സെക്രട്ടേറിയറ്റില്‍ എന്‍ഐഎ ചെന്നത് അതീവഗുരുതരമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സമ്പൂര്‍ണ ലോക്ഡൗണ്‍ വേണ്ട

എന്‍ഐഎ സെക്രട്ടറിയേറ്റിലേക്കെത്തിയത് അപമാനമാണ്. ഇന്ത്യയില്‍ ഇതുവരെ ഇങ്ങനെ സംഭവിച്ചിട്ടില്ല," ചെന്നിത്തല പറഞ്ഞു

0

തിരുവനതപുരം : സെക്രട്ടേറിയറ്റില്‍ എന്‍ഐഎ ചെന്നത് അതീവഗുരുതരമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. എന്നിട്ടും ഒന്നും സംഭവിച്ചില്ലെന്നതാണ് മുഖ്യമന്ത്രിയുടെ നിലപാട്. . മുഖ്യമന്ത്രിക്ക് മാന്യമായി രാജിവയ്ക്കാന്‍ അവസരമാണിത്. മുഖ്യമന്ത്രിയെ ചോദ്യം ചെയ്താലേ രാജിവയ്ക്കൂ എന്നാണോ നിലപാടെന്നും ചെന്നിത്തല ചോദിച്ചു. അസാധാരണ കാര്യങ്ങളാണ് കേരളത്തില്‍ നടക്കുന്നതെന്നും മുഖ്യമന്ത്രി ജനങ്ങളെ വെല്ലുവിളിക്കുകയാണെന്നും ചെന്നിത്തല പറഞ്ഞു.

“എന്‍ഐഎ സെക്രട്ടറിയേറ്റിലേക്കെത്തിയത് അപമാനമാണ്. ഇന്ത്യയില്‍ ഇതുവരെ ഇങ്ങനെ സംഭവിച്ചിട്ടില്ല,” ചെന്നിത്തല പറഞ്ഞു. എല്‍ഡിഎഫിലെ കക്ഷികള്‍ എന്താണ് വിഷയത്തില്‍ ഇതുവരെ പ്രതികരിക്കാത്തതെന്നും അദ്ദേഹം ചോദിച്ചു.ചീഫ് സെക്രട്ടറിയുടെ അന്വേഷണത്തില്‍ വിശ്വാസമില്ല, സിബിഐ വേണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.

പ്രിന്‍സിപ്പല്‍ സെക്രട്ടറിയായിരുന്ന ശിവശങ്കരനില്‍ നിന്ന് ഇത്രയും നീചമായ പെരുമാറ്റമുണ്ടായിട്ടും അതിനെയെല്ലാം മഹത്വവത്കരിക്കാന്‍ ശ്രമിക്കുന്നത് മാന്യമല്ല. ശിവശങ്കരനെ ആദ്യം മുതല്‍ ന്യായീകരിക്കാന്‍ ശ്രമിക്കുകയാണ്. നാലു വര്‍ഷമായി മുഖ്യമന്ത്രിയുടെ ഓഫീസിനെ നിയന്ത്രിക്കുന്ന ശിവശങ്കറിനു നേരെ ഗുരുതരമായ ആരോപണം വന്നപ്പോള്‍ ന്യായീകരിക്കുന്ന നിലപാടാണ് മുഖ്യമന്ത്രി സ്വീകരിച്ചത്്. ഗത്യന്തരമില്ലാതെ വന്നപ്പോഴാണ് സസ്‌പെന്റു ചെയ്തത്.

മുഖ്യമന്ത്രിയുടെ നിയന്ത്രണത്തിലുള്ള ആഭ്യന്തര വകുപ്പ് തുടക്കം മുതല്‍ പ്രതികളെ സഹായിച്ചു. സംരക്ഷിച്ചു. കുറ്റവാളികളെ കണ്ടെത്തുന്നതില്‍ എന്തു ജോലിയാണ് കേരള പോലീസ് ഇക്കാര്യത്തില്‍ ചെയ്തത്. കുറ്റവാളികള്‍ക്ക് ബംഗലൂരു വരെ പോകാന്‍ സൗകര്യമൊരുക്കിയത് കേരള പോലീസ് അല്ലേ.സര്‍ക്കാര്‍ എംബ്ലം ദുരുപയോഗിച്ചതില്‍ എന്തെങ്കിലും നടപടി പോലീസ് സ്വീകരിച്ചോ. വിമാനത്താവളത്തിനു പുറത്ത് സ്വര്‍ണം കൊണ്ടുവന്നാല്‍ പിടിക്കേണ്ട പോലീസ്, ഒരു കാലത്തും ഒരു നടപടിയും സ്വീകരിച്ചിട്ടില്ല. പോലീസ് തുടക്കം മുതല്‍ പ്രതികളെ സഹായിക്കുകയും സംരക്ഷിക്കുകയും ചെയ്തത്. മുഖ്യമന്ത്രിയുടെ അറിവോടുകൂടിയാണ് ആഭ്യന്തര വകുപ്പ് നിഷ്‌ക്രീയമായിരുന്നത്.

കണ്‍സള്‍ട്ടന്‍സി നിയമനത്തിലെ അപാകതകള്‍ പുറത്തുവന്നുകൊണ്ടിരിക്കുകയാണ്. അഴിമതികളില്‍ പ്രതിപക്ഷം ആവശ്യപ്പെട്ട ഒരു അന്വേഷണം നടത്തിയിട്ടില്ല. കേരളത്തില്‍ കണ്‍സള്‍ട്ടന്‍സികളെ തട്ടിയിട്ട് നടക്കാന്‍ കഴിയാത്ത അവസ്ഥയായി. ഈ കണ്‍സള്‍ട്ടന്‍സികളുടെ റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തില്‍ ഏതെങ്കിലുമൊരു പദ്ധതി തുടങ്ങിവയ്ക്കാന്‍ സര്‍ക്കാരിന് കഴിഞ്ഞോ എന്ന് വ്യക്തമാക്കണം. കരാര്‍ നിയമനങ്ങളിലെല്ലാം ഗുരുതരമായ അഴിമതിയുണ്ട്. അതില്‍ സി.ബി.ഐ അന്വേഷണം വേണമെന്നതില്‍ ഉറച്ചുനില്‍ക്കുകയാണെന്നും ചെന്നിത്തല പറഞ്ഞു

അതേസമയം, കേരളത്തിൽ സമ്പൂർണ ലോക്ഡൗൺ നടപ്പാക്കാനാവില്ലെന്ന് രമേശ് ചെന്നിത്തല. ഇത് ഗുരുതര പ്രത്യാഘാതമുണ്ടാക്കും. അനിവാര്യമായ സ്ഥലത്ത് ട്രിപ്പില്‍ ലോക്ഡൗണ്‍ ആകാമെന്നും ചെന്നിത്തല പറഞ്ഞു.

You might also like

-