പി.ചിദംബരത്തെ ഇന്ന് സി.ബി.ഐ കോടതിയില്‍ ഹാജരാക്കും
സി.ബി.ഐ ആസ്ഥാനത്ത് രാത്രി തന്നെ ചിദബംരത്തെ എത്തിച്ചു. അറസ്റ്റിന് ശേഷം സി.ബി.ഐ ആസ്ഥാനത്ത് വെച്ചുതന്നെ ചിദംബരത്തിന്റെ വൈദ്യപരിശോധന ഉള്‍പ്പെടെ നടത്തി.
ഡൽഹി :ഐ.എന്‍.എക്സ് മീഡിയ കേസില്‍ അറസ്റ്റിലായ പി.ചിദംബരത്തെ ഇന്ന് സി.ബി.ഐ കോടതിയില്‍ ഹാജരാക്കും . വൈദ്യ പരിശേോധന പൂര്‍ത്തിയായി. അത്യധികം നാടകീയ രംഗങ്ങള്‍ക്കൊടുവിലായിരുന്നു ചിദംബരത്തെ അറസ്റ്റ്ചെയ്തത്. എ.ഐ.സി.സി ആസ്ഥാനത്ത് മുതിര്‍ന്ന നേതാക്കള്‍ക്കൊപ്പം വാര്‍ത്താസമ്മേളനം നടത്തിയ ശേഷം വീട്ടിലെത്തിയ ചിദംബരത്തെ പിന്തുടര്‍ന്നെത്തിയാണ് സി.ബി.ഐ അറസ്റ്റ് ചെയ്തത്. മതില്‍ ചാടിക്കടന്നായിരുന്നു സി.ബി.ഐ ചിദംബരത്തിന്റെ വസതിയില്‍ കയറിയത്. സി.ബി.ഐ ആസ്ഥാനത്ത് രാത്രി തന്നെ ചിദബംരത്തെ എത്തിച്ചു. അറസ്റ്റിന് ശേഷം സി.ബി.ഐ ആസ്ഥാനത്ത് വെച്ചുതന്നെ ചിദംബരത്തിന്റെ വൈദ്യപരിശോധന ഉള്‍പ്പെടെ നടത്തി. സി.ബി.ഐ ഡയറക്ടര്‍ ആര്‍. കെ ശുക്ല ജോയിന്റ് ഡയറക്ടര്‍ അമിത് കുമാര്‍ എന്നിവരും രാത്രി തന്നെ സി.ബി.ഐ ആസ്ഥാനത്ത് എത്തിയിരുന്നു.
എന്താണ് ഐഎന്‍എക്സ് മീഡിയ അഴിമതി?
2007ല്‍ പി ചിദംബരം ധനമന്ത്രിയായിരുന്ന കാലത്ത് ഐഎന്‍എക്സ് മീഡിയ വേണ്ടി ചട്ടങ്ങള്‍ മറികടന്ന് 305 കോടി രൂപയുടെ വിദേശനിക്ഷേപം സ്വീകരിച്ചതാണ് കേസിന് ആധാരമായ സംഭവം. വിദേശ നിക്ഷേപ പ്രോത്സാഹന ബോര്‍ഡിന്‍റെ ചട്ടപ്രകാരം 4.62 കോടി രൂപ വിദേശനിക്ഷേപം സ്വീകരിക്കാനേ കമ്പനിക്ക് അര്‍ഹതയുണ്ടായിരുള്ളൂ.
വിദേശ നിക്ഷേപ പ്രോത്സാഹന ബോർഡിന് ഐഎന്‍എക്സ് മീഡിയ അപേക്ഷ നല്‍കുകയും ധനകാര്യമന്ത്രാലയം ചട്ടങ്ങള്‍ മറികടന്ന് ഇതിന് അംഗീകാരം നല്കുകയുമായിരുന്നു. ഇന്ദ്രാണി മുഖര്‍ജിയും ഭര്‍ത്താവ് പീറ്റര്‍ മുഖര്‍ജിയും ആയിരുന്നു ഐഎന്‍എക്സ് മീഡിയയുടെ ഉടമകള്‍. ഇവര്‍ക്കുപുറമേ ചിദംബരത്തിന്‍റെ മകന്‍ കാര്‍ത്തി ചിംദബരവും കേസില്‍ പ്രതിയാണ്.
കേസിന്‍റെ നാള്‍വഴി…
2017 മേയ് 15: വിദേശത്തുനിന്ന് നിയമവിരുദ്ധമായി 305 കോടിയുടെ നിക്ഷേപം സ്വീകരിച്ചതിന് ഐഎന്‍എക്സ് മീഡിയയ്ക്കെതിരെ സി.ബി.ഐ കേസെടുത്തു.
