പഹൽഗാം ഭീകരാക്രമണത്തിൽ നിഷ്പക്ഷമായ അന്വേഷണത്തിന് പാകിസ്താന് ചൈനയുടെ പിന്തുണ, ഇന്ത്യക്ക് കടുത്ത അതൃപ്തി
ഇന്ത്യ-പാക് സ്ഥിതിഗതികൾ സംബന്ധിച്ച് ചൈനീസ് വിദേശകാര്യ മന്ത്രി വാങ് യി പാകിസ്താൻ വിദേശകാര്യ മന്ത്രി മുഹമ്മദ് ഇഷാഖ് ദാറുമായി ഫോണിൽ സംസാരിച്ചതായി ചൈനീസ് സ്റ്റേറ്റ് മാധ്യമമായ ഗ്ലോബൽ ടൈംസ് റിപ്പോർട്ട് ചെയ്തു.
ഡൽഹി| പഹൽഗാം ഭീകരാക്രമണത്തിൽ നിഷ്പക്ഷമായ അന്വേഷണത്തിന് പാകിസ്താന് ചൈനയുടെ പിന്തുണ. ഇന്ത്യയിലെയും പാകിസ്താനിലെയും സ്ഥിതിഗതികൾ നിരീക്ഷിച്ചുവരുന്നതായി ചൈനീസ് വിദേശകാര്യ മന്ത്രി വാങ് യി പറഞ്ഞു. ഇന്ത്യ-പാക് സ്ഥിതിഗതികൾ സംബന്ധിച്ച് ചൈനീസ് വിദേശകാര്യ മന്ത്രി വാങ് യി പാകിസ്താൻ വിദേശകാര്യ മന്ത്രി മുഹമ്മദ് ഇഷാഖ് ദാറുമായി ഫോണിൽ സംസാരിച്ചതായി ചൈനീസ് സ്റ്റേറ്റ് മാധ്യമമായ ഗ്ലോബൽ ടൈംസ് റിപ്പോർട്ട് ചെയ്തു.
അതേസമയം ഹൽഗാം ആക്രമണത്തിനു പിന്നിൽ പ്രവർത്തിച്ച പാകിസ്ഥാന് ചൈന പൂർണ്ണ പിന്തുണ പ്രഖ്യാപിച്ചതിൽ ഇന്ത്യക്ക് കടുത്ത അതൃപ്തി. ഭീകരവാദത്തിനു പിന്തുണ നൽകുന്ന നിലപാടാണിതെന്ന വികാരമാണ് വിദേശകാര്യ വൃത്തങ്ങൾക്കുള്ളത്. ഐക്യരാഷ്ട്രരക്ഷാ സമിതി പാസാക്കിയ പ്രമേയത്തിൽ നിന്ന് ഇന്ത്യയുടെ അന്വേഷണവുമായി സഹകരിക്കണം എന്ന ഭാഗം ചൈനയുടെ സഹായത്തോടെ പാകിസ്ഥാൻ മാറ്റിയിരുന്നു. ഇതിനു പിന്നാലെയാണ് ഇന്നലെ പാകിസ്ഥാൻ വിദേശകാര്യമന്ത്രി ഇഷാഖ് ധർ ചൈനീസ് വിദേശകാര്യമന്ത്രി വാങ് യീയുമായി ചർച്ച നടത്തിയത്.
ഇന്ത്യ പ്രത്യാക്രമണത്തിന് തയ്യാറാകുന്നു എന്ന സൂചനകൾക്കിടെയാണ് പാകിസ്ഥാൻ വിദേശകാര്യമന്ത്രി ചൈനയുടെ സഹായം തേടിയത്. ചൈനയുടെ പ്രസ്താവനയ്ക്ക് ഇന്ത്യ ഇന്ന് മറുപടി നൽകിയേക്കും. പാകിസ്ഥാൻ പൗരൻമാരുടെ മടക്കം അടക്കമുള്ള വിഷയങ്ങൾ ഇന്ന് ആഭ്യന്തര മന്ത്രാലയം യോഗം ചേർന്ന് വിലയിരുത്തും. സേനാ മേധാവിമാരുമായുള്ള ചർച്ചകൾക്ക് ശേഷം പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ് ഇന്നലെ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കണ്ടിരുന്നു.
ജമ്മു കശ്മീരിലെ പഹൽഗാമിൽ 26 പേർ കൊല്ലപ്പെട്ട ഭീകരാക്രമണത്തിൽ നിഷ്പക്ഷമായ അന്വേഷണത്തിന് ചൈന പിന്തുണ നൽകുന്നുണ്ടെന്ന് വാങ് യി മുഹമ്മദ് ഇഷാഖ് ദാറിനെ അറിയിച്ചു. ഇരുപക്ഷവും സംയമനം പാലിക്കണമെന്നും ചൈന ആവശ്യപ്പെട്ടു. ഭീകരാക്രമണത്തെത്തുടർന്ന് ഇരു രാജ്യങ്ങളും തമ്മിലുള്ള സംഘർഷത്തെക്കുറിച്ചുള്ള ഏറ്റവും പുതിയ വിവരങ്ങൾ പാകിസ്താൻ നേതാവ് വാങിന് വിശദീകരിച്ചു. ഭീകരതയെ ചെറുക്കുക എന്നത് എല്ലാ രാജ്യങ്ങളുടെയും ഉത്തരവാദിത്തമാണ്. പാകിസ്താന്റെ ഉറച്ച ഭീകരവിരുദ്ധ നടപടികളെ ചൈന പിന്തുണയ്ക്കുന്നുവെന്ന് വാങ് പറഞ്ഞതായി ഗ്ലോബൽ ടൈംസ് റിപ്പോർട്ട് ചെയ്യുന്നു.