കേരള ബാങ്ക് രൂപീകരണം അന്തിമ ഘട്ടത്തിൽ മുഖ്യമന്ത്രി
പ്രവാസി പ്രശ്നങ്ങളിൽ ശക്തമായ ഇടപെടലാണ് നോർക്ക ഉൾപ്പെടെ സംവിധാനങ്ങളിലൂടെ സർക്കാർ നടത്തുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു
ദുബായ് :പ്രവാസികൾക്ക് കൂടി ഉപകരിക്കുന്ന കേരള ബാങ്ക് രൂപവത്കരണം അന്തിമ ഘട്ടത്തിലാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. മടങ്ങി വരുന്ന പ്രവാസികളുടെ കാര്യത്തിൽ സർക്കാർ അനുഭാവപൂർണമായ നടപടികൾ സ്വീകരിക്കുമെന്നും മുഖ്യമന്ത്രി ഉറപ്പ് നൽകി.പ്രവാസി പ്രശ്നങ്ങളിൽ ശക്തമായ ഇടപെടലാണ് നോർക്ക ഉൾപ്പെടെ സംവിധാനങ്ങളിലൂടെ സർക്കാർ നടത്തുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു. പരാതികൾക്ക് സമയബന്ധിത പരിഹാരം രൂപപ്പെടുത്താനും ക്ഷേമ പദ്ധതികളുടെ തുക ഉയർത്താനും കഴിഞ്ഞത് പ്രവാസികൾക്ക് ഗുണം ചെയ്യുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ദുബൈയിലെ വിവിധ ലേബർ ക്യാമ്പുകളിൽ നിന്നുള്ള നൂറുകണക്കിന് തൊഴിലാളികളുടെ ചോദ്യങ്ങൾക്ക് മറുപടി പറയുകയായിരുന്നു അദ്ദേഹം.
സാധാരണക്കാരും ഇടത്തരക്കാരുമായ തൊഴിലാളികളുടെ ക്ഷേമം കൂടി മുൻനിർത്തിയാണ് ദുബൈയിൽ നിക്ഷേപ സംഗമം തീരുമാനിച്ചതെന്നും മുഖ്യമന്ത്രി പറഞ്ഞു. ക്രിസ്മസ് ഉൾപ്പെടെയുള്ള സീസൺ വേളകളിൽ ഗൾഫ് സെക്ടറിൽ കൂടുതൽ എയർ ഇന്ത്യ വിമാനങ്ങൾ ലഭ്യമാക്കുമെന്ന് കേന്ദ്രം ഉറപ്പു നൽകിയതായും മുഖ്യമന്ത്രി അറിയിച്ചു. സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ, മന്ത്രിമാരായ ഇ.പി ജയരാജൻ, കടംപള്ളി സുരേന്ദ്രൻ എന്നിവരും സന്നിഹിതരായിരുന്നു