2017 മേയ് 16: പി.ചിദംബരത്തിന്‍റേയും മകന്‍ കാര്‍ത്തി ചിദംബരത്തിന്‍റേയും ചെന്നൈയിലെ വീടുകളിലും ഓഫീസുകളിലും സി.ബി.ഐ റെയ്ഡ്.
2017 ജൂണ്‍ 16: കാര്‍ത്തി ചിദംബരത്തിനെതിരെ ലുക്കൗട്ട് നോട്ടീസ്.
2017 ഓഗസ്റ്റ് 10: കാര്‍ത്തിക്കെതിരായ ലുക്കൗട്ട് നോട്ടീസ് മദ്രാസ് ഹൈക്കോടതി സ്റ്റേ ചെയ്തു.
2017 ഓഗസ്റ്റ് 14: മദ്രാസ് ഹൈക്കോടതിയുടെ നടപടി സുപ്രീംകോടതി സ്റ്റേ ചെയ്തു.
2017 ഓഗസ്റ്റ് 18: ഓഗസ്റ്റ് 23-നു മുമ്പ് സി.ബി.ഐക്കു മുന്നില്‍ ഹാജരാകാന്‍ കാര്‍ത്തി ചിദംബരത്തിന് സുപ്രീംകോടതിയുടെ നിര്‍ദേശം.
2017 സെപ്റ്റംബര്‍ 22: വിദേശത്തെ ബാങ്ക് അക്കൗണ്ടുകള്‍ ഇല്ലാതാക്കാന്‍ സാധ്യതയുളളതിനാല്‍ കാര്‍ത്തിയുടെ വിദേശയാത്രകള്‍ സി.ബി.ഐ തടഞ്ഞു.
2017 ഒക്ടോബര്‍ 09: മകളുടെ വിദ്യാഭ്യാസ ആവശ്യത്തിനായി ബ്രിട്ടനില്‍ പോകാന്‍ അനുമതി തേടി കാര്‍ത്തി സുപ്രീംകോടതിയെ സമീപിച്ചു.
2017 നവംബര്‍ 20: ബ്രിട്ടനില്‍ പോകാന്‍ കാര്‍ത്തിക്ക് സുപ്രീംകോടതിയുടെ അനുമതി
2018 ഫെബ്രുവരി 16: കാര്‍ത്തി ചിദംബരത്തിന്‍റെ ചാര്‍ട്ടേഡ് അക്കൗണ്ടന്‍റിനെ സിബിഐ അറസ്റ്റു ചെയ്തു.
2018 ഫെബ്രുവരി 28: കാര്‍ത്തി ചിദംബരത്തെ ചെന്നൈ വിമാനത്താവളത്തില്‍ നിന്ന് അറസ്റ്റു ചെയ്തു.
2018 മാര്‍ച്ച് 01: കാര്‍ത്തി ചിദംബരത്തെ മാര്‍ച്ച്ആറ് വരെ സിബിഐ കസ്റ്റഡിയില്‍ വിടാന്‍ കോടതി ഉത്തരവ്.
2018 മാര്‍ച്ച് 12: കാര്‍ത്തിയെ തിഹാര്‍ ജയിലിലാക്കി.
2018 മാര്‍ച്ച് 23: കാര്‍ത്തി ചിദംബരത്തിന് ജാമ്യം അനുവദിച്ചു.
2018 മേയ് 30: അഴിമതിക്കേസില്‍ മുന്‍കൂര്‍ ജാമ്യം തേടി പി.ചിദംബരം ഡല്‍ഹി ഹൈക്കോടതിയെ സമീപിച്ചു.
2018 ജൂണ്‍ 01: ചോദ്യം ചെയ്യലിന് ഹാജരാകാന്‍ പി.ചിദംബരത്തിന് സി.ബി.ഐയുടെ നിര്‍ദ്ദേശം.
2018 ജൂലൈ 23: എന്‍ഫോഴ്സ്മെന്‍റ് കേസില്‍ ജാമ്യം തേടി ചിദംബരം വീണ്ടും ഡല്‍ഹി ഹൈക്കോടതിയില്‍.
2018 ജൂലൈ 23: ചിദംബരത്തിനെതിരായ രണ്ടു കേസുകളിലും അറസ്റ്റ് തടഞ്ഞുകൊണ്ട് ഹൈക്കോടതി ഉത്തരവ്.