ചിക്കാഗോയിലെ പ്രമുഖ അറ്റോര്‍ണി വാഹനമിടിച്ചു മരിച്ചു
നിരപരാധികളായ നിരവധിപേര്‍ക്ക് ജയില്‍ വിമോചനം നേടികൊടുത്ത ചിക്കാഗോയിലെ പ്രമുഖ അറ്റോര്‍ണി കേരണ്‍ എല്‍ ഡാനിയേല്‍ വീടിന് സമീപം പ്രഭാത നടത്തത്തിനിടയില്‍ നിയന്ത്രണം വിട്ട പിക്അപ് ട്രക്കിടിച്ചു മരിച്ചു.
ഓക്ക്പാര്‍ക്ക് (ചിക്കാഗോ): നിരപരാധികളായ നിരവധിപേര്‍ക്ക് ജയില്‍ വിമോചനം നേടികൊടുത്ത ചിക്കാഗോയിലെ പ്രമുഖ അറ്റോര്‍ണി കേരണ്‍ എല്‍ ഡാനിയേല്‍ വീടിന് സമീപം പ്രഭാത നടത്തത്തിനിടയില്‍ നിയന്ത്രണം വിട്ട പിക്അപ് ട്രക്കിടിച്ചു മരിച്ചു. 62 വയസ്സായിരുന്നു പ്രായം.
ഡിസംബര്‍ 26 വ്യാഴാഴ്ച രാവിലെ ഓക്ക് പാര്‍ക്കിന് സമീപം നായയുമൊത്ത് പ്രഭാത സവാരിക്കിറങ്ങിയതായിരുന്ന കേരണ്‍ സംഭവ സ്ഥലത്തുവെച്ച് തന്നെ മരണം സംഭവിച്ചതായി ഓക്ക്പാര്‍ക്ക് പോലീസും, കുക്ക് കൗണ്ടി മെഡിക്കല്‍ എക്‌സാമിനേഴ്‌സ് ഓഫീസും സ്ഥിരീകരിച്ചു.
അമിത വേഗതയില്‍ വാഹനം ഓടിച്ചതിനും, വഴിയാത്രക്കാരെ കണ്ടിട്ടും നിറുത്താതെ പോയതിന് ട്രക്ക് ഡ്രൈവര്‍ക്ക് പോലീസ് ടിക്കറ്റ് നല്‍കി. ഡ്രൈവര്‍ മദ്യപിച്ചിട്ടില്ലായിരുന്നുവെന്ന് പരിശോധനകളില്‍ നിന്നും തെളിഞ്ഞതായും പോലീസ് പറഞ്ഞു.
ചെയ്യാത്ത കൊലപാതക കുറ്റം ചുമത്തി ജയിലില്‍ ശിക്ഷ അനുഭവിക്കുന്നവരുടെ മോചനത്തിനായി ശക്തമായി വാദിച്ചിരുന്ന അറ്റോര്‍ണിയായിരുന്നു കേരണ്‍. ഏകദേശം 20ല്‍ പരം തടവുകാരെ മോചനത്തിന് ഇവര്‍ വഴിയൊരുക്കിയിരുന്നു.