പൗരത്വം തെളിയിക്കാൻ ജനന തിയ്യതിയുമായോ ജന്മസ്ഥലവുമായോ ബന്ധപ്പെട്ട എന്തെങ്കിലുമൊരു രേഖ മതി കേന്ദ്ര ആഭ്യന്തര മന്ത്രാലയം
'ഇന്ത്യൻ പൗരത്വം ജനന തിയ്യതിയോ ജന്മസ്ഥലമോ സംബന്ധിച്ച എന്തെങ്കിലും രേഖ നൽകി തെളിയിക്കാം. ഇന്ത്യൻ പൗരന്മാർക്ക് അനാവശ്യമായി ബുദ്ധിമുട്ടുണ്ടാക്കുകയോ അസൗകര്യത്തിന് കാരണമാവുകയോ ചെയ്യാത്തവിധം ആ രേഖകളുടെ ലിസ്റ്റിൽ ധാരാളം പൊതു രേഖകൾ ഉൾപ്പെടുത്തിയിട്ടുണ്ട്.'
ഡൽഹി :രാജ്യമെങ്ങും പ്രതിഷേധം വ്യാപകമായതോടെ അമിത് ഷാ പ്രഖ്യാപിച്ച നിലപാടിൽ നിന്ന് സർക്കാർ പി ന്നോട്ടുപോവുകയാണെന്നാണ് സൂചന.
പൗരത്വം തെളിയിക്കാൻ ജനന തിയ്യതിയുമായോ ജന്മസ്ഥലവുമായോ ബന്ധപ്പെട്ട എന്തെങ്കിലുമൊരു രേഖ മതിയെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ വിശദീകരണം. ആഭ്യന്തരമന്ത്രാലയ വക്താവ് ട്വിറ്ററിലൂടെയാണ് ഇക്കാര്യം വ്യക്തമാക്കിയത്. പൗരത്വ പരിശോധനയുടെ പേരിൽ ഇന്ത്യൻ പൗരന്മാരെ ആരെയും ബുദ്ധിമുട്ടിക്കില്ലെന്നും രേഖകൾ ഇല്ലാത്ത നിരക്ഷരർക്ക് പൗരത്വം തെളിയിക്കാൻ സാക്ഷികളോ സമുദായങ്ങൾ നൽകുന്ന രേഖകളോ മതിയെന്നും ട്വീറ്റിൽ പറയുന്നു.പൗരത്വ ഭേദഗതി ബില്ലിനെതിരായ പ്രക്ഷോഭം രാജ്യമെങ്ങും വ്യാപകമാകുന്നതിനിടെയാണ് ആഭ്യന്തരമന്ത്രാലയ വക്താവിന്റെ വിശദീകരണം.
ഒരു രേഖയും കൈവശമില്ലാത്ത നിരക്ഷരരായ പൗരന്മാർക്ക് സാക്ഷികളെയോ സമുദായാംഗങ്ങൾ സാക്ഷ്യപ്പെടുത്തുന്ന രേഖകളെയോ ഹാജരാക്കാൻ അധികൃതർ അനുവാദം നൽകണം. ഇതിന്റെ കൃത്യമായ നടപടിക്രമങ്ങൾ വഴിയെ അറിയിക്കും.’എന്നാൽ, ഏതെല്ലാം രേഖകളാണ് ഇത്തരത്തിൽ സ്വീകാര്യമാവുക എന്ന കാര്യം മന്ത്രാലയ വക്താവ് വിശദീകരിക്കുന്നില്ല. ഇക്കഴിഞ്ഞ ചൊവ്വാഴ്ച ഒരു ഹിന്ദി ചാനലിന് നൽകിയ അഭിമുഖത്തിൽ ആധാർ കാർഡും വോട്ടർ കാർഡും പൗരത്വ രേഖകളല്ല എന്ന് ആഭ്യന്തരമന്ത്രി അമിത് ഷാ വ്യക്തമാക്കിയിരുന്നു. ഇക്കാര്യത്തിൽ വിശദീകരണം നൽകണമെന്ന് നിരവധി പേർ ആവശ്യപ്പെടുന്നുണ്ട്
അസമിൽ നടപ്പിലാക്കിയ ദേശീയ പൗരത്വ രജിസ്റ്ററിൽ 1971-നു മുമ്പ് സ്വയമോ മാതാപിതാക്കളോ ഇന്ത്യയിൽ ജനിച്ചതാണെന്ന് തെളിയിക്കാനാണ് ആഭ്യന്തരമന്ത്രാലയം പൗരന്മാരോട് ആവശ്യപ്പെട്ടിരുന്നത്. ഇതിന് കഴിയാതിരുന്ന 19 ലക്ഷമാളുകൾ അന്തിമ പട്ടികയിൽ ഉൾപ്പെട്ടു. ഇതിൽ 12 ലക്ഷത്തോളമാളുകൾ ഹിന്ദുമതസ്ഥരാണെന്നാണ് റിപ്പോർട്ടുകൾ. എൻ.ആർ.സി ലിസ്റ്റിൽപെട്ട മുസ്ലിം ഇതര മതസ്ഥർക്ക് പൗരത്വം നൽകുന്നതിനു വേണ്ടിയാണ് കേന്ദ്രസർക്കാർ പൗരത്വ ഭേദഗതി ബിൽ പാസാക്കിയത്.