സ്വർണ്ണക്കടത്തു കേസിൽ മുഖ്യമന്ത്രി രാജിവച്ചു സി ബി ഐ അന്വേഷണം നേരിടണമെന്ന് രമേശ് ചെന്നിത്തല
കഴിഞ്ഞ നാലര വര്‍ഷക്കാലം കേരളത്തിന്റെ പൊതുസ്വത്ത് കൊള്ളയടിച്ച് നാടിനെ മുടിച്ച ഒരു മുഖ്യമന്ത്രിക്ക് കൂട്ടുനിന്ന പ്രിന്‍സിപ്പല്‍ സെക്രട്ടറിയെയാണ് ഇന്നലെ പുറത്താക്കിയത്
തിരുവനന്തപുരം :സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിക്കെതിരെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മുഖ്യമന്ത്രി രാജിവയ്ക്കണമെന്ന് പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു. കഴിഞ്ഞ നാലര വര്‍ഷക്കാലം കേരളത്തിന്റെ പൊതുസ്വത്ത് കൊള്ളയടിച്ച് നാടിനെ മുടിച്ച ഒരു മുഖ്യമന്ത്രിക്ക് കൂട്ടുനിന്ന പ്രിന്‍സിപ്പല്‍ സെക്രട്ടറിയെയാണ് ഇന്നലെ പുറത്താക്കിയത്. മുഖ്യമന്ത്രിക്ക് ഈ ഉദ്യോഗസ്ഥനുമായുള്ള ബന്ധം വലുതാണ്. മുഖ്യമന്ത്രി കണ്ണടച്ച് പാലുകുടിക്കുകയായിരുന്നുവെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
സ്വര്‍ണക്കടത്ത് കേസില്‍ കസ്റ്റംസ് അന്വേഷിക്കുന്ന സ്വപ്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥയല്ലെന്നാണ് ഇന്നലെ മുഖ്യമന്ത്രി പറഞ്ഞത്. മുഖ്യമന്ത്രിയുടെ വകുപ്പായ സയന്‍സ് ആന്‍ഡ് ടെക്‌നോളജി വകുപ്പിലെ ഓഫീസിലാണ് ഇവര്‍ ജോലി ചെയ്തിരുന്നത്. സര്‍ക്കാരുമായി അടുത്ത ബന്ധമാണ് ഇവര്‍ക്കുള്ളത്. തിരുവനന്തപുരത്തെ ഹോട്ടലില്‍ നടന്ന പരിപാടിയുടെ മുഖ്യ സംഘാടക ഇവരായിരുന്നു. സംസ്ഥാന സര്‍ക്കാര്‍ നടത്തിയ സ്‌പെയ്‌സ് കോണ്‍ഫറന്‍സിന്റെ നടത്തിപ്പിന്റെ മേല്‍നോട്ടം സ്വപ്‌നയ്ക്കായിരുന്നു.