പൗരത്വ നിയമ ഭേദഗതി പ്രക്ഷോപം പ്രതിഷേധത്തില്‍ രാജ്യം കത്തുന്നു; സി പി ഐ എം ജനറൽ സെകട്ടറി യെച്ചൂരിയടക്കം ദേശിയ നേതാക്കൾ അറസ്റ്റിൽ , ഇന്റർനെറ്റ് മൊബൈല്‍ സേവനങ്ങള്‍ റദ്ദാക്കി
സിപിഐഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി, നേതാക്കളായ പ്രകാശ് കാരാട്ട്, ബൃന്ദ കാരാട്ട്, സിപിഐ നേതാവ് ഡി രാജ തുടങ്ങിയവര്‍ അറസ്റ്റില്‍.
ഡൽഹി : പൗരത്വ ഭേദഗതി നിയമത്തിനെതിരെ നടത്തിയ പ്രതിഷേധത്തില്‍ സിപിഐഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി, നേതാക്കളായ പ്രകാശ് കാരാട്ട്, ബൃന്ദ കാരാട്ട്, സിപിഐ നേതാവ് ഡി രാജ തുടങ്ങിയവര്‍ അറസ്റ്റില്‍. ഡൽഹിയില്‍ നടത്താനിരുന്ന പ്രതിഷേധമാര്‍ച്ചിനിടെയാണ് ഡൽഹി പൊലീസിന്റെ നടപടി.ഇടതു പാര്‍ട്ടികളും ജാമിയ മിലിയ വിദ്യാര്‍ഥികളും നടത്താനിരുന്ന മാര്‍ച്ചിന് ദില്ലി പൊലീസ് അനുമതി നിഷേധിച്ചിരുന്നു. എന്നാല്‍ മാര്‍ച്ച് നടത്താന്‍ തന്നെയായിരുന്നു നേതാക്കളുടെയും വിദ്യാര്‍ഥികളുടെയും തീരുമാനം.
14 മെട്രോ സ്റ്റേഷനുകള്‍ അടച്ചു
പ്രക്ഷോഭ സാധ്യത കണക്കിലെടുത്ത് ദില്ലിയിലെ 14 മെട്രോ സ്റ്റേഷനുകള്‍ അടച്ചു. ജാമിയ മിലിയ യൂണിവേഴ്സിറ്റി, ജവഹര്‍ലാല്‍ നെഹ്റു യൂണിവേഴ്സിറ്റി, സെന്‍ട്രല്‍ യൂണിവേഴ്സിറ്റി എന്നിവയ്ക്ക് സമീപമുള്ള മെട്രോ സ്റ്റേഷനുകളാണ് അടച്ചത്. കര്‍ശന പരിശോധനയ്ക്ക് ശേഷമേ ഗുരുഗ്രാമില്‍നിന്ന് വാഹനങ്ങള്‍ കടത്തി വിടുന്നുള്ളു
പൗരത്വ നിയമ ഭേദഗതിക്ക് എതിരായി രാജ്യത്ത് വലിയ പ്രതിഷേധങ്ങള്‍ ഉയരുന്നു. രാജ്യത്തെ വിവിധ സംസ്ഥാന തലസ്ഥാനങ്ങളില്‍ കൂട്ട അറസ്റ്റും നിരോധനാജ്ഞയും പ്രഖ്യാപിച്ചിട്ടുണ്ട്. വിഖ്യാത ചരിത്രകാരന്‍ രാമചന്ദ്രഗുഹ, സി.പി.ഐ.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി, സിപിഐ ജനറല്‍ സെക്രട്ടറി ഡി. രാജ, സ്വരാജ് അഭിയാന്‍ നേതാവ് യോഗേന്ദ്ര യാദവ്, ആനി രാജ, ബൃന്ദ കാരാട്ട് തുടങ്ങിയ പ്രമുഖരെ പൊലീസ് കസ്റ്റഡിയിലെടുത്തു.
ചെങ്കോട്ട പരിസരത്ത് നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുകയാണ്. ഡല്‍ഹിയില്‍ പ്രമുഖ മെട്രോ സ്റ്റേഷനുകളെല്ലാം പൊലീസ് അടച്ചു. മൊബൈല്‍ സേവനങ്ങളും നിയന്ത്രണത്തിലാണ്. ഡല്‍ഹിയുടെ ചില ഭാഗങ്ങളില്‍ എയര്‍ടെല്‍ വോയ്‌സ്, ഡാറ്റ, എസ്എംഎസ് സേവനങ്ങളെല്ലാം പൂര്‍ണമായും തടഞ്ഞു.ജന്ദര്‍ മന്ദറിലും ചെങ്കോട്ടയിലും ഒരു തരത്തിലുമുള്ള പ്രതിഷേധങ്ങള്‍ക്കും പൊലീസ് അനുമതി നല്‍കില്ലെന്ന് വ്യക്തമാക്കിയിരിക്കുകയാണ്. സംഘര്‍ഷാവസ്ഥയാണ് രാജ്യ തലസ്ഥാനത്തും രാജ്യത്തെ വിവിധസംസ്ഥാനങ്ങളുടെ തലസ്ഥാനങ്ങളിലും. കര്‍ണാടകത്തില്‍ പ്രമുഖ പട്ടണങ്ങളിലെല്ലാം നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുകയാണ്.
ഇതേസമയം റെഡ് ഫോര്‍ട്ടിന് എതിര്‍വശത്ത് നൂറുകണക്കിന് പ്രതിഷേധക്കാര്‍ തടിച്ചുകൂടി. റെഡ് ഫോര്‍ട്ടിന് മുന്നിലെത്തുന്ന ഓരോരുത്തരെയും പൊലീസ് അറസ്റ്റ് ചെയ്ത് നീക്കുകയാണ്. കൊല്‍ക്കത്തയിലും ജാമിയ വിദ്യാര്‍ത്ഥികളെ അനുകൂലിച്ചും, രാജ്യമെമ്പാടും നിരോധനാജ്ഞ പ്രഖ്യാപിച്ചതിനെതിരെയും വന്‍ പ്രതിഷേധപ്രകടനങ്ങള്‍ നടക്കുകയാണ്.
സി.പി.ഐ.എമ്മിന്റെയും തൃണമുൂല്‍ കോണ്‍ഗ്രസിന്റെയുമൊക്കെ നേതൃത്വത്തിലുള്ള പ്രതിഷേധങ്ങള്‍ ഇന്നും തുടരുകയാണ്. അതേസമയം, ഒരു രാഷ്ട്രീയപാര്‍ട്ടിയുടെയും പിന്‍ബലമില്ലാതെ തന്നെ ജനങ്ങളുടെ കൂട്ടായ്മയും പ്രതിഷേധവുമായി തെരുവിലിറങ്ങി. ദേശീയ പതാകയുമേന്തിയാണ് ജനങ്ങള്‍ പ്രതിഷേധപ്രകടനത്തിനായി തെരുവിലിറങ്ങിയത്. വിദ്യാര്‍ത്ഥികളും യുവാക്കളും ഉള്‍പ്പടെ എല്ലാ വിഭാഗം ജനങ്ങളും തെരുവിലിറങ്ങി പ്രതിഷേധിക്കുന്നുണ്ട്