കുട്ടികള്‍ക്കുള്ള ധീരതാ പുരസ്‌കാരത്തില്‍ മൂന്നു മലയാളികള്‍
24നോ 25നോ പ്രധാനമന്ത്രി പുരസ്‌കാരങ്ങള്‍ സമ്മാനിക്കുമെന്നാണു സൂചന
ഈ വര്‍ഷത്തെ കുട്ടികള്‍ക്കുള്ള ധീരതാ പുരസ്‌കാരത്തില്‍ മൂന്നു മലയാളികള്‍ അടക്കം 21പേര്‍ അര്‍ഹരായി. കോഴിക്കോട് രാമനാട്ടുകരയില്‍ കെ.ആര്‍. അനീഷ്- ഡോ. അജിനി ദമ്ബതികളുടെ മകന്‍ കെ. ആദിത്യന്‍ (ഭാരത് പുരസ്‌കാരം), കോഴിക്കോട് കൊടിക്കല്‍ ബീച്ചിനടുത്തെ മുസ്തഫ-നാസില ദമ്ബതികളുടെ മകന്‍ ഇ.സി. മുഹമ്മദ് മുഹ്‌സിന്‍ (മരണാനന്തര ബഹുമതി), വടകര പുതുപ്പണത്തെ പി.കെ.നിസാര്‍-സുബൈദ ദമ്ബതികളുടെ മകന്‍ പി.കെ. ഫത്താഹ് (പ്രത്യേക ധീരത പുരസ്‌കാരം) എന്നിവര്‍ക്കാണ് അംഗീകാരം.
ചേവായൂര്‍ മെഡിക്കല്‍ കോളജ് ക്യാംപസ് സ്‌കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ഥിയാണ്. കടല്‍ത്തിരയില്‍പ്പെട്ട 3 കുട്ടികളെ രക്ഷപ്പെടുത്തുന്നതിനിടെയാണു മുഹ്‌സിനു ജീവന്‍ നഷ്ടമായത്. തിക്കോടി സികെജി മെമ്മോറിയല്‍ സ്‌കൂള്‍ വിദ്യാര്‍ഥിയായിരുന്നു. റെയില്‍പാളത്തിലൂടെയുള്ള യാത്രയ്ക്കിടെ ട്രെയിനപകടത്തില്‍ നിന്നു 7 വയസ്സുകാരനെയും മുത്തശ്ശിയേയും തലനാരിഴയ്ക്കു രക്ഷപ്പെടുത്തിയതിനാണു ഫത്താഹിനുള്ള അംഗീകാരം..
വിനോദയാത്രയ്ക്കിടെ ബസിനു തീപിടിച്ചപ്പോള്‍, 40 പേരുടെ ജീവന്‍ രക്ഷിക്കാന്‍ നടത്തിയ അവസരോചിതമായി ഇടപെടലാണ് ആദിത്യനെ നേട്ടത്തിന് അര്‍ഹനാക്കിയത്.
ഇന്ത്യന്‍ കൗണ്‍സില്‍ ഫോര്‍ ചൈല്‍ഡ് വെല്‍ഫെയര്‍ ഏര്‍പ്പെടുത്തിയ ഭാരത് പുരസ്‌കാരത്തിന് അരലക്ഷം രൂപയും പ്രത്യേക പുരസ്‌കാരങ്ങള്‍ക്ക് 40,000 രൂപയുമാണ് സമ്മാനത്തുക. കുട്ടികളുടെ തുടര്‍പഠനത്തിനും ആവശ്യമെങ്കില്‍ കൗണ്‍സിലിന്റെ സഹായമുണ്ടാകും. 24നോ 25നോ പ്രധാനമന്ത്രി പുരസ്‌കാരങ്ങള്‍ സമ്മാനിക്കുമെന്നാണു സൂചന.