പൗരത്വ നിയമ ഭേദഗതി: കേരളം സംയുക്ത പ്രക്ഷോഭത്തിലേക്ക്
രാജ്യമെമ്പാടും പ്രതിഷേധം ശക്തമാകുന്നതിനിടെയാണ് കേരളത്തില്‍ ഭരണപക്ഷവും പ്രതിപക്ഷവും ബിജെപി സര്‍ക്കാരിന്റെ വിവാദ നിയമനിര്‍മാണത്തിനെതിരെ കൈകോര്‍ക്കുന്നത്.
തിരുവനന്തപുരം :പൗരത്വ നിയമ ഭേദഗതിക്കെതിരെ സംസ്ഥാനത്ത് ഭരണ, പ്രതിപക്ഷങ്ങള്‍ സംയുക്ത പ്രക്ഷോഭത്തിലേക്ക്. തിങ്കളാഴ്ച മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും ഒരുമിച്ച് പ്രതിഷേധ ധര്‍ണയില്‍ പങ്കെടുക്കും. തിരുവനന്തപുരം രക്തസാക്ഷി മണ്ഡപത്തിന് മുന്നില്‍ സംഘടിപ്പിക്കുന്ന ധര്‍ണയില്‍ മന്ത്രിമാരും യുഡിഎഫ് നേതാക്കളും പങ്കെടുക്കും. രാജ്യമെമ്പാടും പ്രതിഷേധം ശക്തമാകുന്നതിനിടെയാണ് കേരളത്തില്‍ ഭരണപക്ഷവും പ്രതിപക്ഷവും ബിജെപി സര്‍ക്കാരിന്റെ വിവാദ നിയമനിര്‍മാണത്തിനെതിരെ കൈകോര്‍ക്കുന്നത്.
ഇതിന്റെ ആദ്യപടിയെന്നോണം മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും മന്ത്രിമാരും കക്ഷിനേതാക്കളും ഡിസംബര്‍ 16ന് തിരുവനന്തപുരത്ത് സത്യഗ്രഹ സമരം നടത്തും. രക്തസാക്ഷി മണ്ഡപത്തിനു മുന്നില്‍ രാവിലെ 10 മണിക്കാണ് സത്യഗ്രഹം ആരംഭിക്കുക. പ്രക്ഷോഭത്തോടും അതുയര്‍ത്തുന്ന മുദ്രാവാക്യത്തോടും മുഴുവന്‍ ജനവിഭാഗങ്ങളുടെയും സഹകരണമുണ്ടാകണം എന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അഭ്യര്‍ത്ഥിച്ചു. സംസ്ഥാനത്ത് നിയമം നടപ്പാക്കില്ല എന്ന് മുഖ്യമന്ത്രി നേരത്തെ പ്രഖ്യാപിച്ചിരുന്നു. നിയമത്തിനെതിരെ മുസ്‍ലിം ലീഗ് സുപ്രീം കോടതിയില്‍ നല്‍കിയിരിക്കുന്ന ഹർജിയിൽ കക്ഷി ചേരുമെന്ന് രമേശ് ചെന്നിത്തലയും അറിയിച്ചു.