കോടിയേരി ബാലകൃഷ്ണനെ കാണാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്ന് ചെന്നൈയിലേക്ക്
ഗ്രെയിംസ് റോഡിലെ പ്രധാന ബ്ലോക്കിലാണ് അദ്ദേഹത്തെ പ്രവേശിപ്പിച്ചിരിക്കുന്നത്. ചികിളസയുടെ ഭാഗമായി തെയ്നാംപേട്ടിലെ അപ്പോളോ ക്യാൻസർ ഇൻസ്റ്റിറ്റ്യൂട്ടിലെത്തിച്ച് സ്കാനിംഗ് അടക്കമുള്ള പരിശോധനകൾ നടത്തിയിരുന്നു
തിരുവനന്തപുരം| മുന്‍ സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനെ കാണാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്ന് ചെന്നൈയിലേക്ക്. മുഖ്യമന്ത്രി പകല്‍ മുഴുവന്‍ ചെന്നൈയില്‍ തുടരും.കഴിഞ്ഞ രണ്ടാഴ്ചയായി അപ്പോളൊ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയാണ് കോടിയേരി. അദ്ദേഹത്തിന്റെ ആരോഗ്യനിലയില്‍ മാറ്റമൊന്നുമില്ല എന്നാണ് വിവരം. വിദഗ്ധ ഡോക്ടര്‍മാരുടെ സംഘമാണ് അദ്ദേഹത്തെ പരിശോധിക്കുന്നത്. നേരത്തെ അമേരിക്കയില്‍ അദ്ദേഹത്തിന് ചികിത്സ നല്‍കിയ ഡോക്ടര്‍മാരുടെ സംഘവുമായും കൂടാലോചനകള്‍ നടക്കുന്നുണ്ട്. കഴിഞ്ഞ ദിവസം നിയുക്ത സ്പീക്കര്‍ എ എം ഷംസീറും എക്‌സൈസ് വകുപ്പ് മന്ത്രി എം ബി രാജേഷും അദ്ദേഹത്തെ സന്ദര്‍ശിച്ചിരുന്നു. ലീഗ് നേതാക്കളും നേരത്തെ ചെന്നൈയിലെത്തി കോടിയേരിയെ കണ്ടിരുന്നു.
സി പി എം സംസ്ഥാന സെക്രട്ടറി പദമൊഴിഞ്ഞ കോടിയേരി ബാലകൃഷ്ണനെ ചികിത്സക്കായി ഓഗസ്റ്റ് 29നാണ് ചെന്നൈയിലേക്ക് മാറ്റിയത്. എയർ ആംബുലൻസ് മാർഗമാണ് തിരുവന്തപുരം വിമാനത്താവളത്തില്‍ നിന്ന് അപ്പോളോ ആശുപത്രിയിലേക്ക് മാറ്റിയത്. ആശുപത്രിയിൽ പ്രവേശിപ്പിച്ച കോടിയേരി ബാലകൃഷ്ണനെ മന്ത്രി എംബി രാജേഷും എം എ ബേബിയും സന്ദര്‍ശിച്ചിരുന്നു. ബന്ധുക്കളും അപ്പോളോ ആശുപത്രിയിൽ നിന്നുള്ള മെഡിക്കൽ സംഘവും കോടിയേരിക്ക് ഒപ്പമുണ്ട് . കഴിഞ്ഞ ആഴ്ചയാണ് ആരോഗ്യപ്രശ്നങ്ങളെ തുടര്‍ന്ന് കോടിയേരി സിപിഎം സംസ്ഥാന സെക്രട്ടറി പദവിയൊഴിഞ്ഞത്.
ഗ്രെയിംസ് റോഡിലെ പ്രധാന ബ്ലോക്കിലാണ് അദ്ദേഹത്തെ പ്രവേശിപ്പിച്ചിരിക്കുന്നത്. ചികിളസയുടെ ഭാഗമായി തെയ്നാംപേട്ടിലെ അപ്പോളോ ക്യാൻസർ ഇൻസ്റ്റിറ്റ്യൂട്ടിലെത്തിച്ച് സ്കാനിംഗ് അടക്കമുള്ള പരിശോധനകൾ നടത്തിയിരുന്നു . അമേരിക്കയിൽ കോടിയേരിയെ ചികിത്സിച്ച ഡോക്ടർമാരുമായി കൂടിയാലോചിച്ചാണ് വിവിധ പരിശോധനകൾ പൂർത്തിയാക്കിയത്.കീമോ തെറാപ്പിയുടെ പാർശ്വഫലങ്ങൾ ഭേദമാകാനുള്ള ചികിത്സയാണ് അദ്ദേഹത്തിന് ആദ്യം നൽകിയത് . സന്ദർശകർക്ക് കർശന നിയന്ത്രണമുള്ളതുകൊണ്ട് ഏറ്റവും അടുപ്പമുള്ളവരെ മാത്രമാണ് അനുവദിക്കുന്നത്. ഭാര്യ വിനോദിനിയും മകൻ ബിനീഷും അദ്ദേഹത്തോടൊപ്പമുണ്ട്.