പൗരത്വ നിയമം അനുകൂല റാലി; ബി.ജെ.പിക്ക് ഹൈദരാബാദിൽ അനുമതി നിഷേധിച്ചു
ഹൈദരാബാദ്: രാജ്യമെങ്ങും പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രക്ഷോഭങ്ങൾ അരങ്ങേറുന്നതിനിടെ, നിയമത്തിന് അനുകൂലമായി റാലി നടത്താനുള്ള ബി.ജെ.പിയുടെ ശ്രമം തെലങ്കാന പൊലീസ് തടഞ്ഞു. ഹൈദരാബാദിൽ ബി.ജെ.പി തെലങ്കാന പ്രസിഡണ്ട് കെ. ലക്ഷ്മൺ അടക്കമുള്ളവരുടെ നേതൃത്വത്തിൽ നടത്താനിരുന്ന റാലിക്കാണ് പൊലീസ് അനുമതി നിഷേധിച്ചത്.
പൗരത്വ നിയമത്തിന് അനുകൂലമായി റാലി നടത്താൻ അനുമതി നൽകണമെന്നാവശ്യപ്പെട്ട് ബി.ജെ.പി എം.എൽ.എ രാജാ സിംഗ് ആണ് പൊലീസിനെ സമീപിച്ചത്. എന്നാൽ, പൊതുപരിപാടി നടത്താൻ അനുമതി നൽകാനാവില്ലെന്നും ഇത്തരം പരിപാടികൾ രാഷ്ട്രീയ പാർട്ടികൾ സ്വന്തം ഓഫീസ് പരിസരങ്ങളിൽ നടത്തുന്നതാവും നല്ലതെന്നും പൊലീസ് പറഞ്ഞു.
കഴിഞ്ഞ ദിവസം ഹൈദരാബാദിൽ ആർ.എസ്.എസ് നടത്തിയ പദസഞ്ചലനത്തിന് ഹൈദരാബാദ് പൊലീസ് അനുമതി നൽകിയത് വിവാദമായിരുന്നു. കുറുവടികളും മറ്റ് ആയുധങ്ങളുമായി ആയിരത്തോളം ആർ.എസ്.എസ്സുകാരാണ് റാലിയിൽ അണിനിരന്നത്. എന്നാൽ റാലിക്ക് അനുമതി ഉണ്ടായിരുന്നില്ലെന്ന് ഹൈദരാബാദ് സെൻട്രൽ സോൺ ഡി.സി.പി പി വിശ്വപ്രസാദ് പറഞ്ഞു.