മൂന്നര വയസുകാരിക്ക് മര്‍ദ്ദനമേറ്റ സംഭവത്തില്‍ കേസ് എടുക്കാനാവില്ലെന്ന് പൊലീസ്.
മര്‍ദ്ദനമേറ്റതിന് തെളിവില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് പൊലീസ് കേസെടുക്കാനാകില്ലെന്ന് വ്യക്തമാക്കിയത്.
മലപ്പുറം:മലപ്പുറം വണ്ടൂരില്‍ മൂന്നര വയസുകാരിക്ക് മുത്തശ്ശിയില്‍ നിന്ന് മര്‍ദ്ദനമേറ്റ സംഭവത്തില്‍ കേസ് എടുക്കാനാവില്ലെന്ന് കാളികാവ് പൊലീസ്. മര്‍ദ്ദനമേറ്റതിന് തെളിവില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് പൊലീസ് കേസെടുക്കാനാകില്ലെന്ന് വ്യക്തമാക്കിയത്. ശിശുക്ഷേമ സമിതിയെ പൊലീസ് അറിയിച്ചതാണ് ഇക്കാര്യം. കേസ് എടുക്കാത്തതിനെതിരെ ശിശുക്ഷേമ സമിതി രംഗത്തെത്തി. ജുവനൈല്‍ പൊലീസ് യൂണിറ്റിന് ശിശുക്ഷേമ സമിതി വീണ്ടും ഇ മെയില്‍ അയച്ചു. ചൈല്‍ഡ് ലൈന്‍ നടത്തിയ പരിശോധനയുടെ റിപ്പോര്‍ട്ട് സഹിതമാണ് മെയില്‍ അയച്ചത്.
സംഭവത്തില്‍ പൊലീസിനെതിരെ ശിശുക്ഷേമ സമിതി ഇന്നലെ രംഗത്തെത്തിയിരുന്നു. കുട്ടിയെ മര്‍ദ്ദിച്ചവര്‍ക്കെതിരെ സ്വമേധയാ കേസെടുക്കാന്‍ വകുപ്പ് ഉണ്ടായിട്ടും പൊലീസ് തയാറാകുന്നില്ലെന്ന് ശിശുക്ഷേമ സമിതി ചെയര്‍മാന്‍ കുറ്റപ്പെടുത്തിയിരുന്നു. പരാതി ഇല്ലാത്തതിനാല്‍ കേസ് എടുക്കാന്‍ കഴിയില്ലെന്നായിരുന്നു പൊലീസിന്റെ വാദം. സംഭവത്തില്‍ ജുവൈനല്‍ പൊലീസിനോടുള്‍പ്പെടെ ശിശുക്ഷേമ സമിതി നേരത്തേ വിശദമായ റിപ്പോര്‍ട്ട് തേടിയിരുന്നു. പോഷകാഹാരക്കുറവ് ഉള്‍പ്പെടെ കുട്ടിക്ക് ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടെന്നാണ് വിലയിരുത്തല്‍.
കുട്ടിയുടെ ശരീരത്തില്‍ മര്‍ദ്ദനമേറ്റ പാടുകള്‍ ഉണ്ടെന്ന് ശിശുക്ഷേമ സമിതി നടത്തിയ പരിശോധനയില്‍ വ്യക്തമായിട്ടുണ്ട്. ഭക്ഷണം നല്‍കാതെയും മറ്റും ഏറെക്കാലമായി കുട്ടിക്ക് പീഡനം ഏല്‍ക്കേണ്ടി വന്നിട്ടുണ്ട് എന്നാണ് വിലയിരുത്തല്‍. കുട്ടിയും സഹോദരങ്ങളും മാതാവും നിലവില്‍ ചൈല്‍ഡ് ലൈന്‍ സംരക്ഷണ കേന്ദ്രത്തിലാണുള്ളത്.