പൊലീസ് വെടിവെപ്പിൽ രണ്ടു പേർ കൊല്ലപ്പെട്ട മംഗളൂരുവിൽ മുഖ്യമന്ത്രി ബി.എസ് യദ്യൂരപ്പ ഇന്ന് സന്ദർശനം നടത്തും
സംസ്ഥാനത്ത് നിരോധനാജ്ഞ പ്രഖ്യാപിച്ച പ്രഖ്യാപിച്ച നടപടിയെ ഹൈക്കോടതി രൂക്ഷമായി വിമർശിച്ചിരുന്നു
ബെംഗളൂരു :പൊലീസ് വെടിവെപ്പിൽ രണ്ടു പേർ കൊല്ലപ്പെട്ട കർണാടകയിലെ മംഗളൂരുവിൽ മുഖ്യമന്ത്രി ബി.എസ് യദ്യൂരപ്പ ഇന്ന് സന്ദർശനം നടത്തും. കർഫ്യൂ നിലനിൽക്കുന്ന പ്രദേശത്തെ സുരക്ഷാ ക്രമീകരണങ്ങൾ സംബന്ധിച്ച് ഉന്നത പൊലീസ് ഉദ്യോഗസ്ഥരുമായി യദ്യൂരപ്പ ചർച്ച നടത്തും. പ്രദേശത്തെ മുസ്ലീം സംഘടന പ്രതിനിധികളുമായും കൂടിക്കാഴ്ച നടത്തിയേക്കും.മംഗളൂരുവില്‍ ഇന്നലെ മലയാളി മാധ്യമപ്രവര്‍ത്തകരെ പൊലീസ് കസ്റ്റഡിയിലെടുത്തത് രാജ്യവ്യാപക പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു. സംഘര്‍ഷത്തില്‍ കൊല്ലപ്പെട്ടവരുടെ മൃതദേഹങ്ങള്‍ സൂക്ഷിച്ചിരിക്കുന്ന വെന്‍ലോക്ക് ആശുപത്രിക്ക് മുന്‍പില്‍ നിന്ന് റിപ്പോര്‍ട്ട് ചെയ്തിരുന്ന മാധ്യമസംഘത്തെയാണ് പൊലീസ് കസ്റ്റഡിയില്‍ എടുത്തത്
പൗരത്വ നിയമ ഭേദഗതിയ്ക്കെതിരെ പ്രതിഷേധം രൂക്ഷമായ കർണാടകയിൽ പൊലീസ് സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.സംസ്ഥാനത്ത് നിരോധനാജ്ഞ പ്രഖ്യാപിച്ച പ്രഖ്യാപിച്ച നടപടിയെ ഹൈക്കോടതി രൂക്ഷമായി വിമർശിച്ചിരുന്നു. പൊലീസ് നടപടി മൗലീക അവകാശങ്ങളുടെ ലംഘനമാണെന്നായിരുന്നു കോടതിയുടെ പരാമർശം. ഇത് നിരോധനാജ്ഞ ലംഘന സമരങ്ങളുടെ ആക്കം കൂട്ടിയേക്കും. പ്രതിഷേധക്കാർക്കെതിരെ പൊലീസ് മംഗളുരുവിൽ നടത്തിയ വെടിവെയ്പ്പിൽ രണ്ട് പേരാണ് കൊല്ലപ്പെട്ടത്.
അതേസമയം, വിദ്വേഷ പ്രസംഗത്തിന്റെ പേരില്‍ മുന്‍ മന്ത്രിയും കോണ്‍ഗ്രസ് എംഎല്‍എയുമായ യു ടി ഖാദറിന് എതിരെ പൊലീസ് കേസെടുത്തു. പൗരത്വ നിയമ ഭേദഗതി നടപ്പാക്കിയാല്‍ കര്‍ണാടകം കത്തുമെന്നായിരുന്നു 17-ന് ഖാദറിന്റെ പ്രസംഗം. ഇതാണ് കഴിഞ്ഞ ദിവസം സംഘര്‍ഷത്തിലേക്ക് നയിച്ചതെന്ന യുവമോര്‍ച്ച നേതാവിന്റെ പരാതിയിലാണ് കേസ്. ദക്ഷിണ കന്നട ജില്ലയില്‍ ഇന്റര്‍നെറ്റ് നിരോധനം ഇന്നും തുടരും. ചിക്മംഗളൂരു, ഹാസന്‍ ജില്ലകളിലെ ചില മേഖലകളിലും ഇന്റര്‍നെറ്റ് നിരോധനമുണ്ട്