിരെയുള്ള സുർഭിയുടെ പ്രതിഷേധം നീതിന്യായചരിത്രത്തിൽത്തന്നെ അപൂർവമാണ്.
”ഇത്തരമൊരു ചടങ്ങിൽ പങ്കെടുക്കാൻ എന്നെ നീതിബോധം അനുവദിച്ചില്ല”, ലീഗൽ വെബ്‍സൈറ്റായ ലൈവ് ലോയ്ക്ക് നൽകിയ അഭിമുഖത്തിൽ സുർഭി പറഞ്ഞു. മുൻ ജീവനക്കാരി ഉന്നയിച്ച ലൈംഗികപീഡനാരോപണത്തിൽ നീതിപൂർവമോ സുതാര്യമോ ആയ നടപടികളുണ്ടായില്ലെന്ന് സുർഭി കാർവ പറയുന്നു. ”ഇത്തരമൊരു കേസിൽ ചീഫ് ജസ്റ്റിസിന് ക്ലീൻ ചിറ്റ് നൽകിയ രീതി അപലപനീയമാണ്. ചീഫ് ജസ്റ്റിസിൽ നിന്ന് അവാർഡ് വാങ്ങുന്ന കാര്യം തന്നെ എന്നെ അസ്വസ്ഥയാക്കുകയും, വേണ്ടെന്ന് വയ്ക്കാൻ പ്രേരിപ്പിക്കുന്നതുമാണ്”, എന്ന് സുർഭി.
ഭരണഘടനാപരമായ നീതിബോധവും അഭിഭാഷകരുടെ ഉത്തരവാദിത്തങ്ങളുമാണ് താൻ പഠിച്ചത്. അത്തരമൊരു നടപടികളും ചീഫ് ജസ്റ്റിസിനെതിരായ കേസിൽ പാലിക്കപ്പെട്ടില്ല – സുർഭി പറയുന്നു. ‘ഭരണഘടന യഥാർത്ഥത്തിൽ ഫെമിനിസ്റ്റ് മുഖമുള്ളതാണോ’ എന്ന അന്വേഷണമായിരുന്നു സുർഭിയുടെ എൽഎൽഎം കോഴ്‍സിന്‍റെ ഭാഗമായുള്ള തീസിസ്. സ്വർണമെഡൽ ലഭിക്കുക എന്നത് തന്നെയാണ് വലിയ അംഗീകാരമെന്ന് സുർഭി പറയുന്നു.
ഇന്നലെ ദില്ലിയിൽ നടന്ന ബിരുദദാനച്ചടങ്ങിൽ എന്തുകൊണ്ടാണ് അഭിഭാഷക വൃത്തി വിദ്യാർത്ഥികൾ തെരഞ്ഞെടുക്കാൻ മടിക്കുന്നതെന്ന് ചീഫ് ജസ്റ്റിസ് ചോദിച്ചിരുന്നു. എത്രയും പെട്ടെന്ന് ബാർ അസോസിയേഷനുകളിൽ എൻറോൾ ചെയ്യണമെന്നും, അഭിഭാഷകരാവുന്നത് തന്നെയാണ് ഭരണഘടനാമൂല്യങ്ങൾ സംരക്ഷിക്കാൻ ഏറ്റവും സഹായകമെന്നും ചീഫ് ജസ്റ്റിസ് പറഞ്ഞിരുന്നു.