കേന്ദ്ര സർക്കാരിന്റെ പ്രതികാര നടപടിക്കെതിരെ ഡൽഹി മന്ത്രിസഭ ,ലഫ്. ഗവർണറുടെ വസതിയിൽ മന്ത്രിമാരുടെ കുത്തിയിരിപ്പ് സമരം
സംസ്ഥാന സർക്കാരിനെതിരേ സമരം ചെയ്യുന്ന ഐഎഎസ് ഉദ്യോഗസ്ഥർക്കെതിരേ നടപടിയെടുക്കണമെന്ന ആവശ്യം തള്ളിയതിനു പിന്നാലെയാണ് മുഖ്യമന്ത്രിയും ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ അടക്കമുള്ളവരും കുത്തിയിരിപ്പ് സമരം നടത്തിയത്
ഡൽഹി: കേന്ദ്ര സർക്കാരുമായുള്ള ഭിന്നത വീണ്ടും രൂക്ഷമാകുന്നതിനിടെ ഡൽഹി ലഫ്. ഗവർണറുടെ വസതിയിൽ മുഖ്യമന്ത്രി അരവിന്ദ് കേജരിവാളിന്റെയും മന്ത്രിമാരുടെയും കുത്തിയിരിപ്പ് സമരം. സംസ്ഥാന സർക്കാരിനെതിരേ സമരം ചെയ്യുന്ന ഐഎഎസ് ഉദ്യോഗസ്ഥർക്കെതിരേ നടപടിയെടുക്കണമെന്ന ആവശ്യം തള്ളിയതിനു പിന്നാലെയാണ് മുഖ്യമന്ത്രിയും ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ അടക്കമുള്ളവരും കുത്തിയിരിപ്പ് സമരം നടത്തിയത്. വൈകുന്നേരത്തോടെ ലഫ്. ഗവർണർ അനിൽ ബൈജാലിന്റെ വസതിയിൽ കുത്തിയിരിപ്പ് തുടരുന്ന മുഖ്യമന്ത്രിയും മന്ത്രിമാരും രാത്രി വൈകിയും പുറത്തിറങ്ങിയിട്ടില്ല.
ഡൽഹി ചീഫ് സെക്രട്ടറി അൻഷു പ്രകാശിനെ ആം ആദ്മി നേതാക്കൾ മർദിച്ച സംഭവത്തിൽ പ്രതിഷേധിച്ച് ആം ആദ്മി പാർട്ടി മന്ത്രിമാരുടെ പരിപാടിയിൽ നിന്നു ഐഎഎസ് ഉദ്യോഗസ്ഥർ നാലു മാസമായി വിട്ടുനിൽക്കുകയാണ്. പ്രതിഷേധം തുടരുന്ന ഐഎഎസ് ഉദ്യോഗസ്ഥർക്കെതിരേ നടപടി ആവശ്യപ്പെട്ട കത്തുമായാണ് കേജരിവാളും മന്ത്രിമാരും ലഫ്. ഗവർണർ അനിൽ ബൈജാലിന്റെ വസതിയിലെത്തിയത്. എന്നാൽ, ആവശ്യം ലഫ്. ഗവർണർ തള്ളിയെന്നും ആവശ്യം അംഗീകരിക്കുന്നതു വരെ തങ്ങൾ പ്രതിഷേധവുമായി വസതിയിൽ തുടരുകയാണെന്നും മന്ത്രിമാർ ട്വിറ്ററിലൂടെ അറിയിച്ചു.
പ്രതിഷേധം അവസാനിപ്പിക്കണമെങ്കിൽ ആരോപണവിധേയരായ ഉദ്യോഗസ്ഥരെ വിളിച്ചു വരുത്തണമെന്ന് മുഖ്യമന്ത്രിയും മന്ത്രിമാരും ആവശ്യപ്പെട്ടതായി ലഫ്. ഗവർണർ പുറത്തിറക്കിയ പത്രക്കുറിപ്പിൽ വ്യക്തമാക്കി. ഇല്ലെങ്കിൽ രാജ്നിവാസിൽ നിന്നു പുറത്തു പോകില്ലെന്നു ഭീഷണിപ്പെടുത്തി. ഐഎഎസ് ഉദ്യോഗസ്ഥരുമായി ചർച്ച തുടരുകയാണെന്നു ലഫ്. ഗവർണർ അറിയിച്ചിരുന്നു. അതിനാൽ അടിയന്തര നടപടികൾ സ്വീകരിക്കാനാവില്ലെന്നും അദ്ദേഹം വ്യക്തമാക്കിയെന്നും പത്രക്കുറിപ്പിൽ വിശദമാക്കുന്നു